തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയം. ശബരിമലയില്‍ ഒരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ തയ്യാറല്ല. സുപ്രീം കോടതി എന്തു പറയുന്നുവോ അത് പാലിക്കുമെന്ന നിലപാടാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്. അതില്‍ തന്നെ ഉറച്ചുനില്‍ക്കും. ദേവസ്വംബോര്‍ഡ് റിവ്യൂ ഹര്‍ജി കൊടുക്കുന്നുണ്ടോ എന്ന് അവരാണ് വ്യക്തമാക്കേണ്ടത്. എന്തായാലും സര്‍ക്കാര്‍ കൊടുക്കില്ല. തന്നെ സന്ദര്‍ശിച്ച ശേഷം ദേവസ്വംബോര്‍ഡ് പ്രസിഡന്റ് നടത്തിയ പ്രസ്താവന തെറ്റിദ്ധാരണ വരുത്തിയതോടെയാണ് തിരുത്തേണ്ടിവന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ പോകുന്ന വിശ്വാസികള്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിനല്‍കും. നിലയ്ക്കല്‍ അടക്കം ശബരിമല പാതയില്‍ പലയിടത്തും സമരക്കാരായ സ്ത്രീകള്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തുന്നതും സ്ത്രീകളായ യാത്രക്കാരെ പിടിച്ചിറക്കുന്നതും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ തീര്‍ത്ഥാടകരെ തടയരുതെന്നും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു ധര്‍മ്മശാസ്ത്ര പണ്ധിതരുടെ ഒരു കമ്മീഷനെവച്ച് അഭിപ്രായം തേടണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. അതിനപ്പുറം സ്ത്രീയും പുരുഷനും തുല്യരാണ് എന്നതാണ് സര്‍ക്കാര്‍ നിലപാട്. പുരുഷനൊപ്പം തന്നെ എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ട്. എന്നാല്‍ അതുവച്ച് ഒരു നിയമനിര്‍മ്മാണത്തിന് സര്‍ക്കാരില്ല എന്നതു വ്യക്തമാക്കിയതാണ്. നേരത്തെ സ്ത്രീകള്‍ ശബരിമല സന്ദര്‍ശിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ് സ്ത്രീപ്രവേശനം നിഷേധിച്ച് 1991ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രയും കാലം ആ വിധി സര്‍ക്കാര്‍ പാലിച്ചു. ഇപ്പോള്‍ സ്ത്രീപ്രവേശന നിരോധനം എടുത്തുനീക്കി സുപ്രീം കോടതി വിധി വന്നു. ആ ഉത്തരവും സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
from mangalam.com https://ift.tt/2Ci53GN
via IFTTT
No comments:
Post a Comment