പന്തളം: പന്തളം കൊട്ടാരവും അയ്യപ്പനും തമ്മിലുള്ള ബന്ധം അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മാറുന്നതല്ല .അത് ലോകമുള്ള കാലത്തോളം നിലനില്‍ക്കുന്നതാണെന്ന് രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ. ക്ഷേത്രം ഭക്തരുടേത് ആണെന്ന് മറക്കരുത്. ശബരിമലയിലെ വരുമാനത്തില്‍ കണ്ണുംനട്ടിരിക്കുന്നവരല്ല കൊട്ടാരത്തിലുള്ളവരെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അദ്ദേഹം മറുപടി നല്‍കി.
തിരുവിതാംകൂര്‍ മുന്‍പ് ഹിന്ദു രാജ്യമായിരുന്നു. തിരുവിതാംകൂര്‍ രാജ്യഭരണം ഇല്ലാതായതോടെ മതേതര ഭരണമായി. ക്ഷേത്രം വിശ്വാസികളുടെതാണ്. ക്ഷേത്രം ആരുടേതെന്ന തര്‍ക്കം ഒരിക്കലും പാടില്ലാത്തതാണ്. പൂജാരിയും തന്ത്രിയും എല്ലാം ക്ഷേത്രത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇന്നുവരെ ക്ഷേത്രത്തെ കുറിച്ച് ഉണ്ടാകാത്ത വിവാദങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മറുപടി പറയാന്‍ മുന്നോട്ടുവരുന്നത്. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ അതിന് പന്തളം കൊട്ടാരം മുന്നോട്ടുവരും. മുഖ്യമന്ത്രിയുടെ പുച്ഛത്തോടെയുള്ള പ്രസ്താവനയില്‍ ദുഃഖമുണ്ട്.
തിരുവിതാംകൂറും കൊച്ചിയും ഇന്ത്യന്‍ യൂണിയനിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ ഉണ്ടാക്കിയ കവനന്റില്‍ പറയുന്നത് പ്രകാരം തിരുവിതാംകൂര്‍ രാജഭരണത്തിലുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളുടെയും ഭരണം ഭരണാധികാരികളിലേക്ക് കൈമാറി. അതുപ്രകാരമാണ് അധികാരം ദേവസ്വം ബോര്‍ഡിന് ലഭിക്കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ചും ക്ഷേത്രങ്ങളിലെ ഭരണവും സംബന്ധിച്ച കവനന്റിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ദേവസ്വം ബോര്‍ഡ് അത് പാലിക്കാതെ വന്നതുകൊണ്ടാണ് അങ്ങനെ പറയേണ്ടി വന്നതെന്നും ശശികുമാര വര്‍മ്മ പറഞ്ഞു.
ദേവസ്വം ബോര്‍ഡിനോട് പന്തളം കൊട്ടാരം പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. അവകാശങ്ങള്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ശബരിമലയിലെ വരുമാനത്തില്‍ കണ്ണുംനട്ടല്ല ഞങ്ങള്‍ ഇരിക്കുന്നത്. മറ്റാര്‍ക്കോ അതില്‍ കണ്ണുണ്ട്. ആറു കോടിയോളം ഭക്തര്‍ വരുന്ന ക്ഷേത്രത്തിലെ വരുമാനം എത്ര കോടി വരുമെന്ന് ഊഹിക്കാമല്ലോ. അതില്‍ കണ്ണുവച്ചിരിക്കുന്ന ആരോ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങള്‍ ലംഘിക്കാതെ പാലിക്കണമെന്ന് കവനന്റില്‍ പറയുന്നുണ്ട്. ആചാര ലംഘനമുണ്ടായാല്‍ ചോദിക്കാനുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്. ആചാരം സംബന്ധിച്ച് തന്ത്രിയാണ് അവസാന വാക്കെന്ന് ഉടമ്പടിയില്‍ പറയുന്നുണ്ട്. ക്ഷേത്രത്തിന്റെ ഊരാളര്‍ സ്ഥാനം നിലനിര്‍ത്തിയാണ് നിയമനിര്‍മ്മാണം. ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിന്റെ ട്രസ്റ്റി മാത്രമാണ്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ ഒന്നും ഉടമസ്ഥാവകാശം ദേവസ്വം ബോര്‍ഡിന് ഇല്ലെന്നും ബോര്‍ഡ് സൂക്ഷിപ്പുകാര്‍ മാത്രമാണെന്നും രാജകുടുംബ പ്രതിനിധി നാരായണ വര്‍മ്മ വ്യക്തമാക്കി.
വിശ്വാസികളായ യുവതികള്‍ ആരുംതന്നെ സന്നിധാനത്തേക്ക് എത്തിയിട്ടില്ല. പന്തളംകൊട്ടാരം ഭൂസ്വത്ത് പയണംവച്ചത് സ്വന്തം ആവശ്യത്തിനല്ല, ടിപ്പുവിന്റെ പടയോട്ടകാലത്ത് യുദ്ധസന്നാഹമൊരുക്കാന്‍ രാജ്യത്തെ സഹായിക്കാനാണെന്ന് മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയരയന്മാരാര്‍ ആയിരുന്നു പണ്ട് ക്ഷേത്രത്തിന്റെ സംരക്ഷകര്‍. അവരായിരിക്കാം പൊന്നന്പലമേട്ടില്‍ വിളക്ക് തെളിച്ചിരുന്നത്. 1950നു ശേഷമാണ് അവരുടെ അവകാശങ്ങള്‍ എല്ലാം എടുത്തുമാറ്റിയത്. അതാരാണ് ചെയ്തതെന്നും അന്വേഷിക്കണം. അവരെ മുഴുവന്‍ ആ മേഖലയില്‍ നിന്ന് പുറത്താക്കി. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം കൊട്ടാരമാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2D4OOxW
via IFTTT
No comments:
Post a Comment