ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കെതിരേ വിശാലസഖ്യം പടുത്തുയർത്താനുള്ള കോൺഗ്രസ് ശ്രമം പ്രാവർത്തികമാകുന്നതിന് പ്രായോഗിക വെല്ലുവിളികളേറെ. ബി.ജെ.പി.യ്ക്കും മോദിക്കുമെതിരേ സംയുക്ത പ്രതിപക്ഷം എന്നതിന് ആശയതലത്തിൽ വലിയ പിന്തുണ കിട്ടിയിട്ടുണ്ടെങ്കിലും നിലനിൽക്കുന്ന രാഷ്ട്രീയസാഹചര്യങ്ങൾ അനുകൂലമല്ല. വ്യത്യസ്ത രാഷ്ട്രീയതാത്പര്യങ്ങൾ പുലർത്തുന്ന പ്രാദേശിക പാർട്ടികളുമായിച്ചേർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിശാലസഖ്യം രൂപപ്പെടുത്താൻ കോൺഗ്രസ് ഏറെ വിട്ടുവീഴ്ചകൾക്ക് തയ്യാറാകേണ്ടിവരും.ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പുള്ള സെമിഫൈനലായി കണക്കാക്കപ്പെടുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാനാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തെലങ്കാനയിലൊഴിച്ച് ഈ വിശാലസഖ്യശ്രമങ്ങൾ എവിടെയും എത്തിയിട്ടില്ല. മൂന്നു വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലും സഖ്യപ്രതീക്ഷ കോൺഗ്രസ് കൈവിട്ടുകഴിഞ്ഞു. ബി.എസ്.പി. നേതാവ് മായാവതിയാണ് കോൺഗ്രസിന്റെ സഖ്യസ്വപ്നങ്ങൾ തകർത്തത്.മധ്യപ്രദേശിൽ 6.3 ശതമാനംവരെ വോട്ടുനേടിയ ചരിത്രമുള്ള ബി.എസ്.പി.യുമായുള്ള സഖ്യം കോൺഗ്രസിന് ഏറെ ആവശ്യമായിരുന്നു. എന്നാൽ, സ്വന്തംനിലയിൽ ഭാവിയിൽ വളർച്ചസാധ്യതയുള്ള സംസ്ഥാനത്ത് സഖ്യം കോൺഗ്രസിന് മാത്രമായിരിക്കും പ്രയോജനകരമാകുകയെന്ന് മായാവതി കരുതുന്നു. ഇതാണ് മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസുമായി സഖ്യമില്ലെന്ന് പ്രഖ്യാപിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ബി.എസ്.പി.ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിർണായകമായ ഉത്തർപ്രദേശിൽ രാഷ്ട്രീയവൈരികളായ സമാജ്‌വാദി പാർട്ടിയുമായി (എസ്.പി.) സഖ്യത്തിന് ബി.എസ്.പി. ഏറക്കുറെ തീരുമാനിച്ചുകഴിഞ്ഞു. അവിടെ വലിയശക്തിയില്ലാത്ത കോൺഗ്രസിനെ സഖ്യത്തിന്റെ ഭാഗമാക്കുന്നതിൽ മായാവതി എതിർപ്പുപ്രകടിപ്പിച്ചേക്കില്ല. സഖ്യങ്ങൾ നിലനിർത്താൻ കോൺഗ്രസ് കൂടുതൽ വിശാലമനസ്കത കാട്ടണമെന്ന് എസ്.പി. നേതാവ് അഖിലേഷ് യാദവ് പറഞ്ഞതും ശ്രദ്ധേയമാണ്. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ സഖ്യങ്ങൾ തങ്ങളേക്കാൾ കോൺഗ്രസിനാണ് ഏറെ ആവശ്യമെന്ന് ഈ പ്രാദേശിക പാർട്ടികൾക്കറിയാം. കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങളുടെ താത്പര്യക്കുറവും വിശാലസഖ്യശ്രമങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് വ്യക്തമാക്കിയത് ഇതിനുദാഹരണമാണ്. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂലിനൊപ്പം ചേരണമോ അതോ സി.പി.എമ്മുമായി ചേർന്ന് മത്സരിക്കണമോ എന്നകാര്യത്തിൽ പി.സി.സി. നേതൃത്വംതന്നെ രണ്ടുതട്ടിലാണ്. ബിഹാറിൽ ആർ.ജെ.ഡി.യുമായി ചേർന്നുള്ള സഖ്യമാണ് പാർട്ടിയുടെ പ്രതീക്ഷ. തെലങ്കാനയിൽ തെലുഗുദേശവും സി.പി.ഐ.യുമായി ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.ആർ.എസിനെ നേരിടാനാണ് കോൺഗ്രസ് തീരുമാനം. തെലങ്കാനയിലെ ടി.ഡി.പി. സഖ്യം ആന്ധ്രാപ്രദേശിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. കോൺഗ്രസ് സംഘടനാപരമായി ദുർബലമായ ആന്ധ്രയിൽ വൈ.എസ്.ആർ. കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യതകൾ കുറവാണെന്ന് പാർട്ടി കരുതുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PcqAEx
via
IFTTT
No comments:
Post a Comment