ന്യൂഡൽഹി: കശ്മീർ താഴ്വരയിൽ ജെയ്ഷെ മുഹമ്മദ് ഭീകരർ ഒളിയാക്രമണം നടത്തുന്നുണ്ടെന്ന റിപ്പോർട്ട് സൈന്യം പരിശോധിക്കുന്നുണ്ടെന്നും ഇക്കാര്യത്തിൽ തെളിവു ലഭിച്ചിട്ടില്ലെന്നും കരസേനാ മേധാവി ബിപിൻ റാവത്ത്. ദൂരെ ഒളിഞ്ഞിരുന്ന്, ദൂരദർശിനി ഘടിപ്പിച്ച യന്ത്രത്തോക്കുപയോഗിച്ച് കൃത്യമായ ഉന്നത്തോടെ വെടിയുതിർക്കുന്ന ഭീകരരിൽ (സ്നൈപ്പർ) ചിലർ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെന്നും അവർ നടത്തിയ ആക്രമണത്തിൽ സെപ്റ്റംബറിൽ പാതിമുതൽ ഇതുവരെയായി മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുവെന്നുമുളള റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു റാവത്തിന്റെ വിശദീകരണം. സ്നൈപ്പർ ആക്രമണം ഭീകരർ നടത്തിയിട്ടുണ്ടോയെന്നതു സംബന്ധിച്ചു സൈന്യം പഠിക്കുന്നുണ്ട്. സ്നൈപ്പർമാർ നുഴഞ്ഞുകയറിയിട്ടുണ്ടെന്നു തീർത്തു പറയണമെങ്കിൽ അത്തരത്തിലെന്തെങ്കിലും ആയുധം കണ്ടുകിട്ടണം. എന്നാൽ, അതു കിട്ടിയിട്ടില്ല. സ്നൈപ്പേഴ്സ് എത്തിയിട്ടുണ്ടെങ്കിൽ അത് അനവസരത്തിലാണ്. -ഡൽഹിയിൽ നടന്ന ഒരു ചടങ്ങിനിടെ മാധ്യമപ്രവർത്തകരോടു അദ്ദേഹം പറഞ്ഞു. രണ്ടു ഭീകരർ വീതമുള്ള രണ്ടു സംഘങ്ങൾ എത്തിയതായാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇവർ സെപ്റ്റംബർ ആദ്യയാഴ്ചത്തന്നെ താഴ്വരയിലേക്കു കടന്നിരിക്കാമെന്നാണു വിവരം. ജെയ്ഷെ ഭീകരരുടെ സഹായത്തോടെ ഇവർ പുൽവാമ ജില്ലയിലേക്കു കടന്നുകയറിയതായും റിപ്പോർട്ടുണ്ട്. പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ മികച്ച പരിശീലനം ലഭിച്ചവരാണ് ഇവർ. അഫ്ഗാനിസ്താനിൽ യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഉപയോഗിച്ചിരുന്ന എം-4 യന്ത്രത്തോക്കുകൾ ഇവരുടെ പക്കലുണ്ടെന്ന് അധികൃതരിൽ ചിലർ പറയുന്നു. എന്നാൽ, സാധാരണ ആയുധങ്ങളാണ് അടുത്തകാലത്തു നടന്ന ആക്രമണങ്ങളിൽ സുരക്ഷാസൈനികർക്കുനേരെ ഭീകരർ ഉപയോഗിച്ചിട്ടുള്ളതെന്നാണു റാവത്തിന്റെ വാദം. ശക്തമായ തെളിവുകളുണ്ടെങ്കിൽ മാത്രമേ സ്നൈപ്പേഴ്സുണ്ടെന്ന കാര്യം പറയാനാകൂവെന്നും അദ്ദേഹം പറഞ്ഞു വെടിയുണ്ട പോയത് മൂന്നരക്കിലോമീറ്റർ ഏറ്റവും കൂടുതൽ ദൂരേക്ക് വെടിയുതിർത്ത് എതിരാളിയെ കൊന്നതിന്റെ റെക്കോഡ് കനേഡിയൻ സ്നൈപ്പറുടെ പേരിലാണ്. 3.54 കിലോമീറ്റർ ദൂരെയാണ് വെടിയുണ്ട തറച്ചത്. കഴിഞ്ഞവർഷം മേയിലാണ് അദ്ദേഹം ഈ റെക്കോഡിട്ടത്. ഇറാഖിലെ യുദ്ധഭൂമിയിൽ ഇസ്ലാമിക് ഭീകരനെ വധിക്കാനാണ് അദ്ദേഹം ഇത്രയകലേക്ക് വെടിവെച്ചത്. സൈനികന്റെ പേര് പുറത്തുവിട്ടിട്ടില്ല. അതിനുമുമ്പ് ബ്രിട്ടീഷ് സ്നൈപ്പർ ക്രെയ്ഗ് ഹാരിസണിന്റെ പേരിലായിരുന്നു റെക്കോഡ്. അഫ്ഗാനിസ്താനിൽ, രണ്ടരക്കിലോമീറ്റർ അകലെയുണ്ടായിരുന്ന താലിബാൻ ഭീകരനെയാണ് ഇദ്ദേഹം വെടിവെച്ചു കൊന്നത്. റോബ് ഫർലോങ്, ആരൺ പെറി എന്നീ കാനഡക്കാരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. അഫ്ഗാനിസ്താനിലെ യുദ്ധഭൂമിയിലാണ് രണ്ടുപേരും റെക്കോഡിട്ടത്. റോബ് 2.4 കിലോമീറ്റർ ദൂരവും പെറി 2.3 കിലോമീറ്റർ ദൂരവും വെടിയുതിർത്താണ് ശത്രുവിനെ വധിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2Q5lBpB
via
IFTTT
No comments:
Post a Comment