തിരുവനന്തപുരം: നാടിനെ കണ്ണീരിലാഴ്ത്തി വയലിൻ മാന്ത്രികൻ ബാലഭാസ്കർവിടപറയുമ്പോൾ കേൾവിപ്പെട്ട ഒരു പ്രണയകഥയും മലയാളിയുടെ മനസ്സിൽ പാഞ്ഞെത്തുന്നു . ബാലുവിന്റെയും ലക്ഷ്മിയുടെയും പ്രണയം. ഒന്നരവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ബാലഭാസ്കർ ലക്ഷ്മിയെ ജീവിതസഖിയാക്കിയത്. വീട്ടുകാർ എതിർത്തിട്ടും സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിൽ ചെറുപ്രായത്തിൽത്തന്നെ വിവാഹത്തിന് ബാലഭാസ്കർ തയ്യാറായി. 22ാം വയസിൽ എം.എ. സംസ്കൃതം അവസാനവർഷ വിദ്യാർഥിയായിരിക്കെയാണ് ബാലഭാസ്കർ കുടുംബനാഥനായത്. ഭാര്യ ലക്ഷ്മിയും അതേ കോളേജിൽ ഹിന്ദി എം.എ. വിദ്യാർഥിനിയായിരുന്നു. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ ബാലഭാസ്കർ തുടങ്ങിയ 'കൺഫ്യൂഷൻ' ആണ് ഒരുപക്ഷെ കേരളത്തിലെ കലാലയങ്ങളിൽ ആദ്യത്തെ മ്യൂസിക് ബാൻഡ്. 'കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ' എന്നതിന്റെ ചുരുക്കപ്പേരായി ബാന്റിന് പേരിട്ടതും ബാലുവാണ്. മൂന്ന് പാട്ടുകാർ ഉൾപ്പെടെ എട്ട് സഹപാഠികളാണ് ബാൻഡിലുണ്ടായിരുന്നത്.. 'നിനക്കായി', 'നീ അറിയാൻ' തുടങ്ങി അന്ന് കലാലയങ്ങളിൽ ഹിറ്റായ ആൽബങ്ങളാണ് 'കൺഫ്യൂഷൻ' പുറത്തിറക്കിയത്. ടെലിവിഷൻ ചാനലുകൾ ഈ ഗാനങ്ങൾ ആവർത്തിച്ച് പ്രക്ഷേപണം ചെയ്തു. പ്രണയിനി ലക്ഷ്മിക്കായി കമ്പോസ് ചെയ്ത 'ആരു നീ എന്നോമലേ.....' എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി അന്ന് കാമ്പസുകൾ ഏറ്റെടുത്തു. സുഹൃത്ത് ജോയ് തമലം എഴുതിയ വരികൾ ബാലു തന്നെയാണ് പാടിയത്. പൂജപ്പുരയിൽ വാടകവീട്ടിൽ താമസിച്ചാണ് ഫ്യൂഷൻ ഷോകൾ നടത്തിയത്. രണ്ടുവർഷം പ്രായമുള്ള 'കൺഫ്യൂഷൻ' ബാന്റ് ഇതിനിടെ പിരിഞ്ഞു. കുറച്ചു നാളത്തെ ഇടവേളക്കുശേഷം 'ദി ബിഗ് ബാന്റ്' പിറവിയെടുത്തു. ടെലിവിഷൻ ചാനലിൽ ആദ്യമായി ഫ്യൂഷൻ പരമ്പരയോടെയാണ് ബാൻഡ് തുടങ്ങിയത്. മട്ടന്നൂർ ശങ്കരൻകുട്ടി, നെയ്യാറ്റിൻകര വാസുദേവൻ, കലാമണ്ഡലം ഹൈദരലി തുടങ്ങിയ സംഗീതകാരൻമാരുമായി അഭിമുഖവും ഫ്യൂഷനുമായി ഓരോ ആഴ്ചയും പരിപാടിക്ക് പ്രേക്ഷകർ കൂടുകയായിരുന്നു. അപ്പോഴേക്കും മുക്കിനുമുക്കിന് മ്യൂസിക് ബാന്റുകളായി. ബാന്റിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളാണ് ബാലഭാസ്കറിനെ പിന്നെ നയിച്ചത്. കുറേനാൾ ബാന്റില്ലാതെ 'ബാലലീല' എന്ന പേരിൽ സ്വന്തം സംഗീത പരിപാടികളുമായി ലോകം ചുറ്റി. 'ക്വാബോൻ കെ പരിൻഡെ' എന്ന പേരിൽ ഹിന്ദി ആൽബവും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. അമ്മയുടെ അച്ഛൻ ഭാസ്കരപ്പണിക്കരുടെ പേര് ചേർത്താണ് ബാലുവിന് പേരിട്ടത്. അമ്മയുടേത് സംഗീത കുടുംബമാണ്.അപ്പൂപ്പൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നാദസ്വര വിദ്വാനായിരുന്നു. അതുകൊണ്ടാണ് കുടുംബം തിരുവല്ലയിൽ നിന്ന് തിരുവനന്തപുരത്ത് താമസമുറപ്പിക്കുന്നത്. അമ്മയുടെ സഹോദരൻ ബി.ശശികുമാർ വിഖ്യാത വയലിൻ വാദകനാണ്. അദ്ദേഹമാണ് ബാലഭാസ്കറിന്റെ ഗുരുനാഥൻ. അമ്മാവനിൽ നിന്ന് മൂന്നു വയസു മുതൽ ബാലു വയലിൻ പഠിക്കുന്നു. 10ാം ക്ലാസു വരെ അമ്മാവനോടൊപ്പം ജഗതിയിലെ വീട്ടിലായിരുന്നു താമസവും പഠനവും. പ്രീഡിഗ്രി രണ്ടാംവർഷ വിദ്യാർഥിയായിരിക്കെ 17ാം വയസിലാണ് ബാലഭാസ്കർ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമക്ക് സംഗീത സംവിധാനം നിർവഹിച്ചത്. ആറു പാട്ടുകളാണ് ആ സിനിമയ്ക്കു വേണ്ടി കമ്പോസ് ചെയ്തത്. പിന്നീട് രാജീവ്നാഥിന്റെ 'മോക്ഷം', രാജീവ് അഞ്ചലിന്റെ 'പാട്ടിന്റെ പാലാഴി' എന്നീ സിനിമകളുമായും സഹകരിച്ചു. പാട്ടിന്റെ പാലാഴിയിൽ പശ്ചാത്തല സംഗീതം ഒരുക്കിയതിനു പുറമെ അഭിനയിക്കുകയും ചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/2DJsb3r
via
IFTTT
No comments:
Post a Comment