ശബരിമലയിൽ കോൺഗ്രസ് ഇപ്പോൾ കളിക്കുന്ന കളി ചരിത്രം എങ്ങിനെ വിലയിരുത്തും എന്നത് ഉമ്മൻചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ അസ്വസ്ഥമാക്കുന്നുണ്ടാവില്ല. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് മാത്രമാണ് ഇപ്പോൾ ഉമ്മച്ചന്റെയും ചെന്നിത്തലയുടെയും മുന്നിലുള്ളത്. വൈക്കം സത്യാഗ്രഹത്തിനെത്തിയ ഗാന്ധിജിയും ഗുരുവായൂരിൽ സമരം നടത്തിയ കേളപ്പനും ഈ നിമിഷങ്ങളിൽ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ ഓർമ്മയിലില്ല . കേരളത്തെ മുന്നോട്ടുകൊണ്ടുപോയ നവോത്ഥാന പാതകളിലൂടെയല്ല കോൺഗ്രസ് നേതൃത്വം ഇപ്പോൾ നടക്കുന്നത്. കാലിനടിയിലെ മണ്ണ് ഒലിച്ചുപോവാതിരിക്കാൻ അയ്യപ്പനായിട്ട് കൊണ്ടുവന്ന് തന്ന സുവർണ്ണാവസരം തള്ളിക്കളയാൻ തങ്ങൾ എന്താ പൊട്ടന്മാരാണോ എന്നായിരിക്കും ഉമ്മച്ചനും ചെന്നിത്തലയും ചോദിക്കുന്നത്. ശബരിമല പ്രശ്നത്തിൽ കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന നിലപാടിന്റെ പൊരുളറിയാൻ പാഴൂർ പടിപ്പുരയിലേക്ക് പോവേണ്ട കാര്യമില്ല. മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും സർവ്വോപരി കോൺഗ്രസ്സുകാരനുമായ പ്രയാർ ഗോപാലകൃഷ്ണനാണ് ഇപ്പോൾ കോൺഗ്രസ് നേരിടുന്ന ധർമ്മസങ്കടത്തിന്റെ ശരിയായ പ്രതീകം. പ്രയാർ ബിജെപിയിലേക്ക് പോവുമോയെന്നത് ശരിക്കു പറഞ്ഞാൽ ഒരു ചോദ്യമേയല്ല. അതെപ്പോൾ വേണമെങ്കിലും സംഭവിച്ചേക്കുമോ എന്ന് കോൺഗ്രസ് നേതൃത്വം പേടിക്കുന്നുണ്ട്. പ്രയാർ ഗോപാലകൃഷ്ണൻ ഒരേസമയം ഒരു പ്രതീകവും സൂചനയുമാണ്. കോൺഗ്രസ്സിനുള്ളിൽ ഇപ്പോൾ ആയിരക്കണക്കിന് പ്രയാർമാരുണ്ട്. കോൺഗ്രസ്സ് നേതൃത്വത്തെ പേടിപ്പിക്കുന്നത് ഇതാണ്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ബിജെപിയുണ്ടാക്കിയ നേട്ടം തങ്ങളുടെ മുതലുകൊണ്ടാണെന്ന യാഥാർത്ഥ്യം കോൺഗ്രസ് നേതൃത്വത്തിന് മറക്കാനാവില്ല. അതുകൊണ്ടുതന്നെ ശബരിമലയിൽ വാസ്തവത്തിൽ ഇടതുപക്ഷമല്ല ബിജെപിയാണ് കോൺഗ്രസ്സിന്റെ എതിരാളികൾ. ശബരിമല പ്രശ്നത്തിൽ കോൺഗ്രസ്സിന്റെ മുഖവും ശബ്ദവും കെ.സുധാകരനാവുന്നത് ഈ പരിസരത്തിലാണ്. ഇതുകൊണ്ടുതന്നെയാണ് വി ഡി സതീശനെയും വി ടി ബലറാമിനെയും പോലുള്ള അഭിനവ പരിഷ്കരണവാദികൾ തന്ത്രപരമായ നിശ്ശബ്ദത പാലിക്കുന്നതും. ശബരിമല കേസിൽ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുകയാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം ചെയ്തത്. ആർ എസ് എസ്സ് സ്വീകരിച്ച നിലപാടും ഇതു തന്നെയായിരുന്നുവെന്നത് യാദൃശ്ചികമല്ല. പക്ഷേ, ഈ നിലപാടുകൾ ഒരു പ്രസ്തവന മാത്രമായി ഒതുങ്ങി. ഗാന്ധിജി ഒരു പ്രതിമ മാത്രമായ ഇന്ത്യയിൽ ഇത്തരം പരിണാമങ്ങൾ ആരെയും അത്ഭുതപ്പെടുത്താനിടയില്ല. സ്ത്രീകൾക്കെതിരെ ഒരു പരസ്യ നിലപാടെടുക്കാൻ ആർ എസ് എസ്സിനാവില്ല. ശബരിമല മാത്രം നോക്കി നാഗ്പൂരിലെ താത്വികാചാര്യന്മാർക്ക് ഒരു നയത്തിന് രൂപം നൽകാനാവില്ല. ഒരു സാംസ്കാരിക സംഘടനയാണ് തങ്ങളുടേതെന്ന് ആർ എസ് എസ്സ് നേതൃത്വം ആവർത്തിക്കുന്നത് വെറുതെയല്ല. രാഷ്ട്രീയം കളിക്കുകയല്ല കളിപ്പിക്കുകയാണ് ആർ എസ് എസ് ചെയ്യുന്നത്. അതെങ്ങിനെ വൃത്തിയായി ചെയ്യണമെന്ന് ഭാഗവതിനും കൂട്ടർക്കും ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. കോൺഗ്രസ്സിന്റെ പ്രശ്നം അതിന് ആർ എസ് എസ്സ് പോലൊരു മുഖപടമില്ലെന്നതാണ്. ഒരേ സമയം ദ്വൈതവും അദ്വൈതവും പറയാൻ ആർ എസ് എസ്സിനും ബിജെപിക്കുമാവും. കടങ്കഥ കൊണ്ട് പൊതിഞ്ഞ പ്രഹേളിക പോലെയാണത്. ഗാന്ധിജിയും നെഹ്രുവും അല്ലെങ്കിൽ സർദാർ പട്ടേലും നെഹ്രുവും ഇത്തരം ചില കടങ്കഥകൾ കോൺഗ്രസ്സിന് സമ്മാനിച്ചിരുന്നു. ഗാന്ധിജിയും നെഹ്രുവും പട്ടേലും ശാസ്ത്രിയും മൊറാർജിയുമൊക്കെയുണ്ടായിരുന്ന കോൺഗ്രസ് ഒരു കുറസോവ സിനിമ പോലെയായിരുന്നു. സത്യത്തിന് ബഹുവിധ രൂപങ്ങളുണ്ടെന്ന് ഇവർ ഇന്ത്യൻ ജനതയെ ഓർമ്മിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ കാലമായപ്പോഴേക്കും ഒരേയൊരു നേതാവ് എന്ന അവസ്ഥയായി. കുറസോവയിൽ നിന്ന് ജോഷിയിലേക്കുള്ള പരിണാമമായിരുന്നു അത്. ഇന്നിപ്പോൾ ആർ എസ് എസ്സിനെ അവരുടെ കളത്തിൽ നേരിടുന്നതിന് ഒരു ഗാന്ധിജിയില്ലാത്തതിന്റെ അല്ലെങ്കിൽ ഒരു നെഹ്രുവില്ലാത്തതിന്റെ കുറവ് കോൺഗ്രസ് നേതൃത്വം ശരിക്കും തിരിച്ചറിയുന്ന സമയമാണിത്. ഈ പ്രതിസന്ധിയിൽ അതുകൊണ്ടുതന്നെ ദീർഘകാല പദ്ധതികളല്ല കോൺഗ്രസ് നേതൃത്വം വിഭാവനം ചെയ്യുന്നത്. ദീർഘകാലം ആരും ജിവിച്ചിരിക്കില്ല എന്ന ജോൺമെയ്നാർഡ് കെയ്ൻസിന്റെ സാമ്പത്തിക വീക്ഷണമായിരിക്കണം ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതാക്കളെ നയിക്കുന്നത്. കോൺഗ്രസിന്റെ ഈ പോരാട്ടം ഒരർത്ഥത്തിൽ ബിജെപിക്കു പോലുമെതിരെയല്ല, പ്രയാർ ഗോപാലകൃഷ്ണന്മാർക്കെതിരെയുള്ള പോരാട്ടമാണിത്. ഉള്ളടക്കമാണ് ശൈലിയെ രൂപപ്പെടുത്തുന്നത്. കോൺഗ്രസ് ഇപ്പോൾ കളിക്കുന്ന കളി ശുഷ്കവും വിരസവുമാണെന്ന പ്രതീതി ഉയരുന്നതും അതുകൊണ്ടുതന്നെയാണ്. പക്ഷേ, ഈ കളിയിൽ നിന്നും വിട്ടുനിൽക്കാൻ കോൺഗ്രസ്സിനാവില്ല. കാരണം ഇത് കോൺഗ്രസ്സിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെ പോരാട്ടം കൂടിയാവുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PBnFW4
via
IFTTT
No comments:
Post a Comment