ഗുണ്ടൂർ: തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം യുവതി ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ വ്യാപാരിയായ ഛുക്ക രത്നബാബു(26)വിനെയാണ് ഭാര്യ സ്വർണലത(24) അതിക്രൂരമായി കൊലപ്പെടുത്തിയത്. സ്വർണലതയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ദമ്പതികളുടെ വീട്ടിൽവച്ചാണ് ഏവരെയും നടുക്കിയ സംഭവമുണ്ടായത്. അഞ്ചുവർഷം മുമ്പ് വിവാഹിതരായ ഇരുവരും തമ്മിൽ ഇടയ്ക്കിടെ വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയും ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഉറങ്ങാതിരുന്ന സ്വർണലത ഉറങ്ങികിടക്കുകയായിരുന്ന ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തിൽ തലയോട് തകർന്ന് തൽക്ഷണം മരണംസംഭവിച്ചു. എന്നാൽ ഭർത്താവ് മരിച്ചിട്ടും യുവതിയുടെ ക്രൂരത അവസാനിച്ചില്ല. ഭർത്താവിന്റെ ജനനേന്ദ്രിയും മുറിക്കുകയും സ്വകാര്യഭാഗങ്ങളിൽ മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെയാണ് ബന്ധുക്കളും അയൽവാസികളും കൊലപാതകവിവരമറിഞ്ഞത്. തുടർന്ന് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ച് യുവതിയെ അറസ്റ്റ് ചെയ്തു. ഭർത്താവിനെ കൊലപ്പെടുത്തിയ സ്വർണലത പൊതുവെ ദേഷ്യക്കാരിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ചെറിയകാര്യങ്ങൾക്കുപോലും വഴക്കിടുന്നത് പതിവായിരുന്നു. രത്നബാബു-സ്വർണലത ദമ്പതികൾക്ക് രണ്ടു മക്കളാണ്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2q5PFWR
via
IFTTT
No comments:
Post a Comment