പ്രകാശം പരത്തുന്ന വാക്കുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

പ്രകാശം പരത്തുന്ന വാക്കുകള്‍

നമ്മൾ ഇന്ത്യക്കാർക്ക് ഒരേയൊരു വിശുദ്ധ ഗ്രന്ഥമേയുള്ളൂ - ഇന്ത്യൻ ഭരണഘടന. ഈ ഭരണഘടനയെ മുൻനിർത്തിയാണ് തിങ്കളാഴ്ച വൈകീട്ട് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിസ്രയുടെ യാത്രയയപ്പ് വേളയിൽ നിയുക്ത ചീഫ് ജസ്റ്റിസ് രഞ്ജൻഗൊഗൊയ് സംസാരിച്ചത്. കാതുകൾക്ക് അമൃത് പോലെയായിരുന്നു രഞ്ജൻ ഗൊഗൊയിയുടെ വാക്കുകൾ. നമ്മൾ നമ്മളായിരിക്കുമ്പോൾ തന്നെ മറ്റുള്ളവരേയും അംഗീകരിക്കേണ്ടതിനെക്കുറിച്ചും വ്യത്യസ്തതയുടെ ലോകങ്ങൾ ഒന്നിച്ച് പുലരേണ്ടതിനെക്കുറിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. സത്യത്തെ ദൈവമായി കണ്ട ഗാന്ധിജിയുടെ ഈ 150-ാം പിറന്നാളിൽ ഇത്രയും ആഹ്ലാദദായകമായ മറ്റെന്താണുള്ളത്. നമ്മൾ കഴിക്കുന്നത്, വായിക്കുന്നത്, ധരിക്കുന്നത്, ചിന്തിക്കുന്നത്, സംസാരിക്കുന്നത് നമ്മളെ വിഭജിക്കുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന കാലമാണിത്. വലിയ കരുതലും ജാഗ്രതയും ആവശ്യപ്പെടുന്ന കാര്യങ്ങളാണിത്. ഈ വിഷമസന്ധികളിൽ പക്ഷേ, നമ്മുടെ തുണയ്ക്ക് ഭരണഘടനയുണ്ടെന്ന് ഗൊഗൊയ് ചൂണ്ടിക്കാട്ടി. സംശയവും സംഘർഷമുണ്ടാവുമ്പോൾ ഭരണഘടനയിലേക്ക് തിരിയണമെന്നും ഭരണഘടനയോടുള്ള യഥാർത്ഥ ഭക്തിയും സ്നേഹവും അതാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധകാലത്തും സമാധാനകാലത്തും ഒരുപോലെ ശക്തമായ ഭരണഘടനയാണിത്. കാര്യങ്ങൾ തലതിരിഞ്ഞാൽ അതിന്റെ അർത്ഥം ഭരണഘടന മോശമാണെന്നല്ല, മനുഷ്യൻ മോശമാണെന്നാണ്. ഭരണഘടനാ ശിൽപി ബി.ആർ. അംബദ്ക്കറെ ഉദ്ധരിച്ചുകൊണ്ട് ഗൊഗഗൊയ് പറഞ്ഞു. ചരിത്രമാണ് ഏറ്റവും കടുത്ത വിധികർത്താവെന്നും നീതിയുടെ കാവൽക്കാരാണ് നമ്മളെന്നും ഗൊഗൊയ് സഹപ്രവർത്തകരെ ഓർമ്മിപ്പിച്ചു. ജഡ്ജിമാരുടെ ശമ്പളം വളരെ കുറവാണെന്ന അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിന്റെ പരിദേവനത്തോടുള്ള ഗൊഗൊയിയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. ന്യൂനതകളുണ്ടാവും. പക്ഷേ, സമർപ്പിതരാവുക എന്നതാണ് പ്രധാനം. അത് നമ്മൾ തുടരുക തന്നെ ചെയ്യും. നീതിക്ക് മാനുഷിക മുഖമുണ്ടായിരിക്കണമെന്ന മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വാക്കുകളും ഇതോട് ചേർത്തുവായിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രം കടുത്ത പ്രതിസന്ധികൾ നേരിടുന്ന കാലത്ത് സുവ്യക്തമായ കാഴ്ചപ്പാടുള്ളവർ പരമോന്നത നീതിപീഠത്തിന്റെ തലപ്പത്തേക്ക് വരുന്നുവെന്നത് ഇന്ത്യൻ പൗരസമൂഹത്തെ തീർച്ചയായും സാന്ത്വനപ്പെടുത്തുന്നുണ്ട്. ഏതിരുട്ടിലും നമ്മളെ നയിക്കുന്നതിന് സുസജ്ജമായ വിളക്കുമരമാണ് ഭരണഘടനയെന്ന ഉറച്ച വിശ്വാസത്തോടെ നിയുക്ത ചിഫ് ജസ്റ്റിസ് സംസാരിക്കുമ്പോൾ അതൊരു സൂചനയും വാഗ്ദാനവുമാണ്. സ്വതന്ത്ര ഇന്ത്യ നേരിടാൻ പോവുന്ന ഏറ്റവും നിർണ്ണായകമായ പൊതുതിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്ന് നിരീക്ഷണമുണ്ട്. ഇന്ത്യൻ ജനാധിപത്യത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാവുമെന്ന മുന്നറിയിപ്പുകളും അന്തരീക്ഷത്തിലുണ്ട്. ഈ സവിശേഷ ചരിത്ര ഘട്ടത്തിൽ സുപ്രീംകോടതിയുടെ പ്രസക്തി തീർച്ചയായും വളരെ വലുതാണ്. സ്വാതന്ത്ര്യവും ബഹുസ്വരതയും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടിവില്ലെന്ന വാക്കുകൾ അതുകൊണ്ടുതന്നെ പ്രകാശഭരിതവും കരുണാർദ്രവുമാവുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2RhQN5S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages