ചെറുതോണി: കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് ഇടുക്കി അണക്കെട്ട് ശനിയാഴ്ച രാവിലെ 11 മണിക്ക് തുറന്നു. ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറന്നത്. ജലനിരപ്പ് പരമാവധിയിൽനിന്ന് 16 അടി താഴെയാണെങ്കിലും കനത്തമഴ വരുന്നുവെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് മുൻകരുതലായാണ് ഒരു ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. സെക്കൻഡിൽ അരലക്ഷം ലിറ്റർ വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്. ഒരു ഷട്ടർ മാത്രം തുറക്കുന്നതുകൊണ്ട് ആശങ്കവേണ്ടെന്ന് വൈദ്യുതിബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. കനത്തമഴ പെയ്താലും അപകടകരമായ സാഹചര്യമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, മുല്ലപ്പെരിയാറിൽ 132 അടിയോളം വെള്ളമുണ്ട്. ഇത് 139 അടിയെത്തി തമിഴ്നാട് പെട്ടെന്ന് തുറന്നുവിടാൻ ഇടയായാൽ പ്രശ്നമാകും. ഇതുകൂടി കണക്കിലെടുത്താണ് ഡാം തുറക്കാൻ തീരുമാനിച്ചത്. വൈദ്യുതോത്പാദനത്തെ ബാധിക്കുമെന്നതിനാൽ ലോവർ പെരിയാർ തുറക്കേണ്ടതില്ലെന്ന് വൈദ്യുതിബോർഡ് തീരുമാനിച്ചിട്ടുണ്ട്. ചെലുതും വലുതുമായ 59 ഡാമുകളാണ് വൈദ്യുതി ബോർഡിനുള്ളത്. ഇതിൽ 14 എണ്ണത്തിനാണ് ഷട്ടർപോലെ വെള്ളം നിയന്ത്രിക്കാനുള്ള സാങ്കേതിക സംവിധാനമുള്ളത്. ശേഷിക്കുന്നവ മഴക്കാലത്ത് കവിഞ്ഞൊഴുകുന്ന ചെറുകിട അണക്കെട്ടുകളാണ്. ജലസേചന വകുപ്പിന്റെ മലമ്പുഴ, നെയ്യാർ, കല്ലട. കുറ്റ്യാടി, മംഗലം, പീച്ചി, മീങ്കര, ചുള്ളിയാർ, മലങ്കര, കാരാപ്പുഴ തുടങ്ങിയവയെല്ലാം തുറന്നിട്ടിരിക്കുകയാണ്. ജലവിഭവ വകുപ്പിന്റെ നെയ്യാർ, പേപ്പാറ എന്നിവയും തുറന്നു. അണക്കെട്ടുകൾ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറക്കേണ്ടിവന്നതാണ് പ്രളയം രൂക്ഷമാക്കിയതിന് ഒരു കാരണം. ഈ സാഹചര്യം ആവർത്തിക്കുന്നത് ഒഴിവാക്കാനാണ് മുൻകൂട്ടി ഇവ തുറക്കാൻ തീരുമാനിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2OdrmVh
via
IFTTT
No comments:
Post a Comment