ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പയിനില്‍ അനേകം സ്ത്രീകള്‍ ആരോപണം ഉന്നയിച്ച് രംഗത്ത് വന്ന ടെലിവിഷന്‍ സിനിമാതാരം അലോക് നാഥിനെതിരേ ആരോപണവുമായി ബോളിവുഡിലെ സൂപ്പര്‍നായി ആലിയാഭട്ടിന്റെ മാതാവ് സോണി റസ്ദാനും. അലോക് നാഥ് ഒരു പകല്‍മാന്യനാണെന്നും മദ്യപിച്ചുകഴിയുമ്പോഴാണ് അയാളുടെ വിഷയാസക്തി പുറത്തുവരുന്നതെന്നും കഴിഞ്ഞകാല നടിയും സംവിധായികയുമൊക്കെയായി സോണി റസ്ദാന്‍ പറഞ്ഞു. ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. പക്ഷേ തന്നോട് ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെങ്കിലും അയാള്‍ തന്നെ നോക്കുന്നത് പോലും ഇഷ്ടമായിരുന്നില്ലെന്നും പറഞ്ഞു.
അലോക്‌നാഥിനെതിരേ മീടൂവില്‍ ആദ്യം ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത് എഴുത്തുകാരിയും നിര്‍മ്മാതാവുമായ വിന്റാ നന്ദയായിരുന്നു. പത്തു വര്‍ഷം മുമ്പ് 90 കളിലെ താര എന്ന ടെലിവിഷന്‍ ഷോയില്‍ സഹകരിച്ചിരുന്ന കാലത്ത് അലോക്‌നാഥ് തന്നെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു വിന്റയുടെ വെളിപ്പെടുത്തല്‍. അലോക് നാഥിന്റെ ഒട്ടേറെ കാര്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും മദ്യപിച്ചു കഴിയുമ്പോള്‍ അയാളുടെ സ്ത്രീ വിഷയത്തിലുള്ള കമ്പം പുറത്തുവരുമെന്ന് താന്‍ ഉറപ്പായും പറയുന്നെന്നും സോണി റസ്ദാന്‍ പറഞ്ഞു. വിന്റാനന്ദയുടെ ആരോപണം പുറത്തുവന്ന സാഹചര്യത്തില്‍ അലോക്‌നാഥിന് അക്കാരം സമ്മതിച്ച് മാപ്പു പറയുകയാണ് ഏറ്റവും ഉചിതമായ കാര്യമെന്നും പറഞ്ഞു.
80 കളിലെ ഹിറ്റ് സിനിമയായ ബുനിയാദില്‍ സോണി റസ്ദാന്‍ അലോക് നാഥിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇതുവരെ ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും പലരും തന്നെ ഈ ഉദ്ദേശത്തില്‍ സമീപിച്ചിട്ടുണ്ടെന്നും വിവിധ രീതിയില്‍ പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു. ഒരിക്കല്‍ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അയാളുടെ കുടുംബത്തെ ഓര്‍ത്താണ് അത് പുറത്തു പറയാതിരുന്നതെന്നും പറഞ്ഞു. നിര്‍മ്മാതാവും സംവിധായകനുമായ മഹേഷ്ഭട്ടിനെ വിവാഹം ചെയ്ത സോണി റസ്ദാന്‍ പിന്നീട് സിനിമയില്‍ നിന്നും മാറി നിന്നു. മഹേഷ്ഭട്ട്-സോണി റസ്ദാന്‍ ദമ്പതികള്‍ക്ക് ആലിയാഭട്ടിനെ കൂടാതെ ഷഹീന്‍ എന്നൊരു മകള്‍ കൂടിയുണ്ട്.
അതേസമയം സോണി റസ്ദാന്റെ ആരോപണത്തിന് പിന്തുണയുമായി അനേകര്‍ അലോക് നാഥിനെതിരേ രംഗത്ത് വന്നിട്ടുണ്ട്. അനേകം സിനിമകളില്‍ അലോക്‌നാഥിനൊപ്പം പ്രവര്‍ത്തിച്ച ഹിമാനി ശിവപുരിയാണ് അവരില്‍ ഒരാള്‍. ഷൂട്ടിംഗിനിടയിലെ പകല്‍ സമയത്ത് അലോക്‌നാഥ് ശാന്തനും മര്യാദക്കാരനുമാണ്. എന്നാല്‍ മദ്യപിച്ചു കഴിയുമ്പോള്‍ തനിനിറം പുറത്തുവരും. ആളാകെ മാറും. അയാള്‍ക്കൊപ്പം ജോലി ചെയ്യുന്നത് ഏറെ ദുഷ്‌ക്കരമാണെന്ന് പല സ്ത്രീകളും പറഞ്ഞിട്ടുണ്ട്. താരയില്‍ അലോക്‌നാഥിന്റെ പകരക്കാരായി എത്തിയ ദേവന്‍ ഭോജ്‌നാനിയും ഇതു തന്നെ പറയുന്നു.
വിന്റാ നന്ദ ആരോപണം ഉന്നയിച്ചതിന് പിന്നാലെ 1998 ലെ സിനിമ ഹംസാത്ത് സാത്ത് ഹേയില്‍ അലോക്‌നാഥിനൊപ്പം ജോലി ചെയ്തതിന്റെ വിശേഷം മീ ടൂ ക്യാമ്പയിനില്‍ ക്രൂവില്‍ ഉണ്ടായിരുന്ന സന്ധ്യാമൃദുലും പങ്കുവെച്ചിരുന്നു. തുടര്‍ന്ന താരയിലെ നടി നവ്‌നീത് നിഷാനും സെറ്റില്‍ അലോക് നാഥില്‍ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് തുറന്നടിച്ചു. പലരും ആരോപണവുമായി രംഗത്ത് വരാന്‍ തുടങ്ങിയതോടെ സിനിമകളിലും പരമ്പരകളിലും നല്ലവനായ മുത്തശ്ശനായി അഭിനയിച്ചിട്ടുള്ള അലോക്‌നാഥിന് പല സിനിമാ സംഘടനകളും ഷോകോസ് നോട്ടീസ് അയച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2RdBvOK
via IFTTT
No comments:
Post a Comment