കൊല്ലം : സുപ്രീംകോടതി വിധി എന്തായാലും അത് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണെന്നും നടപ്പാക്കിയില്ലെങ്കിൽ സർക്കാരിന് നിലനിൽപ്പുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും അവർക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിക്കുന്നതും തടയാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ശബരിമല വിഷയത്തെക്കുറിച്ചുള്ള നിലപാട് വിശദീകരിക്കാൻ എൽ.ഡി.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കന്റോൺമെന്റ് മൈതാനിയിൽ നടന്ന ‘മഹാസംഗമം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.എല്ലാ പ്രായത്തിൽപ്പെട്ട സ്ത്രീകളും മുൻപ് ശബരിമലയിൽ പോയിരുന്നതായി രേഖകളുണ്ട്. ഇതിലൊന്നാണ് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്ത്രിക്കെഴുതിയ കത്തും അതിന് തന്ത്രി എഴുതിയ മറുപടിയും.പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധി 1991-ലാണ് വന്നത്. ആചാരത്തിന്റെ പേരിൽ സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം തടയുന്ന ഈ വിധി എൽ.ഡി.എഫിന് സ്വീകാര്യമായിരുന്നില്ല. ഇതിനുശേഷം മൂന്നുതവണ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നിട്ടും ആ വിധിക്കെതിരേ അപ്പീൽ പോകാതെ വിധി നടപ്പാക്കുകയാണ് ചെയ്തത്. ഒരുതരത്തിലും ഇക്കാര്യത്തിൽ എൽ.ഡി.എഫ്. ഇടപെട്ടിട്ടില്ല.എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 12 വർഷംമുൻപ് സുപ്രീംകോടതിയെ സമീപിച്ച യങ് ലോയേഴ്സ് അസോസിയേഷൻ പ്രതിനിധികൾ സംഘപരിവാറുമായി ബന്ധമുള്ളവരായിരുന്നു. ഇത്രയും കാലമായിട്ടും കോൺഗ്രസോ ബി.ജെ.പി.യോ കേസിൽ കക്ഷി ചേർന്നിരുന്നില്ല. കോടതി ആവശ്യപ്പെട്ടതനുസരിച്ച് അന്നത്തെ എൽ.ഡി.എഫ്. സർക്കാർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ആവശ്യപ്പെട്ടത് എല്ലാ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നായിരുന്നു. അതുകൊണ്ടാണ് വിധിക്കെതിരേ സുപ്രീംകോടതിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി കൊടുക്കാത്തത്. മുൻ നിലപാടിനെതിരേ പുനഃപരിശോധനാ ഹർജി കൊടുത്താൽ പറഞ്ഞവാക്കിന് വിലയില്ലാത്ത സർക്കാരാണിതെന്ന് കോടതി വിലയിരുത്തും.ശബരിമലയിൽ എത്തുന്ന വിശ്വാസികൾക്ക് എല്ലാ സൗകര്യവും ഒരുക്കാൻ സർക്കാരും ദേവസ്വം ബോർഡും ബാധ്യസ്ഥരാണ്. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും ചെയ്യുന്നതുപോലെ ശബരിമലയിലും ദർശനത്തിനെത്തുന്നവർക്ക് ഓൺലൈൻ സൗകര്യം ഏർപ്പെടുത്തും. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുണ്ട്. ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയുന്നവരെ മാത്രമേ ഓരോദിവസവും അനുവദിക്കൂ. അല്ലാത്തവർക്ക് ബേസ് ക്യാമ്പിൽ വിശ്രമിക്കാം. സന്നിധാനത്തെത്തി കുറേദിവസം തങ്ങി അവിടെ കലാപമുണ്ടാക്കാമെന്ന തോന്നൽ ആർക്കെങ്കിലുമുണ്ടെങ്കിൽ അത് തത്‌കാലം മാറ്റിവെക്കുന്നതാണ് നല്ലത്-മുഖ്യമന്ത്രി വ്യക്തമാക്കി.ചടങ്ങിൽ എൽ.ഡി.എഫ്. ജില്ലാ കൺവീനർ എൻ.അനിരുദ്ധൻ അധ്യക്ഷതവഹിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ReXxAU
via
IFTTT
No comments:
Post a Comment