ന്യൂഡൽഹി:വ്യാവസായിക, ആണവ മേഖലകൾക്ക് ആവശ്യമായ കരിമണൽ ധാതുക്കളുടെ കയറ്റുമതി പൂർണമായും പൊതുമേഖലയിലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേരളത്തിൽനിന്നുള്ള അനധികൃത കരിമണൽക്കടത്തിന് ഇതോടെ അവസാനമാകും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡിന് (ഐ.ആർ.ഇ.എൽ.) മാത്രമേ ഇനി ഈ ധാതുക്കൾ കയറ്റി അയയ്ക്കാനാവൂ. അതേസമയം, കരിമണലിന്റെ ഖനനവും ധാതുക്കളുടെ വേർതിരിക്കലും സ്വകാര്യമേഖലയിലും തുടരും. കയറ്റുമതിക്കുമാത്രമാവും പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ.എല്ലിന്റെ നിയന്ത്രണമുണ്ടാവുക. സംസ്ഥാനത്ത് കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് പ്രധാനമായും വിലകൂടിയ ധാതുക്കളടങ്ങിയ കരിമണലുള്ളത്. വെള്ളാനത്തുരുത്ത്, പണ്ടാരത്തുരുത്ത്, ചെറിയ അഴീക്കൽ, ആറാട്ടുപുഴ എന്നിവയാണ് മുഖ്യകേന്ദ്രങ്ങൾ. ഇൽമനൈറ്റ്, റൂട്ടൈൽ, ല്യൂക്കോസിൻ (ടൈറ്റാനിയം ഉള്ള കരിമണൽ), സിർക്കോൺ, ഗാർനെറ്റ്, സിലിമനൈറ്റ്, മോണോസൈറ്റ് (യുറേനിയം, തോറിയം) എന്നിവയുള്ള കരിമണലിനെയാണ് പുതിയ പട്ടികയിലാക്കിയത്. ഇതിനായി തീരദേശ കരിമണൽ കയറ്റുമതിനയം ഭേദഗതിചെയ്തു. ഈ ധാതുക്കളെ 98-എ എന്ന സീരിയൽ നമ്പറിന് കീഴിലാക്കി ഇന്ത്യൻ ട്രേഡ് ക്ലാസിഫിക്കേഷന്റെ(ഐ.ടി.സി-എച്ച്.എസ്.) രണ്ടാംപട്ടികയുടെ 26-ാം അധ്യായത്തിൽ ഉൾപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ആണവോർജവകുപ്പിന്റെ ശുപാർശപ്രകാരം വാണിജ്യമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ദീർഘകാലത്തെ ഇടവേളയ്ക്കുശേഷമാണ് പൊതുമേഖലാസ്ഥാപനമായ ഐ.ആർ.ഇ.എൽ. കരിമണലധിഷ്ഠിത വ്യവസായത്തിന്റെ നോഡൽ ഏജൻസിയായി മാറുന്നത്. 2006-വരെ ഇവയെല്ലാംതന്നെ പ്രത്യേക പട്ടികയിലുൾപ്പെടുത്തിയ ധാതുക്കളായിരുന്നു. അന്ന് നയംമാറ്റിയതോടെ 2007 ജനുവരി ഒന്നുമുതൽ പ്രത്യേകപട്ടികയുടെ പദവി ഇല്ലാതായി. ആണവ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന യുറേനിയവും തോറിയവും അടങ്ങിയ മോണോസൈറ്റ് ഒഴികെയുള്ളവ ആർക്കുവേണമെങ്കിലും കയറ്റി അയയ്ക്കാമെന്ന സ്ഥിതിയായി. ഇപ്പോൾ ഈ ധാതുക്കൾക്ക് കയറ്റുമതിയുടെ കാര്യത്തിൽമാത്രമാണ് നിയന്ത്രണം തിരികെ കൊണ്ടുവന്നിരിക്കുന്നത്. എങ്കിലും 2006-നുമുമ്പുള്ള പ്രത്യേക പട്ടികപദവി ഉണ്ടാവില്ല. അതായത്, പഴയതുപോലെ കരിമണലുമായി ബന്ധപ്പെട്ട സംഗതി മുഴുവനായി പൊതുമേഖലയിലേക്ക് തിരിച്ചുപോവില്ലെന്ന് അർഥം. പാർലമെന്റിലും പുറത്തും ദീർഘകാലമായി കേരള എം.പി.മാർ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടതെന്ന് കൊല്ലം എം.പി. എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2ydwI94
via
IFTTT
No comments:
Post a Comment