വെള്ളമുണ്ട: വയനാട് വെള്ളമുണ്ടയിൽ പൊട്ടാസ്യം സയനേഡ് കലർന്ന മദ്യം കഴിച്ച് മൂന്ന് പേർ മരിച്ച സംഭവം ആളുമാറിയുള്ള കൊലപാതകം. മദ്യത്തിൽ വിഷം കലർത്തിയ സ്വർണപ്പണിക്കാരനായ സന്തോഷ് പോലീസ് പിടിയിലായി. സുഹൃത്തിനെ കൊല്ലാനായി വിഷം കലർത്തി നൽകിയ മദ്യമാണ് മൂന്ന് പേരുടെ കൊലപാതകത്തിന് കാരണമായതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. മാനന്തവാടിയിലെ സ്വർണപ്പണിക്കാരനാണ് സന്തോഷ്. ഇയാൾ അടുത്ത സുഹൃത്തായ സജിത്തിനെ കൊലപ്പെടുത്താനായി മദ്യത്തിൽ പൊട്ടാസ്യം സയനേഡ് കലർത്തി നൽകിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. സന്തോഷിന്റെ ഭാര്യയുമായി സജിത്തിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇയാളെ കൊലപ്പെടുത്താനായി സജിത്ത് തീരുമാനിച്ചത്. ഇടക്കിടെ സന്തോഷിന്റെ കയ്യിൽ നിന്ന് മദ്യം വാങ്ങി കഴിക്കുന്ന ശീലം സജിത്തിനുണ്ടായിരുന്നു. എന്നാൽ ഇത്തവണ സന്തോഷിൽ വാങ്ങിവച്ച മദ്യം മകളുടെ പേടി മാറ്റാനായി ഒരു പൂജക്ക് പോകുന്ന സമയത്ത് പൂജാരിക്ക് കൊടുക്കാനായി കയ്യിൽ കരുതുകയായിരുന്നു. ഇത്തരത്തിൽ വാരമ്പറ്റയിലെ തികിനായി എന്ന പൂജാരിയുടെ അടുത്ത് മകളുമായി ഇയാൾ എത്തുകയും പൂജക്ക് ശേഷം മദ്യം പൂജാരിയായ തികിനായിക്ക് നൽകുകയും ചെയ്തു. പൂജക്ക് ശേഷം തികിനായി അൽപം മദ്യം കഴിക്കുകയും ഉടൻതന്നെ കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. എന്നാൽ അപ്പോൾ മദ്യം കഴിച്ചത് മൂലമാണ് ഇയാൾ മരണപ്പെട്ടത് എന്ന് ബന്ധുക്കൾക്ക് മനസ്സിലായില്ല. പ്രായാധിക്യം മൂലമോ മറ്റ് അസുഖം മൂലമോ ഇയാൾ മരിച്ചു എന്നാണ് എല്ലാവരും കരുതിയിരുന്നത്. പിന്നീട് അന്ന് രാത്രി മകൻ പ്രമോദും ബന്ധുവായ പ്രസാദും ഈ കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന മദ്യം കഴിക്കുകയായിരുന്നു. കഴിച്ച ഉടനെ ഇവരും കുഴഞ്ഞുവീണു മരിച്ചു. അപ്പോഴാണ് മദ്യമാണ് ഇവരുടെ മരണകാരണമെന്ന് ബന്ധുക്കൾക്ക് മനസ്സിലായത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
from mathrubhumi.latestnews.rssfeed https://ift.tt/2Cx0Ccb
via
IFTTT
No comments:
Post a Comment