റിയാദ്: ഏഷ്യയിൽ നടന്ന ലാറ്റിനമേരിക്കൻ ക്ലാസിക്കോയിൽ വിജയം ബ്രസീലിനൊപ്പം. ഓരോ മിനിറ്റും ആവേശം നിറഞ്ഞുനിന്ന സൗഹൃദമത്സരത്തിൽ ഇഞ്ചുറിടൈമിന്റെ മൂന്നാംമിനിറ്റിൽ നേടിയ ഗോളിനാണ് ബ്രസീൽ അർജന്റീനയെ തോല്പിച്ചത് (1-0). സൂപ്പർതാരം നെയ്മറെടുത്ത കോർണർകിക്കിൽ തലവെച്ച മിറാൻഡയാണ് ബ്രസീൽ ആരാധകർ 93 മിനിറ്റ് കാത്തിരുന്ന വിജയം സമ്മാനിച്ചത്. സൗദി അറേബ്യയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലയണൽ മെസ്സി ഇല്ലാതെയിറങ്ങിയ അർജന്റീന ആദ്യപകുതിയിൽ നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ രണ്ടാംപകുതിയിൽ കളി ആവേശത്തിലെത്തി. ഗോളവസരങ്ങൾ തുറന്നുവെന്ന് മാത്രമല്ല, ഏറെ ഫൗളുകൾ പിറന്ന രണ്ടാംപകുതി ഇരുടീമുകളും ഉണർന്നുകളിച്ചു. കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നെയ്മർ അർജന്റീന ഡിഫൻഡർമാരെ കളിയിലുടനീളം വെള്ളം കുടിപ്പിച്ചു. ഒടുവിൽ നെയ്മറുടെ കാലുകളിൽനിന്ന് ഗോളിലേക്കുള്ള വഴിയും തുറന്നു. സ്റ്റെർലിങ് ഇംഗ്ളണ്ട് സെവിയ: സ്പാനിഷ് കരുത്തിനെ യുവവീര്യത്തിൽ മറികടന്ന് ഇംഗ്ലണ്ട്. യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ 3-2 നാണ് ഇംഗ്ലണ്ട് സ്പെയിനെ അട്ടിമറിച്ചത്. റഹീം സ്റ്റെർലിങ് (16, 38) ഇംഗ്ലീഷ് ടീമിനായി ഇരട്ടഗോൾ നേടി. മർക്കസ് റാഷ്ഫോഡും (29) സ്കോർ ചെയ്തു. പകരക്കാരൻ പാക്കോ അൽക്കാസർ (58), നായകൻ സെർജിയോ റാമോസ് (90) എന്നിവർ സ്പെയിനായി ലക്ഷ്യം കണ്ടു. തോറ്റെങ്കിലും മൂന്ന് കളിയിൽനിന്ന് ആറ്് പോയന്റോടെ സ്പെയിനാണ് ഗ്രൂപ്പ് നാലിൽ ഒന്നാം സ്ഥാനത്ത്. നാല് പോയന്റുള്ള ഇംഗ്ലണ്ട് രണ്ടാമതാണ്. മൂന്നാം ടീമായ ക്രൊയേഷ്യക്ക് ഒരു പോയന്റാണുള്ളത്. 1102 ദിവസത്തെ ഗോൾവരൾച്ചയ്ക്ക് വിരാമമിട്ട സ്റ്റെർലിങ്ങിന്റെ കളിയാണ് ഇംഗ്ലണ്ടിന്റെ ജയത്തിൽ നിർണായകമായത്. 2015 ഒക്ടോബർ ഒമ്പതിന് എസ്തോണിയക്കെതിരെയാണ് ഇതിനുമുമ്പ് സ്കോർ ചെയ്തത്. 1987-നുശേഷമാണ് ടീം സ്പെയിനെ തോൽപ്പിക്കുന്നത്. 2003-നുശേഷം സ്പെയിൻ ആദ്യമായിട്ടാണ് സ്വന്തം മണ്ണിൽ തോൽക്കുന്നത്. അതും 38 മത്സരത്തിനുശേഷം. ഇരു ടീമുകളും 4-3-3 ശൈലിയിലാണ് കളിച്ചത്. കളിയുടെ എല്ലാമേഖലയിലും ആധിപത്യം സ്ഥാപിച്ചാണ് ഇംഗ്ലീഷ് നിര ജയം പിടിച്ചെടുത്തത്. 16-ാം മിനിറ്റിൽ റാഷ്ഫോഡിൽനിന്ന് ലഭിച്ച പാസ്സിൽനിന്നാണ് സ്റ്റെർലിങ് സ്പെയിൻ വല ആദ്യം ചലിപ്പിച്ചത്. ഇംഗ്ലണ്ടിനായി താരത്തിന്റെ ആദ്യ എവേ ഗോളാണിത്. 30-ാം മിനിറ്റിൽ റാഷ്ഫോഡ് ലീഡുയർത്തി. കെയ്ന്റെ പാസിൽനിന്നാണ് ഗോൾ വന്നത്. തുടർന്ന് ഇംഗ്ലണ്ടും സ്പെയിനും ഒരോ മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തി. 38-ാം മിനിറ്റിൽ സ്റ്റെർലിങ് ടീമിന്റെ ലീഡ് ഉയർത്തി. 58-ാം മിനിറ്റിൽ സ്പെയിൻ ഒരു ഗോൾ തിരിച്ചടിച്ചു. പകരക്കാരനായെത്തിയ അൽക്കാസറാണ് ലക്ഷ്യം കണ്ടത്. 64-ാം മിനിറ്റിൽ ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ഫോഡ് റോഡ്രിഗോയെ തടസ്സപ്പെടുത്തിയതിന് സ്പാനിഷ് താരങ്ങൾ പെനാൽട്ടിക്കായി വാദമുയർത്തിയെങ്കിലും റഫറി അനുവദിച്ചില്ല. ഒടുവിൽ ഇഞ്ചുറി ടൈമിൽ റാമോസ് ഇംഗ്ലീഷ് വലയിൽ പന്തെത്തിച്ച് തോൽവിഭാരം കുറച്ചു. മറ്റ് മത്സരങ്ങളിൽ സ്വിറ്റ്സർലൻഡ് ഐസ്ലൻഡിനെയും (2-1) ബോസ്നിയ ഹെർസഗോവിന വടക്കൻ അയർലൻഡിനെയും (2-0), ഫിൻലൻഡ് ഗ്രീസിനെയും (2-0)തോൽപ്പിച്ചു. എസ്തോണിയയും ഹംഗറിയും (3-3) ബലാറസും മോൾഡോവയും (0-0) സമനിലയിൽ പിരിഞ്ഞു. ക്രൊയേഷ്യക്ക് ജയം സാഗ്രെബ്: സൗഹൃദഫുട്ബോൾ മത്സരത്തിൽ ജോർദാനെതിരെ ക്രൊയേഷ്യക്ക് ജയം (2-1). മാതേജ് മിട്രോവിച്ച്, ദൊമാഗോജ് വിദ എന്നിവർ വിജയികൾക്കായി സ്കോർ ചെയ്തു. മറ്റ് മത്സരങ്ങളിൽ ഓസ്ട്രേലിയ കുവൈത്തിനെ മറികടന്നപ്പോൾ (4-0) സൗദി അറേബ്യയും ഇറാഖും തുല്യതയിൽ പിരിഞ്ഞു (1-1).
from mathrubhumi.latestnews.rssfeed https://ift.tt/2Clty5S
via
IFTTT
No comments:
Post a Comment