പത്തനംതിട്ട/തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ എൽ.ഡി.എഫ്. നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡിനെ പൂർണമായും കൈവിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിലെ സ്ഥിതി സംബന്ധിച്ച് സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാനുള്ള ബോർഡ് നീക്കത്തെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി, വ്യക്തമായ പഠനം നടത്താതെ ചിലർ കാട്ടുന്ന കോപ്രായങ്ങൾ കണ്ട് റിപ്പോർട്ട് നൽകാനാണ് തീരുമാനമെങ്കിൽ വടികൊടുത്ത് അടിവാങ്ങുമെന്ന മുന്നറിയിപ്പും നൽകി. സർക്കാർ ഈ നീക്കത്തിന് യാതൊരു സഹായവും നൽകില്ല. പത്തനംതിട്ടയിൽ എൽ.ഡി.എഫ്. നടത്തിയ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാനുള്ള ദേവസ്വംബോർഡിന്റെ തീരുമാനത്തിന് തിരിച്ചടിയാണ് സർക്കാർ നിലപാട്. സുപ്രീംകോടതിയിൽ സർക്കാർ പുനഃപരിശോധനാ ഹർജി നൽകില്ല. ഭരണഘടന അംഗീകരിക്കുമെന്ന് സത്യപ്രതിജ്ഞചെയ്താണ് സർക്കാർ അധികാരമേൽക്കുന്നത്. അതേ സർക്കാർ ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നത് രാജ്യത്തെ ജനാധിപത്യതാത്പര്യങ്ങൾക്ക് വിരുദ്ധമാണ്. സുപ്രീംകോടതിവിധിയിൽ അപാകമുണ്ടെന്ന തോന്നൽ സർക്കാരിനില്ല. ആരാധനാലയങ്ങളിൽ സ്ത്രീക്കും പുരുഷനും തുല്യനീതി എന്നതാണ് എൽ.ഡി.എഫ്. നിലപാട്.ക്ഷേത്രം പൂട്ടി താക്കോൽ കോന്തലയിലിട്ട് കൊണ്ടുപോകാൻ തന്ത്രിയുടെ സ്വത്തല്ല ശബരിമലശബരിമല വിഷയത്തിൽ താഴമൺ തന്ത്രികുടുംബത്തിന്റെയും പന്തളം രാജകൊട്ടാരത്തിന്റെയും നിലപാടുകൾക്കും മുഖ്യമന്ത്രിയുടെ വിമർശനം. യുവതികൾ പ്രവേശിച്ചാൽ ശബരിമല ക്ഷേത്രം അടച്ചിടുമെന്നാണ് തന്ത്രി പറഞ്ഞത്. തോന്നുമ്പോൾ ക്ഷേത്രം പൂട്ടി താക്കോൽ കോന്തലയിലിട്ട് (മടിക്കുത്ത്) കൊണ്ടുപോകാൻ തന്ത്രിയുടെ സ്വത്തല്ല ശബരിമല. തിരുവിതാകൂർ ദേവസ്വംബോർഡിന്റെ സ്വത്താണ്. ഇത് തന്ത്രി ഓർത്താൽ നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിലുള്ള അയ്യപ്പനെയാണ് ശബരിമലയിൽ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് വിശ്വാസം. നൈഷ്ഠികബ്രഹ്മചര്യ ഭാവത്തിലുള്ള ദേവനെ പൂജിക്കുന്ന തന്ത്രികൾക്കും ബ്രഹ്മചര്യം ബാധകമാണ്. ഇത്തരത്തിൽ എന്ത് ബ്രഹ്മചര്യമാണ് താഴമൺ തന്ത്രിമാർ പാലിക്കുന്നതെന്ന് പിണറായി ചോദിച്ചു. ശബരിമലയിൽ പ്രതിഷ്ഠ നടത്തുന്നകാലത്ത് താഴമൺ കുടുംബം ഇവിടെയില്ല. പിൽക്കാലത്ത് ആന്ധ്രയിൽനിന്ന് കുടിയേറിയവരാണിവർ. ശബരിമലയിലെ ആചാരങ്ങളിൽ കാലാകാലങ്ങളിൽ മാറ്റംവന്നിട്ടുള്ളതാണ്. അയ്യപ്പന്റെ വിഗ്രഹത്തിൽ തേനഭിഷേകം നടത്താനുള്ള മലയരയ ആദിവാസി സമൂഹത്തിന്റെ അവകാശം ഇത്തരത്തിൽ ഇല്ലാതായതാണ്. പണ്ടുകാലത്ത് ലോകനാർക്കാവ് അടച്ചിട്ട തന്ത്രിയെ കടത്തനാട് രാജാവ് മാറ്റിയ സംഭവം താഴമൺകുടുംബം ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പന്തളം കൊട്ടാരമല്ല, അവകാശി ദേവസ്വംബോർഡ്ശബരിമല ക്ഷേത്രത്തിന്റെ നിയമപരമായ ഏക അവകാശി തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഇപ്പോൾ പന്തളം കൊട്ടാരത്തിന് ഉത്സവകാലത്ത് ചില ഉത്തരവാദിത്വങ്ങൾ നിലനിൽക്കുന്നുണ്ട്. തുടർന്നും അവരത് നിർവഹിക്കും. അതില്ലാതാക്കുക സർക്കാർ നയമല്ല. തെറ്റായ അധികാരമുണ്ടെന്നുപറഞ്ഞപ്പോൾ തെറ്റിദ്ധാരണ മാറ്റാൻ യാഥാർഥ്യം പറഞ്ഞതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്താണെന്നത് എല്ലാവരും ഉൾക്കൊള്ളണം. 1949-ലെ കവനന്റ് (കരാർ) അനുസരിച്ച് അവകാശമുണ്ടെന്നാണ് ചിലർ പറയുന്നത്. കവനന്റിൽ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. കടക്കെണികാരണം പന്തളം രാജ്യവും എല്ലാ ആദായങ്ങളും ശബരിമല ക്ഷേത്രത്തിലെ നടവരവും നേരത്തേതന്നെ തിരുവിതാംകൂറിന് അടിയറവെച്ചിരുന്നു. തിരുവിതാംകൂറിന്റെ സ്വത്തായിരുന്ന ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ കവനന്റ് പ്രകാരം തിരു-കൊച്ചി സംസ്ഥാനത്തിന്റേതായി. പിന്നീട് ഐക്യകേരളം വന്നപ്പോൾ അവയെല്ലാം കേരളത്തിന്റെ സ്വത്തായി. തുടർന്ന് ഹിന്ദുക്ഷേത്രങ്ങൾ ഭരിക്കാൻ ദേവസ്വം ബോർഡ് രൂപവത്കരിച്ചു. അന്നുമുതൽ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രമാണ് ശബരിമല -മുഖ്യമന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PWyq5K
via
IFTTT
No comments:
Post a Comment