ബെംഗളൂരു: ഇന്ത്യയ്ക്കുവേണ്ടി ദസ്സോ നിർമിക്കുന്ന റഫാൽ വിമാനങ്ങൾ ഫെബ്രുവരിയിൽ നടക്കുന്ന ബെംഗളൂരു എയർ ഷോയിൽ പ്രദർശിപ്പിക്കില്ല. വിമാനങ്ങൾ ഫെബ്രുവരിയോടെ സജ്ജമാകില്ലെന്നാണ് വ്യോമസേനാ അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം എയർഷോയ്ക്കു വേണ്ടി മാത്രമായി ദസ്സോ റഫാൽ വിമാനങ്ങൾ എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യോമസേന ഡെപ്യൂട്ടി ചീഫ് ഓഫ് എയർ സ്റ്റാഫ് മാർഷൽ ആർ.കെ. സിങ് ഭദൗരിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി പരിപാടി ഉദ്ഘാടനം ചെയ്യാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യെലഹങ്ക വ്യോമതാവളത്തിൽ പ്രതിരോധ മന്ത്രിക്കൊപ്പമാണ് അദ്ദേഹം വാർത്താ സമ്മേളനം നടത്തിയത്. റഫാൽ ഇടപാടിൽ എച്ച്.എ.എല്ലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ചു. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം 2015 ഏപ്രിൽ 10 ന് നടത്തിയ ഇന്ത്യാ- ഫ്രാൻസ് സംയുക്ത പ്രസ്താവനയിലുണ്ടെന്നാണ് പ്രതിരോധമന്ത്രി മറുപടി നൽകിയത്. യുപിഎ സർക്കാർ കൊണ്ടുവന്ന കരാറിനേക്കാൾ എന്തുകൊണ്ടും മികച്ച കരാറാണ് തങ്ങൾ നടപ്പിലാക്കിയതെന്ന് നിർമലാ സീതാരാമൻ അവകാശപ്പെട്ടു. പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെയാണ് റഫാൽ ഇടപാടിനെ ഈ സർക്കാർ സമീപിച്ചത്. വ്യോമസേനയുടെ കരുത്ത് 42 സ്ക്വാഡ്രൺ എന്നതിൽ നിന്ന് 33 ആയി കുറയുന്ന സാഹചര്യത്തിലാണ് 36വിമാനങ്ങൾ നിർമിച്ച് കൈമാറുന്ന രീതിയിൽ വാങ്ങാൻ സർക്കാർ തീരുമാനിച്ചതെന്ന് അവർ പറഞ്ഞു. വിഷയത്തിന്റെഗൗരവം പരിഗണിച്ച് അത്യാവശ്യമെന്ന് തോന്നിയ നടപടിയാണ് സ്വീകരിച്ചതെന്നും അവർ വ്യക്തമാക്കി. അധികാരത്തിൽ തിരികെ എത്താനുള്ള കോൺഗ്രസിന്റെ പരവശതയാണ് റഫാൽ ഒരു പ്രശ്നമായി ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിലെന്നും അവർ ആരോപിച്ചു. കഴിഞ്ഞ നാലരവർഷത്തിനിടെ സർക്കാരിനെതിരെ അഴിമതിയുടെ ചെറിയ ആരോപണം പോലും ഉയർന്നില്ല. എന്നാൽ അധികാരത്തിലെത്താനുള്ള വ്യഗ്രതകൊണ്ട് കോൺഗ്രസ് ഹിറ്റ് ആൻഡ് റൺ തന്ത്രം പയറ്റിക്കൊണ്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2y33c5b
via
IFTTT
No comments:
Post a Comment