കീറിയ കറൻസികൾക്ക് ബാങ്കുകൾ മൂല്യംകാണാത്തതിനാൽ അക്കൗണ്ട് ഉടമകൾക്ക് വൻ നഷ്ടമുണ്ടാകുന്നതായി പരാതി. കീറിയതും കേടുവന്നതുമായ കറൻസികൾക്ക് മുഴുവൻതുകയും ലഭിക്കാൻ നോട്ടിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ 88 മുതൽ 31 ശതമാനം(2000-ത്തിന് 88 ശതമാനം വേണമെങ്കിൽ ഒരു രൂപയ്ക്ക് 31ശതമാനം മതി)വരെ ഭാഗങ്ങൾ വേണമെന്നാണ് റിസർവ് ബാങ്കിന്റെ നിർദേശം. അതിൽ താഴെയുള്ളവയ്ക്ക് പകുതി മൂല്യവുമാണ് ലഭിക്കുക. എന്നാൽ ചില ബാങ്കുകളിൽ ഇത് അളന്നുതിട്ടപ്പെടുത്തുന്ന അപാകംമൂലം നോട്ട് കൊടുക്കുന്നവർക്ക് പകുതി പണം മാത്രമേ ലഭിക്കൂ. 2000 രൂപയുടെ കേടുവന്ന നോട്ടിന് കീറൽ കഴിച്ച് 88 ശതമാനം ബാക്കിയുണ്ടെങ്കിൽ മുഴുവൻ തുകയും നൽകണം. 44 ശതമാനംമാത്രമേ ഉള്ളൂവെങ്കിൽ പകുതിയും. 500ന്റേതിന് യഥാക്രമം 80ഉം 40ഉം ആണ്. പുതിയ നൂറിന് 75-38, പഴയ നൂറിന് 92-46 എന്നിങ്ങനെയുമാണ് കണക്ക്. ഇത് തിട്ടപ്പെടുത്തുന്നതിലുള്ള അപാകമോ അറിവില്ലായ്മയോ ഒക്കെയാണ് ജനത്തിന് വിനയാകുന്നത്. കുറച്ചുഭാഗമാണ് കീറിയിട്ടുള്ളതെങ്കിലും അത് നമ്പറുള്ള ഭാഗമാണെന്നും മറ്റുമുള്ള കാരണങ്ങൾ പറഞ്ഞ് പകുതി തുകമാത്രം നൽകുകയാണെന്നാണ് ഇടപാടുകാരുടെ പരാതി. നേരത്തെ എസ്ബിഐ, എസ്ബിടി തുടങ്ങിയ പൊതുമേഖല ബാങ്കുകൾക്കുമാത്രമായിരുന്നു ഇത്തരം നോട്ട് മാറിനൽകാൻ കഴിഞ്ഞിരുന്നത്. പുതിയ നിർദേശമനുസരിച്ച് സഹകരണ ബാങ്കുകൾ ഒഴികെയുള്ള മിക്ക ഷെഡ്യൂൾഡ് ബാങ്കുകൾക്കും നോട്ടുകൾ മാറിനൽകാം.
from mathrubhumi.latestnews.rssfeed https://ift.tt/2RVbxAY
via
IFTTT
No comments:
Post a Comment