ശ്രീചക്ര ഡിസ്റ്റിലറിക്ക് അനുമതി നൽകിയത് മന്ത്രി ടി.പി. രാമകൃഷ്ണൻ നേരിട്ടെന്ന് രേഖകൾ. സർക്കാരിന്റെ നയപര തീരുമാനമായതിനാൽ ഡിസ്റ്റിലറിക്ക് അനുമതി നൽകാമോയെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ചോദ്യചിഹ്നമിട്ട് ഫയൽ എക്സൈസ് മന്ത്രിക്കു നൽകി. എന്നാൽ, തടസ്സവാദങ്ങൾ പരിഗണിക്കാതെ മന്ത്രി ഡിസ്റ്റിലറിക്ക് നേരിട്ട് അനുമതി നൽകുകയായിരുന്നു. സെക്രട്ടേറിയറ്റിലെ എക്സൈസ് നികുതിവകുപ്പിൽനിന്നുള്ള രേഖകൾ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വ്യക്തമാക്കുന്നതാണ്. മന്ത്രി ഇടപെട്ടതോടെ ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്താനുള്ള അവസരവും ഇല്ലാതായി. 1999-ലെ ഉത്തരവ് ബാധകമെന്ന് ഉദ്യോഗസ്ഥർ ഡിസ്റ്റിലറികൾ അനുവദിക്കുന്നത് നിർത്തിവെച്ച് 1999-ൽ ഇറക്കിയ സർക്കാർ ഉത്തരവ് പുതിയ അപേക്ഷകൾക്കും ബാധകമാണെന്ന് എക്സൈസ് കമ്മിഷണർ നൽകിയ ശുപാർശ ഫയലിൽ അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയിരുന്നു. ഉത്തരവ് പരിഷ്കരിക്കണമെങ്കിൽ സർക്കാരിന്റെ നയപരമായ തീരുമാനം ആവശ്യമാണെന്നും കുറിപ്പിലുണ്ട്. പുതിയ അപേക്ഷകൾക്ക് '99-ലെ ഉത്തരവ് ബാധകമല്ലെന്ന സർക്കാർ നിലപാടിന് വിരുദ്ധമാണിത്. ഫയൽ എക്സൈസ് മന്ത്രി വഴി മുഖ്യമന്ത്രിക്ക് അയയ്ക്കണമെന്നാണ് മറ്റൊരു ശുപാർശ. ഡിസ്റ്റിലറി അനുവദിക്കുന്നതിലെ നിയമപരമായ പിഴവുകളെല്ലാം ഉദ്യോഗസ്ഥർ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ശ്രീചക്ര ഡിസ്റ്റിലറീസ് വിദേശത്തേക്കുള്ള മദ്യകയറ്റുമതിയാണ് ലക്ഷ്യമിടുന്നതെങ്കിൽ കയറ്റുമതി ലൈസൻസ് മാത്രമേ നൽകാവൂ. മദ്യക്കുപ്പിക്കുമുകളിൽ അത് രേഖപ്പെടുത്തണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചു. സംസ്ഥാനത്തിനുള്ളിൽ വിൽപ്പന നടത്തിയാൽ കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നാണ് മറ്റൊരു ശുപാർശ. എന്നാൽ, തൃശ്ശൂർ ജില്ലയിൽ ഡിസ്റ്റിലറി സ്ഥാപിക്കാൻ അനുമതി നൽകി മന്ത്രി ഫയലിൽ ഒപ്പിട്ടു. ഡിസ്റ്റിലറിക്കുവേണ്ടി '99 മുതൽ രംഗത്തുള്ള ശ്രീചക്രയ്ക്ക് 19 വർഷത്തിനുശേഷമാണ് അനുമതി ലഭിച്ചത്. നയനാർ, വി.എസ്. സർക്കാരുകൾ ഇവർക്ക് അനുമതി നിഷേധിച്ചിരുന്നു. ശ്രീചക്രയുടെ ഓഫീസ് കടമുറിയിൽ കൊച്ചി/പെരുമ്പാവൂർ: ഡിസ്റ്റിലറി തുടങ്ങാൻ അനുമതി ലഭിച്ച ശ്രീചക്ര ഡിസ്റ്റിലറീസ് പ്രവർത്തിക്കുന്നത് പെരുമ്പാവൂരിലെ കടമുറിയിൽ. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ വെബ്സൈറ്റിൽ കമ്പനിയുടെ ഇപ്പോഴത്തെ നില 'സ്ട്രൈക്ക് ഓഫ്' (നീക്കംചെയ്യുക) എന്ന വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വെറും കടലാസ് കമ്പനിയാണോ ഇതെന്ന് സംശയമുയർന്നിട്ടുണ്ട്. പെരുമ്പാവൂർ ബി.ഒ.സി. റോഡിൽ ക്സാസിക് ടവറിലാണ് ബോർഡുപോലുമില്ലാതെ ഇതിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ഇരുനില കെട്ടിടത്തിൽ രണ്ടു ഷട്ടറുകളോടുകൂടിയ കടമുറിയാണിത്. പുളിക്കൽ വീട്ടിൽ പ്രദീപ്, സുരേഷ് കുമാർ തുടങ്ങിയവരാണ് ലൈസൻസ് നേടിയത്. ഡിസ്റ്റിലറി ഇരിങ്ങാലക്കുടയിലാണെന്ന് പറയുന്നു. ശ്രീചക്രയുടെ പാർട്ണർമാരിൽ ഒരാളായ സുരേഷ് കേരള ബിവറേജസ് കോർപ്പറേഷനിൽനിന്ന് സ്വയം വിരമിച്ചയാളാണ്. ഗോവയിലും ഇവർക്ക് ഡിസ്റ്റിലറിയുണ്ടെന്ന് പറയുന്നു. ഡിസ്റ്റിലറിക്ക് അനുമതി ലഭിച്ചിട്ടും ഇതെവിടെയാണെന്ന് കമ്പനി വ്യക്തമാക്കിയില്ല. അനുമതി കൊടുത്തത് ചട്ടവിരുദ്ധമായാണെന്ന ആരോപണം ശക്തമായിരിക്കെയാണ് ഓഫീസ് കണ്ടെത്തിയത്. 20 വർഷമായി ഡിസ്റ്റിലറി നടത്തുന്ന കമ്പനിയുടെ ഓഫീസാണിത്.
from mathrubhumi.latestnews.rssfeed https://ift.tt/2Pd8h27
via
IFTTT
No comments:
Post a Comment