ന്യൂഡൽഹി: വിദേശത്ത് അനധികൃതമായി നിക്ഷേപവും ആസ്തിയുമുള്ള ഇന്ത്യക്കാരെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേകദൗത്യവുമായി ആദായനികുതി വകുപ്പ്. വിദേശ ഏജൻസികളുടെ സഹായത്തോടെ, ആയിരക്കണക്കിന് ഇന്ത്യക്കാരുടെ വിദേശ ബാങ്ക് നിക്ഷേപം ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നും മറ്റു സ്രോതസ്സുകളിൽനിന്നും വിവരം ശേഖരിച്ചുവരുകയാണ്.ക്രമക്കേടു തെളിഞ്ഞാൽ പുതിയ കള്ളപ്പണനിയമപ്രകാരം ക്രിമിനൽകുറ്റം ചുമത്തി, ശക്തമായ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. അന്വേഷണത്തെക്കുറിച്ച് സി.ബി.ഡി.ടി. (കേന്ദ്ര പ്രത്യക്ഷനികുതി വകുപ്പ്) ചെയർമാൻ സുശീൽ ചന്ദ്ര സ്ഥിരീകരിച്ചെങ്കിലും വിശദമാക്കിയില്ല. ഇടപാടുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് വിശദീകരണം തേടി ഒട്ടേറെ പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അവരിൽ പലരും പ്രമുഖ വ്യക്തികളാണെന്നുമാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇടപാടുകളുടെ വിവരം ആദായനികുതി റിട്ടേണിൽ വ്യക്തമാക്കാത്തവർക്കും നികുതി ഒഴിവാക്കാൻ ശ്രമിച്ചവർക്കും പുതിയ കള്ളപ്പണ നിയമപ്രകാരം നടപടി നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. പുതിയ കള്ളപ്പണ നിയമപ്രകാരം വിദേശ സ്വത്തുവിവരങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് 10 വർഷത്തെ തടവുശിക്ഷവരെ ലഭിക്കാം.
from mathrubhumi.latestnews.rssfeed https://ift.tt/2Rdt867
via
IFTTT
No comments:
Post a Comment