കണ്ണൂർ: ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ കേരളത്തിലെത്തി. രാവിലെ 11.50 ഓടെ പ്രത്യേക വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ അമിത് ഷായെ സ്വീകരിക്കാൻ പാർട്ടിയുടെ സംസ്ഥാന നേതാക്കളെല്ലാം എത്തിയിരുന്നു. നൂറുകണക്കിന് പ്രവർത്തകരാണ് വിമാനത്താവളത്തിലെത്തിയത്. കണ്ണൂർ പാർട്ടി ഓഫീസിന്റെ ഉദ്ഘാടനമാണ് അദ്ദേഹത്തിന്റെ ആദ്യ കാര്യപരിപാടി. അതിന് ശേഷം മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലേക്ക് തിരിക്കും. അവിടെ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട പ്രവർത്തകന്റെ വീട് അദ്ദേഹം സന്ദർശിക്കും. ബി.ജെ.പി.യുടെ പ്രമുഖ നേതാക്കളെല്ലാം വെള്ളിയാഴ്ച കണ്ണൂരിലായിരുന്നു. അവിടെയെത്താത്ത തെക്കൻജില്ലയിലെ നേതാക്കൾ ശനിയാഴ്ച തിരുവനന്തപുരത്ത് ഉണ്ടാകും. ഇവിടെ ചർച്ചയുണ്ടാകുമെന്ന് സ്ഥിരീകരണമില്ലെങ്കിലും ശനിയാഴ്ച രാത്രി തലസ്ഥാനത്ത് തങ്ങുന്ന അദ്ദേഹത്തെ നേതാക്കൾ കാണും. കണ്ണൂരിൽ സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയടക്കമുള്ള നേതാക്കൾ ശബരിമലസംഭവങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കും. ശബരിമലയിലുണ്ടായ ക്രമസമാധാനപ്രശ്നങ്ങൾ കഴിഞ്ഞദിവസം ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദർശിച്ച് വിശദീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അമിത്ഷാ കേരളത്തിലെത്തുന്നത്. ശബരിമലയിലെ ഇടപെടൽ രാഷ്ട്രീയനേട്ടം ഉണ്ടാക്കാനായെന്നാണ് ബി.ജെ.പി.യുടെ വിലയിരുത്തൽ. അതിനാൽ പ്രവർത്തകരുടെ പേരിലുള്ള കേസിനെ ശക്തമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ട്. കോടതിവിധി നടപ്പാക്കുന്നതിനെതിരേ ആദ്യം മുന്നിൽ വരാതെ മടിച്ചുനിന്ന പാർട്ടി സമരത്തിന്റെ നേതൃത്വനിരയിൽ എത്തിയതോടെ എൻ.എസ്.എസിന്റെ പിന്തുണയും നേടാനായെന്ന് കരുതുന്നു. തിരഞ്ഞെടുപ്പിൽ ഇതിന്റെ ഗുണം കിട്ടുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ സി.പി.എമ്മിന് ക്ഷീണം വരുത്തുമെന്നാണ് കണക്കുകൂട്ടുന്നതും. ഇതെല്ലാം ദേശീയ അധ്യക്ഷനെ ധരിപ്പിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2qeYuO6
via
IFTTT
No comments:
Post a Comment