തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ആർ.എസ്.എസിന്റെ മെഗാഫോണായി കെ.പി.സി.സി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുൻകാലങ്ങളിൽ ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച സമീപനമല്ല ഇപ്പോൾ അവർക്കുള്ളത്. ടി.കെ മാധവനയും കെ കേളപ്പനെയും പോലുള്ള കോൺഗ്രസ് നേതാക്കന്മാർ നിലകൊണ്ടത് സ്ത്രീകൾ ഒഴികെയുള്ളവരുടെ ക്ഷേത്ര പ്രവേശനത്തിനല്ലെന്നും കോടിയേരി ഓർമ്മിപ്പിച്ചു. ആത്മഹത്യാപരമായ ഈ സമീപനം തിരുത്താൻ കോൺഗ്രസ് തയ്യാറാവണം. ഈ കോടതി വിധി നടപ്പാക്കുക എന്നത് മാത്രമേ വഴിയുള്ളു. അതിന്റെ സാധ്യതകൾ സർക്കാർ പരിശോധിക്കുകയാണ്. ചരിത്ര പ്രാധാന്യമുള്ള വിധിയാണിത്. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാൻ വേണ്ടി കോടതി സ്വീകരിച്ച ഭരണഘടനാപരമായ നിലപാടാണിത്. ഇതിനെതിരായ സമരം ഭരണഘടനയെ വെല്ലുവിളിക്കലാണ്. ഈ സമരത്തിൽ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് സി.പി.എം വിപുലമായ ക്യാംപെയിൻ സംഘടിപ്പിക്കും. കേരളത്തിൽ കലാപം നടത്താനുള്ള ആർഎസ്എസിന്റെയും കോൺഗ്രസിന്റെ ഒരുവിഭാഗത്തിന്റെയും ശ്രമത്തെ ശക്തമായി ചെറുത്തുനിൽക്കാൻ ജനങ്ങൾ മുന്നോട്ട് വരണം. കേരളത്തിന്റെ പുരോഗമന പാരമ്പര്യം ഉയർത്തിപ്പിടിക്കാനുള്ള അവസരമായി കേരളം രംഗത്തിറങ്ങണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/2ykIBt4
via
IFTTT
No comments:
Post a Comment