ന്യൂഡൽഹി:ജീവിതശൈലീരോഗങ്ങൾ വെളിപ്പെടുത്താത്തതിന്റെ പേരിൽ ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് നിഷേധിക്കരുതെന്ന് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ എൽ.ഐ.സി.യോട് നിർദേശിച്ചു. പ്രമേഹം ബാധിച്ച് മരിച്ചയാളുടെ ഭാര്യക്ക് എൽ.ഐ.സി. അഞ്ചുലക്ഷം രൂപ നൽകണമെന്ന് വിധിച്ചുകൊണ്ടാണ് കമ്മിഷൻ ഇക്കാര്യം വ്യക്തമാക്കിയത്. പഞ്ചാബ് സ്വദേശിയായ നീലം ചോപ്രയ്ക്കാണ് ഇൻഷുറൻസ് തുകയും നഷ്ടപരിഹാരമായി 25,000 രൂപയും കേസ് നടത്തിപ്പിന് ചെലവായ 5000 രൂപയും നൽകണമെന്ന് കമ്മിഷൻ വിധിച്ചത്. എൽ.ഐ.സി.യുടെ ചണ്ഡീഗഢ് ശാഖ 45 ദിവസത്തിനുള്ളിൽ ഇത് നൽകണം. 2003-ലാണ് നീലത്തിന്റെ ഭർത്താവ് എൽ.ഐ.സി.യിൽനിന്ന് ലൈഫ് ഇൻഷുറൻസ് പോളിസിയെടുത്തത്. എന്നാൽ, ആ സമയം പ്രമേഹം രേഖപ്പെടുത്തിയില്ല. 2004-ൽ അദ്ദേഹം ഹൃദയാഘാതത്താൽ മരിച്ചു. പോളിസിയനുസരിച്ചുള്ള തുകയാവശ്യപ്പെട്ട് നീലം എൽ.ഐ.സി.യെ സമീപിച്ചു. പ്രമേഹം മറച്ചുവെച്ചെന്ന കാരണം പറഞ്ഞ് എൽ.ഐ.സി. തുക നിഷേധിച്ചു. എന്നാൽ, മരണത്തിന് അഞ്ചുമാസം മുമ്പുമാത്രമാണ് അതിനിടയാക്കിയ ഹൃദയാഘാതമുണ്ടായതെന്നും പോളിസിയെടുക്കുന്ന സമയം അതുണ്ടായിരുന്നില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. പ്രമേഹം നേരത്തേയുണ്ടായിരുന്നു. പോളിസിയെടുക്കുന്ന സമയം അത് നിയന്ത്രണത്തിലായിരുന്നു. അതിലുപരി പ്രമേഹം അടക്കമുള്ള ജീവിതശൈലീരോഗങ്ങൾ വെളിപ്പെടുത്തിയില്ലെന്നത് ഇൻഷുറൻസ് തുക നിഷേധിക്കാനുള്ള കാരണമാകരുത്. എന്നാൽ, ഇത് ഇത്തരത്തിലുള്ള രോഗങ്ങൾ മറച്ചുവെയ്ക്കാനുള്ള അവകാശമായി ഗുണഭോക്താവ് കാണരുത്. മരണകാരണമോ മരണവുമായി നേരിട്ട് ബന്ധമില്ലാത്തതോ ആയ, മുമ്പുണ്ടായിരുന്ന ഒരു രോഗം വെളിപ്പെടുത്താതിരിക്കുന്നത് ഇൻഷുറൻസ് തുക പൂർണമായി തള്ളാനുള്ള കാരണമാകരുതെന്നും കമ്മിഷൻ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2QNCsgB
via
IFTTT
No comments:
Post a Comment