പാരിസ്: ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ ഹാട്രിക്കിൽ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി പി.എസ്.ജി. സെർബിയൻ ചാമ്പ്യന്മാരായ റെഡ് സ്റ്റാർ ബെൽഗ്രേഡിനെ ഒന്നിനെതിരേ ആറു ഗോളുകൾക്കാണ് പി.എസ്.ജി തകർത്തത്. ഇതിൽ നാലു ഗോളുകളും ആദ്യ പകുതിയിലായിരുന്നു. 20, 22, 81 മിനിറ്റുകളിലാണ് നെയ്മർ പി.എസ്.ജിക്കായി സ്കോർ ചെയ്തത്. 37-ാം മിനിറ്റിൽ എഡിൻസൺ കവാനിയും 41-ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയയും 70-ാം മിനിറ്റിൽ എംബാപ്പെയും പി.എസ്.ജിയുടെ ഗോളുകൾ നേടി. ആദ്യ പകുതിയിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിലായിരുന്നു പി.എസ്.ജി. 81-ാം മിനിറ്റിൽ ഫ്രീകിക്കിലൂടെയാണ് നെയ്മർ ഹാട്രിക്ക് തികച്ചത്. ചാമ്പ്യൻസ് ലീഗിൽ നെയ്മർ നേടുന്ന രണ്ടാമത്തെ ഹാട്രിക്കാണിത്. 74-ാം മിനിറ്റിൽ മാർക്കോ മരിനാണ് റെഡ് സ്റ്റാർ ബെൽഗ്രേഡിന്റെ ആശ്വാസ ഗോൾ നേടിയത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ലിവർപൂളിനോട് തോറ്റ പി.എസ്.ജിക്ക് ആശ്വാസമായി ഈ വിജയം. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോൾ നേടുന്ന ബ്രസീലുകാരനെന്ന റെക്കോഡും നെയ്മർ സ്വന്തമാക്കി. ഗ്രൂപ്പിൽ രണ്ടു കളികളിൽ നിന്ന് മൂന്നു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ഫ്രഞ്ച് ചാമ്പ്യൻമാർ. അവസാന മിനിറ്റിൽ ചെമ്പടയെ ഞെട്ടിച്ച് നാപ്പോളി അതേസമയം ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ നാപ്പോളി പരാജയപ്പെടുത്തി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു നാപ്പോളിയുടെ വിജയം. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ലൊറെൻസോ ഇൻസിഗ്നിയാണ് നാപ്പോളിയുടെ ഗോൾ നേടിയത്. പതിവിന് വിപരീതമായി പ്രതിരോധത്തിലൂന്നി കളിച്ചതാണ് ലിവർപൂളിന് വിനയായത്. ആദ്യ പകുതി പലപ്പോഴും വിരസമായിരുന്നു. രണ്ടാം പകുതിയിൽ നാപ്പോളി ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ അകന്നുനിന്നു. ലിവർപൂൾ ഗോൾകീപ്പർ അലിസണിന്റെ പ്രകടനവും അവർക്ക് രക്ഷയായി. ഒടുവിൽ മത്സരം സമനിലയിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് ഇൻസിഗ്നിയുടെ ഗോൾ. ഗ്രൂപ്പ് സിയിൽ ഇതോടെ രണ്ടു മത്സരങ്ങളിൽ നിന്ന് നാലു പോയിന്റുമായി നാപ്പോളി ഒന്നാമതെത്തി. തോൽവിയോടെ ലിവർപൂൾ രണ്ടാമതായി. Content Highlights: neymar hat trick in psg napoli won against liverpool
from mathrubhumi.latestnews.rssfeed https://ift.tt/2RooX8j
via
IFTTT
No comments:
Post a Comment