ന്യൂഡൽഹി: റിയൽ എസ്റ്റേറ്റ് വമ്പന്മാരായ അമ്രപാലി ഗ്രൂപ്പിന്റെ സിഎഫ്ഒ ചന്ദർ വദ്വയ്ക്ക് ഓർമ്മ നഷ്ടപ്പെട്ടെന്ന വാദം പൊളിച്ചടുക്കി സുപ്രീംകോടതി. ഫ്ളാറ്റ് നിർമ്മിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്ത് 42,000 പേരിൽ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നതാണ് അമ്രപാലി ഗ്രൂപ്പിനെതിരായ കേസ്. തനിക്കൊന്നും ഓർമ്മയില്ലെന്ന് വരുത്തിത്തീർത്ത് രക്ഷപെടാനായിരുന്നു ചന്ദർ വദ്വയുടെ പദ്ധതി. സ്മൃതി നാശം സംഭവിച്ചെന്ന ചന്ദർ വദ്വയുടെ വാദം തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു. ഫോറൻസിക് ഓഡിറ്റർമാർ ചോദ്യം ചെയ്തപ്പോഴായിരുന്നു തനിക്കൊന്നും ഓർമ്മയില്ലെന്ന തരത്തിൽ ചന്ദർ വദ്വ പെരുമാറിയത്. അങ്ങനെ കേസിൽ നിന്ന് രക്ഷപെടാമെന്നായിരുന്നു വദ്വയുടെ പദ്ധതി. എന്നാൽ, കോടതിമുറിയിലെ ചോദ്യങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിനായില്ല. ജസ്റ്റിസുമാരായ അരുൺ മിശ്ര, യു.യു.ലളിത് എന്നിവരങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ജസ്റ്റിസ് ലളിത് നിരവധി ചോദ്യങ്ങൾ വദ്വയോട് ചോദിച്ചു. എന്നാണ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്, ഏതു തസ്തികയിലേക്കായിരുന്നു ആദ്യ നിയമനം തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി വദ്വ മറുപടി പറഞ്ഞു. ഇതോടെയാണ് താങ്കൾക്ക് സ്മൃതിനാശം സംഭവിച്ചതായി തോന്നുന്നില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടത്. അതോടെ പിടിച്ചുനിൽക്കാനാവില്ലെന്ന് ഉറപ്പായ വദ്വ ഫോറൻസിക് ഓഡിറ്റർമാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ താൻ ഒന്നുമറിയില്ലെന്ന് അഭിനയിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തി. ആ സമയത്തെ പെരുമാറ്റത്തിന് താൻ ക്ഷമചോദിക്കുന്നതായും വദ്വ കോടതിയെ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2D8ah9c
via
IFTTT
No comments:
Post a Comment