തിരുവനന്തപുരം : ശബരിമലയിൽ കോടതിവിധി നടപ്പാക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവർത്തിക്കുമ്പോഴും ഇതേപ്പറ്റി ചർച്ചചെയ്യണമെന്ന തീരുമാനത്തിനുപിന്നിൽ സമവായതന്ത്രം തന്നെ. വിശ്വാസികളുടെ ആശങ്കമാറ്റണമെന്ന തലത്തിലേക്ക് പാർട്ടിയും സർക്കാരും എത്തിയതും തന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവുന്നതും പ്രതിഷേധത്തിന്റെ ചൂടുകുറയ്ക്കാമെന്ന വിശ്വാസത്തിലാണ്. സമവായമല്ല, വിധിനടപ്പാക്കുന്നതാണ് ചർച്ചാവിഷയമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ശനിയാഴ്ചയും ആവർത്തിച്ചു. വിധി നടപ്പാക്കേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്നും മറ്റുപോംവഴികളില്ലെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ആചാരങ്ങളിൽ തന്ത്രിമാർ ഉറച്ചുനിൽക്കുമ്പോൾ ചർച്ചയുടെ ഫലം എന്താകുമെന്ന് പറയാനാവില്ല. എന്നാലും എല്ലാവരുമായും ആലോചിക്കണമെന്ന പാർട്ടിയുടെ നിർദേശവും രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യവും പരിഗണിച്ചു എന്ന് ബോധ്യപ്പെടുത്താനാവും.സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ലെന്ന് ഉറപ്പിച്ച സ്ഥിതിക്ക് കോടതിയോട് സാവകാശം തേടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതും സർക്കാരോ ദേവസ്വംബോർഡോ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇപ്പോഴത്തെനിലയിൽ സർക്കാർ തീരുമാനത്തിന് വിരുദ്ധമായ നിലപാട് എടുക്കാൻ ദേവസ്വംബോർഡിനാകില്ല. അനുസരിക്കാനേ പറ്റൂ.വിധിക്കെതിരേയുള്ള പ്രതിഷേധം ഇപ്പോൾ സർക്കാരിനെതിരേ തിരിഞ്ഞതാണ് കടുംപിടിത്തത്തിലായിരുന്ന സർക്കാരിനെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്. കോൺഗ്രസും ബി.ജെ.പി.യും ഹിന്ദുസംഘടനകളും ഒന്നിച്ചതും സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്. ചർച്ചയാകാമെന്ന് ആദ്യം പാർട്ടിയെയും തുടർന്ന് സർക്കാരിനെയും പ്രേരിപ്പിച്ചത് ഈ ഒന്നിക്കലാണ്.കേന്ദ്രസർക്കാരിന് ഇതിൽ ഇടപെടാൻ പ്രായോഗികപ്രശ്‌നങ്ങൾ ഉള്ളതിനാൽ സംസ്ഥാനം മുൻകൈയെടുക്കണമെന്നാണ് ബി.ജെ.പി.യുടെ ആവശ്യം. വിധി നടപ്പാക്കാൻ കിട്ടുന്ന സാവകാശം പ്രയോജനപ്പെടുത്താം. ഹർജി കൊടുത്താൽ സർക്കാരിനൊപ്പം നിൽക്കാമെന്നാണ് ബി.ജെ.പി. പറയുന്നത്. സർക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങളിൽ നല്ല ഉദ്ദേശ്യമില്ലെന്ന് പാർട്ടി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള കുറ്റപ്പെടത്തുകയും ചെയ്യുന്നു.യുദ്ധംചെയ്ത് കോടതിവിധി നടപ്പാക്കാനില്ലെന്നു പറയുന്ന കോടിയേരിക്ക് ഭക്തരുടെ ആശങ്കമാറ്റണമെന്ന് അഭിപ്രായമുണ്ട്. സുന്നിവിഭാഗങ്ങളുടെ പള്ളികളിൽ ഉൾപ്പടെ ഒരിടത്തും വിവേചനം പാടില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകൾ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കുകയെന്ന ലക്ഷ്യത്തിലുള്ളതാണ്. ആശയവിനിമയത്തിലൂടെ പ്രശ്നപരിഹാരം ആഗ്രഹിക്കുന്നു എന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശനിയാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചത്. ചർച്ചയിൽ തീരാവുന്ന കാര്യങ്ങളേയുള്ളൂവെന്നും ദേവസ്വംബോർഡ് പ്രസിഡന്റ് എന്നനിലയിൽ താൻ രാഷ്ട്രീയ മുതലെടുപ്പിനില്ലെന്നുമാണ് എ. പദ്മകുമാറും പറഞ്ഞു. സർക്കാരിന്റെയും മന്ത്രിയുടെയും ബോർഡ് പ്രസിഡന്റിന്റെയുമൊക്കെ വാക്കുകൾ വ്യക്തമാകുന്നത് ചർച്ചയിലൂടെ, സമവായത്തിലൂടെ പരിഹാരമെന്നാണ്. എന്നാൽ, ബോർഡ് ആസ്ഥാനത്തും പുറത്തും സർക്കാരിനും ബോർഡിനുമെതിരേ പ്രതിഷേധം ശക്തിപ്രാപിക്കുന്നതാണ് ശനിയാഴ്ചയും കണ്ടത്.
from mathrubhumi.latestnews.rssfeed https://ift.tt/2yl6dOf
via
IFTTT
No comments:
Post a Comment