തിരുവനന്തപുരം: ശബരിമലയിലെ പ്രതിസന്ധി സംബന്ധിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും നൽകുന്ന റിപ്പോർട്ടിനെക്കുറിച്ച് തിങ്കളാഴ്ച അന്തിമതീരുമാനമുണ്ടാകും. പറ്റുമെങ്കിൽ തിങ്കളാഴ്ചയോ അല്ലെങ്കിൽ ചൊവ്വാഴ്ചയോ റിപ്പോർട്ട് കോടതികളിൽ സമർപ്പിക്കും. റിപ്പോർട്ടിനൊപ്പം മറ്റുചില നിയമപരമായ നീക്കങ്ങൾക്കുകൂടി സാധ്യതയുണ്ടെന്ന നിയമോപദേശം ബോർഡിന് കിട്ടിയിട്ടുണ്ട്. ന്യൂഡൽഹിയിലുള്ള മുതിർന്ന അഭിഭാഷകരുമായി ചർച്ചനടത്തിയ ശേഷമാണ് റിപ്പോർട്ടിലെ ഉള്ളടക്കം സംബന്ധിച്ച് തീരുമാനമുണ്ടായത്. നേരത്തേ സുപ്രീംകോടതിയിൽ ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയുടെ പ്രതിനിധിയുമായി കഴിഞ്ഞദിവസം കൊച്ചിയിൽ ചർച്ചനടത്തിയിരുന്നു. മറ്റുചില മുതിർന്ന അഭിഭാഷകരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാകുന്നത്. ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ തിങ്കളാഴ്ച സി.പി.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുന്നുമുണ്ട്. സ്ത്രീപ്രവേശത്തിലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നതിൽ നേരിട്ട പ്രതിസന്ധിയും വിധിക്കെതിരേ ഉയർന്ന പ്രതിഷേധവുമൊക്കെ റിപ്പോർട്ടിലുണ്ടാകും. ശബരിമലയിലെ ഗുരുതരപ്രതിസന്ധി വിവരിക്കുന്ന റിപ്പോർട്ടിൽ തന്ത്രിമാരുടെയും പന്തളം രാജകൊട്ടാരത്തിന്റെയും എതിർപ്പും പ്രതിപാദിക്കും. ഇതൊക്കെ ചൂണ്ടിക്കാട്ടി വിധി നടപ്പാക്കാൻ സാവകാശം കിട്ടുമോ എന്നാണ് ആലോചന. അവധി കഴിഞ്ഞ് കോടതികൾ പ്രവർത്തനം തുടങ്ങുന്ന തിങ്കളാഴ്ചതന്നെ പ്രതിസന്ധി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. അടുത്ത മണ്ഡലകാല തീർഥാടനം തുടങ്ങുന്നതിനുമുമ്പുതന്നെ ഇപ്പോഴത്തെ പ്രശ്നങ്ങളിൽനിന്ന് കരകയറണമെന്നാണ് ബോർഡ് ആഗ്രഹിക്കുന്നത്. കോടതിയിൽനിന്ന് എന്തെങ്കിലും ആനുകൂല്യമാണ് ബോർഡും സർക്കാരും ആഗ്രഹിക്കുന്നത്. വിധി നടപ്പാക്കാൻ പറ്റുന്നില്ലെന്ന് റിപ്പോർട്ടിൽ തുറന്നുസമ്മതിക്കുന്നത് കോടതിയലക്ഷ്യമായതിനാൽ കരുതലോടെമാത്രമേ അന്തിമരൂപം നൽകൂ. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള പുനഃപരിശോധനാ ഹർജിക്കൊപ്പം ബോർഡിന്റെ റിപ്പോർട്ടും കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച അയ്യപ്പസേവാസംഘവും കോടതിയെ സമീപിക്കുന്നതോടെ പുനഃപരിശോധനാഹർജികളുടെ എണ്ണം 26 ആകും. വിദേശസന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതോടെ സുപ്രീംകോടതിയെ സമീപിക്കുന്നതിൽ കൂടുതൽ വ്യക്തതയുണ്ടാകും. എന്നാൽ, മുഖ്യമന്ത്രിയെ ദേവസ്വംപ്രതിനിധികൾ കാണുമോ എന്നുറപ്പില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2Pfk1UX
via
IFTTT
No comments:
Post a Comment