ചെന്നൈ: ഐ.എസ്.എൽ അഞ്ചാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി എഫ്.സി ഗോവ. നിലവിലെ ജേതാക്കളായ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ഗോവ പരാജയപ്പെടുത്തിയത്. ഗോവയ്ക്കായി 12-ാം മിനിറ്റിൽ സ്പാനിഷ് താരം എഡു ബീഡിയ, 53-ാം മിനിറ്റിൽ ഫെറാൻ കോറോമിനസ്, 80-ാം മിനിറ്റിൽ മൊർത്താദ എന്നിവർ ഗോളുകൾ നേടി. ഇൻജുറി സമയത്തിന്റെ അഞ്ചാം മിനിറ്റിൽ പ്രതിരോധ നിര താരം എലി സാബിയയാണ് ചെന്നൈയുടെ ആശ്വാസ ഗോൾ നേടിയത്. സീസണിലെ ആദ്യ ഹോം മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിനയായി. മുന്നേറ്റനിര താരം ജെജെ ലാൽപെഖുവയുടെ മോശം ഫോം ചെന്നൈ ആക്രമണങ്ങളുടെ മുനയൊടിച്ചു. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരങ്ങൾ മുലതലാക്കാനാകാതിരുന്നതും ചെന്നൈക്ക് തിരിച്ചടിയായി. ലഭിച്ച രണ്ടു സുവർണാവസരങ്ങൾ അനിരുദ്ധ് ഥാപ്പ പുറത്തേക്കടിച്ചു കളയുകയായിരുന്നു. സീസണിൽ ചെന്നൈയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. നേരത്തേ ആദ്യറൗണ്ടിൽ ബെംഗളൂരു എഫ്സിയോട് ചെന്നൈ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയേറ്റുവാങ്ങിയിരുന്നു. പന്തടക്കത്തിലും മുന്നേറ്റത്തിലും മധ്യനിരയിൽ കളി നിയന്ത്രിക്കുന്നതിലുമെല്ലാം ചെന്നൈയിനേക്കാൾ മികച്ചു നിന്നത് ഗോവയായിരുന്നു. 12-ാം മിനിറ്റിൽ ലെന്നി റോഡ്രിഗസ് ബോക്സിലേക്കു നൽകിയ ക്രോസ് ക്ലിയർ ചെയ്യുന്നതിൽ ചെന്നൈ താരങ്ങൾ വരുത്തിയ പിഴവിൽ നിന്നാണ് എഡു ബീഡിയ ആദ്യ ഗോൾ നേടിയത്. പിന്നീട് ഗോൾ തിരിച്ചടിക്കാൻ ചെന്നൈ ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ തിരിച്ചടിയായി. മധ്യനിരയിൽ നിന്ന് ഭാവനാപൂർണമായ നീക്കങ്ങളൊന്നും ചെന്നൈയിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ ഒരു ഗോളിന് മുന്നിലായിരുന്നു. 53-ാം മിനിറ്റിൽ ഫെറാൻ കോറോമിനസിലൂടെ ഗോവ ലീഡ് രണ്ടാക്കി ഉയർത്തി. വലതു മൂലയിൽ നിന്ന് ഹ്യൂഗോ ബൗമസ് നൽകിയ പന്ത് ക്ലിയർ ചെയ്യാൻ ചെന്നൈ താരങ്ങൾ വൈകിയപ്പോൾ കൃത്യമായി സ്ഥലത്തുണ്ടായിരുന്ന കോറോ പന്ത് വലയിലെത്തിച്ചു. 80-ാം മിനിറ്റിൽ ഹെഡറിലൂടെ മൊർത്താദ ഗോവയുടെ ഗോൾപട്ടിക പൂർത്തിയാക്കി. പിന്നാലെ അധികസമയത്തിന്റെ അഞ്ചാം മിനിറ്റിൽ പ്രതിരോധനിര താരം എലി സാബിയാണ് ചെന്നൈയിന്റെ ആശ്വാസ ഗോൾ നേടിയത്. Content Highlights:FC goa, chennaiyin fc. isl 2108
from mathrubhumi.latestnews.rssfeed https://ift.tt/2OcNiQo
via
IFTTT
No comments:
Post a Comment