തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം വിവാദമായി നിൽക്കെ ശബരിമല തീർഥാടകരെ പ്രധാനമായും ഉദ്ദേശിച്ചുള്ള വിമാനത്താവളപദ്ധതി സർക്കാർ ഊർജിതമാക്കുന്നു. ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളമെന്ന നിർദേശവുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് ചീഫ് സെക്രട്ടറിതലത്തിൽ നടപടികൾ തുടങ്ങി. ശബരിമലയിൽ കൂടുതൽ സൗകര്യമൊരുക്കുന്നതിനുപുറമേ അവിടത്തെ തീർഥാടനത്തിനോ ഭക്തസമൂഹത്തിനോ എതിരല്ല സർക്കാർ എന്ന സന്ദേശംകൂടി പകരാൻ ഇത് ഉപകരിക്കുമെന്നാണ് ഭരണതലത്തിലെ വിലയിരുത്തൽ. മാത്രമല്ല, വിമാനത്താവളമെന്ന വലിയ വികസനപദ്ധതി വരുന്നത് എതിർപ്പിന്റെ മൂർച്ച കുറയ്ക്കും. സർക്കാർ ശബരിമലയെയല്ല, അവിടത്തെ അനാചാരത്തെ മാത്രമാണ് എതിർക്കുന്നത് എന്ന വാദത്തിന് ഇത് ബലം പകരും. ആറന്മുളയിലെ സ്വകാര്യ വിമാനത്താവളപദ്ധതി ഇടതുമുന്നണി അധികാരത്തിലെത്തിയതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. പകരം വിമാനത്താവളത്തിനായി ശബരിമലയോട് ചേർന്നുള്ള മൂന്ന് പ്രദേശങ്ങൾ നിർദേശിക്കപ്പെട്ടു. പഠനം നടത്തിയ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ചെറുവള്ളി എസ്റ്റേറ്റാണ് ഏറ്റവും അഭികാമ്യമെന്ന റിപ്പോർട്ടാണ് നൽകിയത്. ചെറുവള്ളി എസ്റ്റേറ്റ് സർക്കാരുമായി ഹാരിസണിന് ഉടമസ്ഥാവകാശ തർക്കമുള്ള ഭൂമിയാണെന്നതായിരുന്നു തടസ്സം. ഈ ഭൂമി ഹാരിസൺ, ബിലീവേഴ്സ് ചർച്ചിന് മുമ്പ് വിറ്റു. എന്നാൽ, ഭൂമി സർക്കാരിന്റേത് ആയതിനാൽ വില്പന സർക്കാർ അംഗീകരിച്ചില്ല. ഭൂമി സർക്കാർ ഏറ്റെടുത്തു. ഇതിൽ ഹാരിസൺ നൽകിയ കേസിൽ ഭൂമി ഏറ്റെടുത്ത നടപടി കോടതി റദ്ദാക്കി. അപ്പീൽ പോകുന്നതിനടക്കമുള്ള അധികാരം സർക്കാരിനുണ്ട്. ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനുള്ള സിവിൽ കേസ് നടത്താനും കഴിയും. ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച കേസ് ഒരുവശത്ത് നടക്കുമെങ്കിലും പൊതു ആവശ്യമായതിനാൽ വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാൻ മടിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യത്തിൽ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിന്തുണയും മുഖ്യമന്ത്രി ഉറപ്പാക്കിയിട്ടുണ്ട്. നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കും സർക്കാർ ഭൂമിയായതിനാൽ ഹാരിസണിനോ ബിലീവേഴ്സ് ചർച്ചിനോ നഷ്ടപരിഹാരം നൽകി ഭൂമി ഏറ്റെടുക്കാൻ സർക്കാരിനാകില്ല. അങ്ങനെ ചെയ്താൽ ഭൂമി സർക്കാരിന്റേതാണെന്ന അടിസ്ഥാനവാദംതന്നെ പൊളിയും. ഇതിന് പരിഹാരമായി നിർദേശിച്ചിരിക്കുന്നത് നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവയ്ക്കാമെന്നതാണ്. കേസ് തീരുമ്പോൾ ഭൂമി സർക്കാരിന്റേതല്ലെന്ന് വന്നാൽ തുക നൽകാം. ഈ നിർദേശത്തോട് ഭൂമിയുടെ നിലവിലുള്ള കൈവശക്കാരായ ബിലീവേഴ്സ് ചർച്ചിനും യോജിപ്പാണെന്ന് അറിയുന്നു. പാരിസ്ഥിതിക ആഘാതപഠനം നടത്തും വിമാനത്താവള നിർമാണത്തിനുള്ള ആദ്യപടിയായ പാരിസ്ഥിതിക ആഘാതപഠനം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇതിനായി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകണം. ഇതിനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. നേരത്തേ വിമാനത്താവളത്തിന്റെ സാധ്യതാപഠനം നടത്താൻ സ്വകാര്യ ഏജൻസിയെയും സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളുടെ മാതൃകയിൽ പൊതു-സ്വകാര്യ സംരംഭമായിട്ടായിരിക്കും ശബരിമല വിമാനത്താവളവും നിർമിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2RiazgO
via
IFTTT
No comments:
Post a Comment