ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരേയുള്ള പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാൻ ബി.ജെ.പി. കേരളത്തിലെ ഹൈന്ദവ വിശ്വാസികളുടെ വികാരം മാനിച്ച് സമരം ശക്തമാക്കാൻ ബി.ജെ.പി. കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് അനൗദ്യോഗികമായി പച്ചക്കൊടി കാട്ടി. ആർ.എസ്.എസ്. കേന്ദ്ര നേതൃത്വത്തിനും ഇതേ നിലപാടാണ്.വിധിയുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതത്തെയും ഇപ്പോഴുയർന്ന ജനവികാരത്തെയും സംഘപരിവാർ ആദ്യമത്ര ഗൗനിച്ചിരുന്നില്ല. ഇത്ര പ്രതീക്ഷിച്ചില്ലെന്നാണ് ബി.ജെ.പി. നേതാക്കളും പ്രതികരിച്ചത്. വിധി വന്ന് ദിവസങ്ങൾക്കകം പല സ്ഥലങ്ങളിലും ഉണ്ടായ പ്രതിഷേധം ഇനി കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന തിരിച്ചറിവിൽനിന്നാണ് സമരമുഖത്തേക്ക് ഇറങ്ങുന്നത്. വിധിക്കെതിരേ തുടക്കത്തിൽ രംഗത്തിറങ്ങാത്തതിനും സമരം നേരിട്ട് നയിക്കാനാവാത്തതിനും ആർ.എസ്.എസിന് കാരണമുണ്ട്. ഭരണഘടനയിലെ തുല്യതയിൽ ഊന്നിയുള്ള വിധിക്കെതിരേ നിങ്ങുക അത്ര എളുപ്പമല്ല. പുനഃപരിശോധനാ ഹർജിയിൽനിന്ന് പിന്തിരിയുന്നതിന്റെ കാരണവും ഇതുതന്നെ. വിധിയെ മാനിക്കാതിരിക്കുന്നത് ഭരണഘടനാ ലംഘനമാകും.സി.പി.എം. ഉൾപ്പെടെയുള്ള ഇടതുപാർട്ടികളെപ്പോലെ ആർ.എസ്.എസിനെയും ശബരിമല പ്രശ്‌നത്തിൽ പിന്നോട്ടുവലിച്ചത് പുരോഗമന ആശയങ്ങൾക്ക് എതിര് നിൽക്കുന്നന്നെന്ന പേരുദോഷം ഉണ്ടാകാതിരിക്കാനാണ്. ഏകീകൃത സിവിൽ കോഡിന് വേണ്ടി ദേശീയതലത്തിൽ വാദിക്കുന്ന ആർ.എസ്.എസിന് ആ വഴിക്കും പരിമിതികളുണ്ട്. പക്ഷേ, പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് മാറിയതോടെ മുൻ നിലപാടിൽനിന്നുമാറാതെ വയ്യെന്നായി. ഇന്നുവരെ നേരിട്ട് സമരത്തിന് ഇറങ്ങിയിട്ടില്ലെന്ന പാരമ്പര്യം ഇവിടെയും ആർ.എസ്.എസ്. മുറുകെപ്പിടിച്ചു. അടിയന്തരാവസ്ഥ, നിലയ്ക്കൽ സമരം, ആറന്മുള വിമാനത്താവള സമരം തുടങ്ങിയവയ്ക്കെല്ലാം ആർ.എസ്.എസ്. പിന്നിൽനിന്ന് പിന്തുണ നൽകുകയായിരുന്നു. അയ്യപ്പസേവാസമാജത്തിന്റെ പേരിൽ ഹൈന്ദവ സംഘടനകളെ ഏകോപിപ്പിച്ച് വൻ പ്രക്ഷോഭത്തിനാണ് ബി.ജെ.പി.യുടെയും ആർ.എസ്.എസിന്റെയും ശ്രമം. എന്നാൽ, ബി.ജെ.പി.യുടെ മുഖപത്രത്തിൽ വ്യാഴാഴ്ചവന്ന, ശബരിമല വിധിയിൽ അനാവശ്യ വിവാദം ആവശ്യമില്ലെന്ന ലേഖനം ഇരു സംഘടനകൾക്കും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.ആർ.എസ്.എസിന്റെ അനുമതിയോടെയാണ് ലേഖനം എന്നാണറിയുന്നത്. അതിനർഥം ആർ.എസ്.എസ്. ദേശീയതലത്തിലും കേരളത്തിലും വ്യത്യസ്ത നിലപാട് എടുക്കുന്നുവെന്നാണ്. പ്രതിഷേധങ്ങളിൽ സി.പി.എം. അനുഭാവികളുടെ വീടുകളിൽനിന്നുപോലും സ്ത്രീകൾ പങ്കെടുക്കുന്നു. ഈ ധ്രുവീകരണം ഭാവിയിൽ എങ്ങെനെയൊക്കെ ബാധിക്കുമെന്ന ആശങ്ക എല്ലാ പാർട്ടികൾക്കുമുണ്ട്. സ്ത്രീകൾക്ക് അനുകൂലമായ വിധിക്കെതിരേ സ്ത്രീകളെ ക്കൊണ്ടുതന്നെ എതിർക്കുക എന്ന തന്ത്രമാണ് സംഘപരിവാർ പയറ്റുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2xW90Oz
via
IFTTT
No comments:
Post a Comment