തിരുവനന്തപുരം: ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ ശനിയാഴ്ച കേരളത്തിലെത്തുമ്പോൾ ശബരിമലയും ലോക്‌സഭാതിരഞ്ഞെടുപ്പും ചർച്ചയാകും. കണ്ണൂരിൽ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനും ശിവഗിരിയിൽ ഗുരുദേവ മഹാസമാധി ആഘോഷത്തിൽ പങ്കെടുക്കാനുമാണ് എത്തുന്നതെങ്കിലും ശബരിമല സംഭവങ്ങൾക്കു പിന്നാലെയുള്ള അദ്ദേഹത്തിന്റെ സന്ദർശനത്തിന് ഗൗരവമുണ്ട്.ബി.ജെ.പി.യുടെ പ്രമുഖ നേതാക്കളെല്ലാം വെള്ളിയാഴ്ച കണ്ണൂരിലായിരുന്നു. അവിടെയെത്താത്ത തെക്കൻജില്ലയിലെ നേതാക്കൾ ശനിയാഴ്ച തിരുവനന്തപുരത്ത് ഉണ്ടാകും. ഇവിടെ ചർച്ചയുണ്ടാകുമെന്ന് സ്ഥിരീകരണമില്ലെങ്കിലും ശനിയാഴ്ച രാത്രി തലസ്ഥാനത്ത് തങ്ങുന്ന അദ്ദേഹത്തെ നേതാക്കൾ കാണും. കണ്ണൂരിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയടക്കമുള്ള നേതാക്കൾ ശബരിമലസംഭവങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കും. ശബരിമലയിലുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ കഴിഞ്ഞദിവസം ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ച് വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമിത്ഷാ കേരളത്തിലെത്തുന്നത്. ശബരിമലയിലെ ഇടപെടൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനായെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. അതിനാൽ പ്രവർത്തകരുടെ പേരിലുള്ള കേസിനെ ശക്തമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ട്. കോടതിവിധി നടപ്പാക്കുന്നതിനെതിരേ ആദ്യം മുന്നിൽ വരാതെ മടിച്ചുനിന്ന പാർട്ടി സമരത്തിന്റെ നേതൃത്വനിരയിൽ എത്തിയതോടെ എൻ.എസ്.എസിന്റെ പിന്തുണയും നേടാനായെന്ന് കരുതുന്നു. തിരഞ്ഞെടുപ്പിൽ ഇതിന്റെ ഗുണം കിട്ടുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ സി.പി.എമ്മിന് ക്ഷീണം വരുത്തുമെന്നാണ് കണക്കുകൂട്ടുന്നതും. ഇതെല്ലാം ദേശീയ അധ്യക്ഷനെ ധരിപ്പിക്കും.പോലീസിനെതിരേ തെളിവുകൾ ശേഖരിച്ചുപ്രവർത്തകരെ കേസിൽ കുടുക്കിയതിനെ കോടതിയിൽ നേരിടാനൊരുങ്ങുന്ന ബി.ജെ.പി. പോലീസ് മർദനത്തിന്റെ തെളിവുകൾ ശേഖരിച്ചു. പോലീസ് തല്ലുന്നതിന്റെയും വാഹനങ്ങൾ തകർക്കുന്നതിന്റേയുമൊക്കെ വിഡീയോദൃശ്യങ്ങളും മറ്റുതെളിവുകളും പക്കലുണ്ടെന്ന് നേതാക്കൾ പറഞ്ഞു. പോലീസ് പ്രസിദ്ധീകരിച്ച ലുക്ക് ഔട്ട് നോട്ടീസിൽ ഉള്ള പലരും പാർട്ടി പ്രവർത്തകരല്ല. അറസ്റ്റിലൂടെയുള്ള സമ്മർദതന്ത്രം വിലപ്പോകില്ലെന്നും ശക്തമായ സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Rd18PU
via
IFTTT
No comments:
Post a Comment