ഹൈദരാബാദ്: തെലങ്കാനയിലെ ഖമമം ജില്ലയില്‍ ഒരു സ്‌കൂള്‍ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള കയ്യാങ്കളിക്കിടെ നാലാം ക്ലാസുകാരന്‍ കൊല്ലപ്പെട്ടു. ഒമ്പതുവയസ്സുള്ള ഡി.ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.
ഖമമിലെ സര്‍ക്കാര്‍ ട്രൈബല്‍ വെല്‍ഫയര്‍ സ്‌കൂളിന്റെ ഹോസ്റ്റലിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ജോസഫ് വഴക്കിട്ടിരുവെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ട്രങ്ക്‌പെട്ടി കൊണ്ട് മുതിര്‍ന്ന വിദ്യാര്‍ത്ഥി ജോസഫിന്റെ തലയിലും ശരീരത്തിലും ഇടിച്ചുവെന്നും ഗുരുതരമായി പരുക്കേറ്റ ജോസഫ് സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞുവെന്നുമാണ് പോലീസ് പറയുന്നത്.
ട്രൈബല്‍ സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിക്കാനാണ് സൗകര്യമുള്ളത്. എന്നാല്‍ ആക്രമണം നടത്തിയ വിദ്യാര്‍ത്ഥി ഇവിടെ താമസിച്ച് ഒരു സ്വകാര്യ സ്‌കൂളില്‍ പഠിക്കുകയായിരുന്നു. രാവിലെ ഇവര്‍ രണ്ടു പേരും സൈക്കളില്‍ ടൗണിലേക്ക് പോയിരുന്നു. തിരിച്ചുവരുന്നതിനിടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. മുതിര്‍ന്നയാളുടെ അടിയേറ്റാണ് ജോസഫ് മരിച്ചതെന്നും പോലീസ് പറയുന്നു.
ജോസഫിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പോലീസ് തുടര്‍ നടപടി സ്വീകരിച്ചുവരികയാണ്. അതേസമയം, മരണവാര്‍ത്ത പുറത്തുവന്നതോടെ വിദ്യാര്‍ത്ഥി സംഘടനകളും കുട്ടികളുടെ രക്ഷിതാക്കളും ഹോസ്റ്റലിലേക്ക് തള്ളിക്കയറി ബഹളം വച്ചു. ഹോസ്റ്റല്‍ വാര്‍ഡനെതിരെ നടപടി വേണമെന്നും മരിച്ചകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2Ap1ywS
via IFTTT
No comments:
Post a Comment