ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിൽ അടിയന്തര കർമ പരിപാടികൾ നടപ്പാക്കാൻ സർക്കാർ ഒരുങ്ങുന്നു. സ്ഥിഗതികൾ വിലയിരുത്തി, വിവിധ ഘട്ടങ്ങളായാണ് വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. ഡീസൽ ജനറേറ്ററുകൾ, നിർമാണപ്രവൃത്തികൾ എന്നിവ നിരോധിക്കുകയും മലിനീകരണത്തിനിടയാക്കുന്ന വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നത് അടക്കമുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കഴിഞ്ഞ വർഷം നടപ്പാക്കിയ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ജിആർഎപി) ആണ് നടപ്പാക്കുന്നത്. അപകടകരമായ രീതിയിൽ മലിനീകരിക്കപ്പെട്ട അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം തിരിച്ചുപിടിക്കുന്നതിനായി വിവിധ തലങ്ങളിലുള്ള നടപടികളാണ് സ്വീകരിക്കുന്നത്. മാലിന്യങ്ങൾ കത്തിക്കുന്നത് നിരോധിക്കും. കൂടുതൽ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരും. വ്യാവസായിക മേഖലകളിൽ ശക്തമായ മലിനീകരണ നിയന്ത്രണത്തിനുള്ള നടപടികളും കൈക്കൊള്ളും. ഡൽഹിയിലെ മലിനീകരണത്തിന്റെ തോത് ഏതാനും ദിവസങ്ങൾക്കുള്ളിൽ അതീവ മോശം സ്ഥിതിയിലേക്കെത്തുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് നടപടികൾ കൈക്കൊള്ളുന്നത്. കൃഷിയിടങ്ങളിൽ അവശിഷ്ടം കത്തിക്കുന്നതിന് കർശന നിരോധനം ഏർപ്പെടുത്തും. മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ നഗരത്തിലെ പാതകളിൽ ലോറികളുടെ ഗതാഗതം നിരോധിക്കും. പൊടിപടലം നിയന്ത്രിക്കുന്നതിന് പാതകളിൽ വെള്ളം തളിക്കുകയും യന്ത്രോപകരണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള റോഡ് ശുചീകരണം നടപ്പാക്കുകയും ചെയ്യും. അടിയന്തിര സാഹചര്യത്തിൽ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് സ്വീകരിക്കേണ്ട മറ്റു നടപടികൾ കൈക്കൊള്ളും. സാഹചര്യം വിലയിരുത്തി സ്കൂളുകളുടെ പ്രവർത്തനം നിർത്തുന്നത് അടക്കമുള്ളനടപടികളിൽ ദൗത്യസംഘം തീരുമാനമെടുക്കും. സമീപ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിൽ കർഷകർ വൈക്കോൽ ഉൾപ്പെടെയുള്ള കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതാണ് വായു മലിനീകരണത്തിന് പ്രധാന കാരണം. നവംബർ മാസത്തിൽ ഗോതമ്പ് പാടങ്ങളിൽ വിത്ത് വിതയ്ക്കുന്നതിന് മുന്നോടിയായാണ് പാടങ്ങളിൽ വൈക്കോലിന് തീയിടുന്നത്. നൂറുകണക്കിന് ഏക്കർ പ്രദേശങ്ങളിൽ തീയിടുന്നതോടെ അന്തരീക്ഷത്തിൽ കനത്ത പുകയുയരും. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് 16 മുതൽ 30 ശതമാനം വരെ ഇടയാക്കുന്നത് കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതുമൂലമുളള പുകയാണെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ വർഷവും ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമാവുകയും സർക്കാർ കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. വായുവിന്റെ ഗുണനിലവാരം അതീവ അപകരടകരമായ രീതിയിൽ താഴ്ന്നതിനെ തുടർന്ന് കഴിഞ്ഞ നവംബറിൽ ഡൽഹി സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. Content Highlights:Emergency pollution plan, Delhi pollution
from mathrubhumi.latestnews.rssfeed https://ift.tt/2NGJYYx
via
IFTTT
No comments:
Post a Comment