തിരുവനന്തപുരം: ശബരിമല തീർഥാടനകാലത്ത് സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ നിയോഗിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കും. തുലാമാസപൂജയ്ക്ക് മുന്നോടിയായി പമ്പയിൽ പ്രത്യേക ഡ്യൂട്ടിചെയ്യാൻ സന്നദ്ധരായ വനിതാപോലീസുകാരുടെ പട്ടിക വിവിധ ജില്ലകളിൽനിന്ന് പോലീസ് ആസ്ഥാനത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതനുസരിച്ച് 40 പേരുടെ പട്ടിക പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പോലീസ് ആസ്ഥാനത്തേക്ക് അയച്ചു. തുലാമാസത്തിന് മുന്പുതന്നെ ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നാണ് സൂചന. മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഉൾപ്പെടെ സ്ത്രീകളെത്തുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. പ്രതിഷേധങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിൽ പതിവിലും നേരത്തേ സുരക്ഷാകാര്യങ്ങളിൽ അന്തിമരൂപമുണ്ടാക്കാനാണ് പോലീസിന്റെ തീരുമാനം. ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാപോലീസിനെയും ലഭിക്കാൻ സംസ്ഥാന പോലീസ് മേധാവി അതതിടങ്ങളിലെ പോലീസ് മേധാവിമാർക്ക് കത്തയച്ചിരുന്നു. സംസ്ഥാന പോലീസിൽ അയ്യായിരത്തോളം വനിതാ പോലീസുകാരുണ്ട്. ഇവരിൽ പലരും ശബരിമല പ്രത്യേക ഡ്യൂട്ടി ചെയ്യുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിവരമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് താത്പര്യമുള്ളവരുടെ പട്ടിക തയ്യാറാക്കാൻ നിർദേശിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2IGB5NO
via
IFTTT
No comments:
Post a Comment