എക്സൈസ് ആസ്ഥാനത്തെ സേവനങ്ങൾ ഓൺലൈനാക്കാനുള്ള പട്ടികയിൽനിന്ന് ഡിസ്റ്റിലറി, ബ്രൂവറി അപേക്ഷകൾ വെട്ടിമാറ്റിയത് അന്തിമഘട്ടത്തിൽ. എക്സൈസ് ആസ്ഥാനത്തെ വിവിധ സേവനങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോൾ അതിൽ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകളെക്കുറിച്ചും പരാമർശമുണ്ടായിരുന്നു. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ തയ്യാറാക്കിയ സർവീസ് പ്ലസ് എന്ന ഓൺലൈൻ സംവിധാനത്തിലേക്ക് ഈ പട്ടിക നൽകിയപ്പോൾ ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകൾ ഒഴിവാക്കപ്പെട്ടു. പരിഗണനയിലുള്ള പുതിയ അപേക്ഷകളുടെ രഹസ്യസ്വഭാവം സൂക്ഷിക്കാനാണ് ഓൺലൈനിൽനിന്ന് അവസാനഘട്ടത്തിൽ ഇവ ഒഴിവാക്കിയതെന്നാണ് ആരോപണം. ഡിസ്റ്റിലറി ഇടപാടിൽ അപേക്ഷകരെ വഴിവിട്ട് സഹായിച്ചെന്ന് ആരോപണമുള്ള, മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗമാണ് ഇതിന് നിർദേശം നൽകിയതെന്ന് അറിയുന്നു. ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട പ്രധാന സേവനങ്ങളിൽ പുതിയ അപേക്ഷകൾ മാത്രമാണ് ഒഴിവാക്കപ്പെട്ടത്. ബാർ ലൈസൻസ് ഉൾപ്പെടെ സങ്കീർണമായ ഒട്ടേറെ അപേക്ഷകൾ ഓൺലൈനിൽ ഉൾക്കൊള്ളിച്ചപ്പോഴാണ് താരതമ്യേന ലളിതമായ നടപടിക്രമങ്ങളുള്ള ബ്രൂവറി, ഡിസ്റ്റിലറി അപേക്ഷകൾ ഓൺലൈനിൽനിന്ന് ഒഴിവാക്കപ്പെട്ടത്. പുതിയ അപേക്ഷകളിലെ ക്രമക്കേട് ഒളിപ്പിച്ചുവയ്ക്കാനായിരുന്നു ഇതെന്നാണ് ആരോപണം. ഇടതുസർക്കാർ അധികാരത്തിൽവന്ന് ആറുമാസങ്ങൾക്കുശേഷമാണ് ഓൺലൈൻ പദ്ധതിക്ക് അന്തിമരൂപം നൽകിയത്. തുടങ്ങിയ വർഷം ഇ-ട്രഷറിയുമായി ബന്ധപ്പെടുത്തി 79 കോടി രൂപയുടെ ഫീസാണ് ഓൺലൈനിലൂടെ സ്വീകരിച്ചത്. ഉദ്ഘാടനവേളയിൽ 22 സേവനങ്ങളിൽ 16 എണ്ണം ഓൺലൈനാക്കിയിട്ടുണ്ടെന്നും ശേഷിക്കുന്ന ആറെണ്ണം ഉടൻ ഓൺലൈനാക്കുമെന്നും എക്സൈസ് കമ്മിഷണർ പത്രക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ, തുടർനടപടി ഉണ്ടായില്ല. പുതിയ അപേക്ഷ ഒഴിവാക്കിയെങ്കിലും ഡിസ്റ്റിലറിയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളെല്ലാം ഈ സമയം ഓൺലൈനിൽ എത്തിയിരുന്നു. മദ്യനിർമാണത്തിനുവേണ്ടിയുള്ള സ്പിരിറ്റ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കാത്തതിനാൽ പുറമേനിന്നു കൊണ്ടുവരാനുള്ള അനുമതിയും ഓൺലൈനിൽ നേടാം. ഡിസ്റ്റിലറികൾക്കുവേണ്ട എക്സ്ട്രാ നൂട്രൽ ആൾക്കഹോൾ, റെക്ടിഫൈഡ് സ്പിരിറ്റ്, ഗ്രേപ്പ് സ്പിരിറ്റ് തുടങ്ങി ഏഴുതരം സ്പിരിറ്റുകൾക്ക് ഓൺലൈനിൽ പെർമിറ്റ് എടുക്കാം. ഡിസ്റ്റിലറി അപേക്ഷകർക്ക് ബാധകമല്ലാത്ത വിലക്ക് ഓൺലൈൻ സേവനം ഏർപ്പെടുത്തിയതിനു പിന്നാലെ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് എക്സൈസ് ആസ്ഥാനത്ത് അപേക്ഷകർക്ക് കർശനനിരോധനവും ഏർപ്പെടുത്തി. ഓൺലൈൻ അപേക്ഷകരെ സഹായിക്കാൻ ഹെൽപ്പ് ലൈൻ സംവിധാനവും സജ്ജീകരിച്ചു. അപേക്ഷകരോ അവരുടെ പ്രതിനിധികളോ എക്സൈസ് ആസ്ഥാനത്ത് എത്തുന്നത് തടഞ്ഞുകൊണ്ട് പ്രത്യേക സർക്കുലറും ഇറക്കി. എന്നാൽ, ഡിസ്റ്റിലറി, ബ്രൂവറി അപേക്ഷകർക്ക് ഈ വിലക്കൊന്നും ബാധകമായില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2EeVuv4
via
IFTTT
No comments:
Post a Comment