ദേവസ്വം ബോർഡിനും സർക്കാരിനും ഇനി വിശ്രമമില്ലാത്ത ദിനങ്ങൾ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ദേവസ്വം ബോർഡിനും സർക്കാരിനും ഇനി വിശ്രമമില്ലാത്ത ദിനങ്ങൾ

ശബരിമല: ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധി ഉണ്ടാക്കിയ വിവാദങ്ങൾക്കിടെ തുലാമാസപൂജകൾ പൂർത്തിയാക്കുമ്പോൾ സർക്കാരിനും ദേവസ്വം ബോർഡിനും മുൾമുനയിൽനിന്ന് താത്കാലിക ആശ്വാസം. പക്ഷേ, വരുംദിനങ്ങൾ അവർക്കുമുന്നിൽ കനൽവഴികൾ തന്നെ. ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്ന നവംബർ അഞ്ചും ആറുമാണ് ഇനി വെല്ലുവിളി. അതിന് മുമ്പെങ്കിലും പ്രശ്നപരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ബോർഡിനും സർക്കാരിനും എതിരേ രംഗത്തുവന്ന ഹൈന്ദവസംഘടനകൾക്കും തന്ത്രങ്ങൾ മെനയണം. സന്നിധാനത്ത് തമ്പടിച്ച് പ്രതിരോധിച്ച അവർക്ക് യുവതീപ്രവേശം സാധ്യമാകാത്തതിന്റെ സന്തോഷമുണ്ട്. കന്നിമാസത്തിലെ അവസാനദിനംമുതൽ നടതുറന്നിരുന്ന ആറ് ദിവസത്തിനിടെ 14 യുവതികളാണ് ദർശനത്തിന് പമ്പകടന്ന്, പാതി വഴിയിൽ മടങ്ങിയത്. അവസാനദിനമായ തിങ്കളാഴ്ച നാല് യുവതികൾ പമ്പയിലും ഒരാൾ തുലാപള്ളിവരെയും എത്തി മടങ്ങി. വിവിധ സംഭവങ്ങളിലായി 50 കേസുകളാണ് പമ്പ, സന്നിധാനം, നിലയ്കൽ എന്നിവിടങ്ങളിൽ എടുത്തത്. അഞ്ഞൂറോളം ആളുകളുടെ പേരിൽ കേസുണ്ട്. ആറുദിവസം പോലീസിനുമുന്നിൽ സുരക്ഷ വെല്ലുവിളികളായിരുന്നെങ്കിൽ ദേവസ്വം ബോർഡിന് ആചാരസംരക്ഷണവുമായി ബന്ധപ്പെട്ട വിമർശനമാണ് കേൾക്കേണ്ടിവന്നത്. യുവതികളെത്തിയാൽ നട അടയ്ക്കുമെന്ന തന്ത്രിയുടെ ഉറച്ച സ്വരവും അതിന് പന്തളം കൊട്ടാരം കൊടുത്ത പിന്തുണയും ബോർഡിനെ വെട്ടിലാക്കി. സംസ്ഥാന സർക്കാരും സി.പി.എമ്മും വിധിയെ പിന്തുണയ്ക്കുമ്പോൾ അതിനെ എതിർക്കാൻ കഴിയാതെ ദേവസ്വം ബോർഡ് പ്രസിഡന്റും പ്രതിസന്ധിയിലായി. വലിയ എതിർപ്പാണ് ബോർഡിന് വിശ്വാസികളിൽനിന്നും ഹൈന്ദവസംഘടനകളിൽനിന്നും നേരിടേണ്ടി വരുന്നത്. ക്ഷേത്രങ്ങളിൽ കാണിക്ക ഇനത്തിൽ വലിയ കുറവ് വരുന്നതും ബോർഡിന് വലിയ പ്രതിസന്ധിയാകും. ശബരിമല വരുമാനം കൂടി കുറയുന്നതോടെ അതിനെ ആശ്രയിക്കുന്ന ബോർഡിന്റെ മറ്റ് 1200 ക്ഷേത്രങ്ങളുടെ നിത്യപ്രവൃത്തി സ്തംഭിക്കും. ഇത്തരമൊരു സ്ഥിതിയിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ദേവസ്വം മന്ത്രിയെ ധരിപ്പിക്കേണ്ടിവരും. തന്ത്രിയും പന്തളം കൊട്ടാരവും സ്വീകരിച്ച നിലപാടിനെ ബോർഡംഗം കെ.പി. ശങ്കർദാസ് വിമർശിച്ചെങ്കിലും ഇവരുടെ സ്ഥാനത്തെ മാനിച്ചല്ലാതെ ബോർഡിന് ക്ഷേത്രനടത്തിപ്പ് പറ്റില്ല. അവർ നടത്തുന്ന പോരാട്ടത്തെ ബോർഡിന് അവഗണിക്കാൻ കഴിയില്ല. തന്ത്രിമാരെല്ലാം ഈ വിഷയത്തിൽ ഒറ്റക്കെട്ടായി താഴമൺ കുടുംബത്തിന് ഒപ്പവുമാണ്. ഏതറ്റംവരെയും പോകും ശബരിമലയിലെ നിലവിലെ പ്രതിസന്ധി തീർക്കാൻ ഏതറ്റംവരെയും പോകും. ഇതിന് സർക്കാർ, തന്ത്രിമാർ, കൊട്ടാരം എന്നിവരുമായെല്ലാം സംസാരിച്ചും നിയമപരമായും വഴിതേടും. - എ. പദ്മകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് വിശ്വാസികൾ ജയം നേടും ആചാരസംരക്ഷണത്തിൽ അന്തിമവിജയം വിശ്വാസികൾ നേടും. ഒറ്റക്കെട്ടായി മുന്നോട്ടുപോകും. പരിഹാരത്തിന് വന്ന കാലതാമസം വലിയ വീഴ്ചയാണ്. - പ്രയാർ ഗോപാലകൃഷ്ണൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്


from mathrubhumi.latestnews.rssfeed https://ift.tt/2q6xUqw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages