ഡോ. ജഗൻ മോഹൻ ചെന്നൈ: ചെന്നൈയുടെ പ്രിയപ്പെട്ട 'രണ്ടു രൂപ ഡോക്ടർ'ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടൊഴുകിയെത്തി. പാവപ്പെട്ട രോഗികളുടെ ആശ്വാസകേന്ദ്രമായിരുന്ന ഡോ. ജഗൻ മോഹൻ (78) ബുധനാഴ്ച രാത്രിയാണ് വിടവാങ്ങിയത്. മന്ദവേലി ആർ.കെ. മഠ് റോഡിലെ വസതിയിൽ പൊതുദർശനത്തിനുവെച്ച ഡോക്ടറുടെ മൃതദേഹം ഒരുനോക്കുകാണാൻ ചെന്നൈയിൽനിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിനുപേർ എത്തി. കൂലിപ്പണിക്കാർ, വീട്ടുജോലിക്കാരായ പാവപ്പെട്ട സ്ത്രീകൾ, ചേരിനിവാസികൾ തുടങ്ങിയവരായിരുന്നു ഇതിൽ ഭൂരിഭാഗവും. കുറഞ്ഞ ഫീസ് മാത്രമായിരുന്നു ഇദ്ദേഹം രോഗികളിൽനിന്ന് വാങ്ങിയിരുന്നത്. ഡോക്ടറുടെ വിയോഗം തങ്ങൾക്ക് കനത്ത ആഘാതമായെന്ന് നാട്ടുകാർ പ്രതികരിച്ചു. ''വിവാഹശേഷം പതിനാറാം വയസ്സിലാണ് ചെന്നൈയിലെത്തിയത്. അന്നുതൊട്ടിന്നുവരെ ഡോക്ടറെയാണ് കണ്ടിരുന്നത്. തുടക്കത്തിൽ ഒരു രൂപയായിരുന്നു ഫീസ്. പിന്നീട് രണ്ടു രൂപയാക്കി. അടുത്ത കാലത്താണ് 20 രൂപയാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പലരോടും ഫീസ് വാങ്ങാറില്ലായിരുന്നു'' -67-കാരിയായ സെൽവി അമ്മ വേദനയോടെ പറയുന്നു. സെൽവി അമ്മയെപ്പോലെ എല്ലാവർക്കും ഡോ. ജഗൻമോഹനെക്കുറിച്ച് പറയാൻ നൂറുനാവാണ്. അദ്ദേഹത്തിന്റെ കാരുണ്യമനസ്സ് തൊട്ടറിഞ്ഞവരായിരുന്നു കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അന്ത്യോപചാരം അർപ്പിക്കാനെത്തിയത്. ആരോടും ഡോക്ടർ ഫീസ് ചോദിച്ചുവാങ്ങാറുണ്ടായിരുന്നില്ല. തുടക്കകാലത്ത് അദ്ദേഹം മേശപ്പുറത്ത് ഒരു ഭണ്ഡാരം വെച്ചിരുന്നു. രോഗികൾ ഇതിൽ ചില്ലറത്തുട്ടുകൾ ഇടുകയായിരുന്നു പതിവെന്ന് ഡോക്ടറുടെ അകന്നബന്ധു മുരളി ഓർക്കുന്നു. രോഗികൾക്ക് ഡോക്ടർ മരുന്നുകൾ സൗജന്യമായി നൽകിയിരുന്നു. സ്വന്തം ക്ളിനിക്കിൽ പത്തുരൂപയ്ക്ക് രക്തപരിശോധനാസൗകര്യം അദ്ദേഹം ഏർപ്പെടുത്തിരുന്നു. 1940-ൽ ജനിച്ച ഡോ. ജഗൻ മോഹൻ ശ്രീവില്ലിപുത്തൂർ സ്വദേശിയാണ്. അദ്ദേഹത്തിന്റെ അച്ഛൻ നാട്ടിൽ ഡോക്ടറായിരുന്നു. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽനിന്ന് 1969-ലാണ് ജഗൻ മോഹൻ എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2P9rXnr
via
IFTTT
No comments:
Post a Comment