തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ വിശ്വാസം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വംബോർഡ് ഒരുങ്ങുന്നു. കോടതിയിൽ സമർപ്പിക്കപ്പെട്ട എല്ലാ പുനഃപരിശോധനാ ഹർജികളിലും ദേവസ്വംബോർഡ് കക്ഷിയാണ്. അതിനാൽ പ്രത്യേകിച്ച് പുനഃപരിശോധനാ ഹർജി നൽകാതെ റിട്ട് ഹർജിയിലൂടെ വിഷയം സുപ്രീംകോടതിക്കു മുമ്പിൽ എത്തിക്കുന്നതിന്റെ സാധ്യതയാണ് ആരായുന്നത്. റിപ്പോർട്ട് സമർപ്പിക്കും മുമ്പ് ഡൽഹിയിലുള്ള നിയമവിദഗ്ധരുടെ സംഘവുമായി ബോർഡ് ചർച്ച നടത്തും. ചൊവ്വാഴ്ച രാവിലെ 11-ന് ചേരുന്ന ദേവസ്വംബോർഡ് യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. ശബരിമലയിലെ ഗുരുതര പ്രതിസന്ധി വിവരിക്കുന്ന റിപ്പോർട്ടിൽ തന്ത്രിമാരുടെയും പന്തളം രാജകുടുംബത്തിന്റെ അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. സുപ്രീംകോടതിവിധി നടപ്പാക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചാൽ കോടതിയലക്ഷ്യത്തിനു പുറമേ സർക്കാരിന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന നിയമോപദേശമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചതെന്നറിയുന്നു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച കാര്യങ്ങൾ വ്യക്തമായി പറയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. തകരാറിലായ ക്രമസമാധാനനില കോടതിയിൽ ചൂണ്ടിക്കാട്ടുന്നത് വെട്ടിലാക്കുമോയെന്ന സംശയമാണ് സർക്കാരിന്. ആൾക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് നിയമം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാരിന്റെ കഴിവുകേടായി കോടതി വിലയിരുത്തുമോയെന്നാണ് നിയമവിദഗ്ധർ ഉന്നയിച്ച ആശങ്ക. നിയമവാഴ്ചയെത്തന്നെ ചോദ്യംചെയ്യുന്നതായാൽ സർക്കാരിന്റെ നിലനിൽപ്പും ചോദ്യംചെയ്യപ്പെട്ടേക്കാം. ഈ നിയമോപദേശം ലഭിച്ചതോടെയാണ് റിപ്പോർട്ട് സമർപ്പിക്കൽ ഒരു ദിവസം കൂടി കഴിഞ്ഞാകാമെന്ന നിർദേശമുണ്ടായത്. തിങ്കളാഴ്ച ദേവസ്വംബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും സംസാരിച്ചു. കോടതിവിധി നടപ്പാക്കാമെന്ന നയമാണ് സർക്കാരിന്റേത്. എന്നാൽ, ശബരിമലയിലെ പ്രതിഷേധം കേരളം മുഴുവൻ വ്യാപിക്കുന്നുവെന്ന തിരിച്ചറിവിൽ വിശ്വാസസംരക്ഷണമെന്ന നിലപാടിലേക്ക് സർക്കാരും അയഞ്ഞതായാണ് സൂചന. ദേവസ്വംബോർഡിന് സ്വമേധയാ കേസിൽ ഇടപെടാൻ അനുമതി നൽകിയതും ഇതിന്റെ ഭാഗമായാണ്. കേസുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ദേവസ്വംബോർഡ് കമ്മിഷണർ ചൊവ്വാഴ്ച ഡൽഹിക്കു പോകും. ഈ കേസിന്റെ ചുമതല ദീർഘകാലമായി സുപ്രീംകോടതിയിൽ വഹിച്ചിരുന്ന ദേവസ്വംബോർഡിന്റെ അഭിഭാഷക ബീനാമാധവനുമായും മുമ്പ് ബോർഡിന്റെ കേസിന് സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകൻ മനു അഭിഷേക് സിങ്വിയുമായും കമ്മിഷണർ ചർച്ച നടത്തും. പുനഃപരിശോധനാ ഹർജികൾ എന്നു പരിഗണിക്കുമെന്ന് ഇന്നറിയാം ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശവിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ എന്നു പരിഗണിക്കുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച തീരുമാനിക്കും. നാഷണൽ അയ്യപ്പ ഡിവോട്ടീസ് അസോസിയേഷൻ ഫയൽ ചെയ്ത ഹർജി അടിയന്തരമായി കേൾക്കണമെന്ന് അഡ്വ. മാത്യൂസ് നെടുമ്പാറ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഇക്കാര്യം വ്യക്തമാക്കിയത്. എൻ.എസ്.എസിന്റെതും തന്ത്രികുടുംബത്തിന്റേതുമടക്കം 19 പുനഃപരിശോധനാ ഹർജികളാണ് ഫയൽ ചെയ്തിരിക്കുന്നത്. നടയടച്ചു; ഇനി നവംബർ അഞ്ചിന് തുറക്കും ശബരിമല: തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമലനട തിങ്കളാഴ്ച രാത്രി അടച്ചു. ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി സന്നിധാനത്ത് തിങ്കളാഴ്ച പന്തളം കൊട്ടാരത്തിന്റെ വിളിച്ചുചൊല്ലി പ്രായശ്ചിത്തം നടന്നു. ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇനി നവംബർ അഞ്ചിന് വൈകീട്ട് അഞ്ചിന് തുറക്കും. ആറിന് രാത്രി 10-ന് അടയ്ക്കും. വിശ്വാസം സംരക്ഷിക്കാൻ പ്രവർത്തിക്കും സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച തുടരുകയാണ്. ദേവസ്വംബോർഡ് കൃത്യമായി ഇടപെടും. വിശ്വാസം സംരക്ഷിക്കാൻ പ്രവർത്തിക്കും. കോടതിയിൽ ഏതുരീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമാകും. വിഷയത്തെ വളരെ ഗൗരവത്തോടെയാണ് ദേവസ്വംബോർഡ് കാണുന്നത്. ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. -എ. പദ്മകുമാർ, ദേവസ്വംബോർഡ് പ്രസിഡന്റ് അടുത്തനീക്കം കോടതി നടപടിക്കുശേഷം സുപ്രീംകോടതിയിലെ പുനഃപരിശോധനാ ഹർജിക്കുശേഷം ബാക്കി നടപടികൾ തീരുമാനിക്കും. ഇതിനായി ചൊവ്വാഴ്ച പന്തളത്ത് അയ്യപ്പധർമ സംരക്ഷണ സമിതിയുടെയും ആചാര സംരക്ഷണ സമിതിയുടെയും യോഗം ചേരും. -പി.ജി. ശശികുമാർ വർമ, പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ്
from mathrubhumi.latestnews.rssfeed https://ift.tt/2yUuZFm
via
IFTTT
No comments:
Post a Comment