തിരുവനന്തപുരം: അറബിക്കടലിൽ മിനിക്കോയി ദ്വീപിന് പടിഞ്ഞാറായി വെള്ളിയാഴ്ച ന്യൂനമർദം രൂപംകൊള്ളുന്നതിന് സാഹചര്യങ്ങൾ ഒരുങ്ങിയതായി കാലാവസ്ഥാ വകുപ്പ്. അടുത്ത 36 മണിക്കൂറിനുള്ളിൽ ഇത് ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറേക്ക് നീങ്ങും. എട്ടാം തീയതിയോടെ ഇത് ചുഴലിക്കാറ്റായി ഒമാൻ തീരത്തേക്ക് പോകും. ഇതിന്റെ സ്വാധീനംകാരണം കേരളത്തിൽ തിങ്കളാഴ്ചവരെ അതിശക്തമായ മഴയുണ്ടാകും. ഞായറാഴ്ച അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ച മുതൽ മണിക്കൂറിൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനടുത്തായി മറ്റൊരു അന്തരീക്ഷച്ചുഴിയും രൂപം കൊണ്ടിട്ടുണ്ട്. ഇതും എട്ടാംതീയതിയോടെ ന്യൂനമർദമായി മാറാനുള്ള സാധ്യതയുണ്ട്. ഇവ രണ്ടിന്റെയും സ്വാധീനഫലമായി പലയിടങ്ങളിലും മഴ കൂടുതലായി പെയ്യുന്നുണ്ട്. ഞായറാഴ്ച ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ അതിജാഗ്രതാ നിർദേശമായി റെഡ് അലർട്ട് പ്രഖ്യാപിച്ചത് പിൻവലിച്ചു. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇടുക്കിയിലും മലപ്പുറത്തുമാണ് റെഡ് അലർട്ട്. ഇടുക്കിയിൽ വെള്ളിയാഴ്ചയും തിങ്കളാഴ്ചയും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്ട് തിങ്കളാഴ്ചയും ഓറഞ്ച് അലർട്ട് നൽകി. വെള്ളിയാഴ്ചമുതൽ കടൽ അങ്ങേയറ്റം പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തത്തിന് പോകുന്നതിന് വിലക്കുണ്ട്. മത്സ്യത്തൊഴിലാളികളോട് തിരികെയെത്താനും ആവശ്യപ്പെട്ടു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഞായറാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ലക്ഷദ്വീപിൽ ശനിയാഴ്ച റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. അതിതീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാൽ ഇടുക്കി അണക്കെട്ട് ഉൾപ്പെടെ വീണ്ടും തുറക്കാൻ തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ തോതിൽ വെള്ളമൊഴുക്കിവിടാനാണ് ധാരണ. പ്രളയകാലത്തുണ്ടായപോലെ അടിയന്തരമായി അണക്കെട്ടുകൾ തുറക്കേണ്ടിവരുന്നത് ഒഴിവാക്കാനാണ് ഈ മുൻകരുതൽ. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ശക്തമായ മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ പല ജില്ലകളിലും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയേറെയാണെന്ന് വിദഗ്ധർ. കേരളത്തെ മുഴുവൻ ബാധിച്ച ഒരു പ്രളയം കടന്നുപോയതിനാൽ പ്രകൃതിക്ക് കാലാവസ്ഥാമാറ്റങ്ങൾ താങ്ങാനുള്ള ശേഷി കുറവാണ്. പലയിടങ്ങളിലും പ്രളയത്തിന് ശേഷം ഭൂമി വിണ്ടുകീറി. 20 ഡിഗ്രിയിൽ കൂടുതൽ ചെരിവുള്ള കുന്നുകളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്നവർ അതിജാഗ്രത പുലർത്തണമെന്നും കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല റഡാർ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. എം.ജി. മനോജ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2xZIC6b
via
IFTTT
No comments:
Post a Comment