ആഗ്ര: ക്ലീനറായി ജോലി ചെയ്തിരുന്ന ചരക്കുലോറിയുമായി കടന്ന പതിനാലുകാരൻ ചുറ്റിക്കറങ്ങിയത് രണ്ടു ദിവസം. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഹൈവേ പോലീസ് വാഹനം പരിശോധിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഹത്രാസിൽ വെച്ചാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. അതിനോടകം ഏകദേശം 138 കിലോമീറ്ററാണ് പയ്യൻ വണ്ടി ഓടിച്ചത്. ലോറിയിലെ ഡീസൽ തീർന്നതിനെ തുടർന്ന് വണ്ടിയിലുണ്ടായിരുന്ന സ്റ്റെപ്പിനി ടയർ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. റെഫ്രിജറേറ്ററുകളാണ് ലോറിയിൽ ഉണ്ടായിരുന്നത്. പതിനാലു ലക്ഷം രൂപ വില വരുന്ന ചരക്കുമായി പോവുകയായിരുന്ന ലോറി നോയിഡയിൽ നിർത്തി ഡ്രൈവർ ട്രാൻസ്പോർട്ട് കമ്പനിയിൽ ഇടപാടുകൾക്കായി ഇറങ്ങിയ സമയത്താണ് പതിനാലുകാരനായ പയ്യൻ വണ്ടിയുമായി മുങ്ങിയത്. ആകെ നൂറു രൂപയാണ് ഇവന്റെ കൈവശം ഉണ്ടായിരുന്നത്. ലോറിയിൽ ക്ലീനറായി ജോലി ചെയ്യുന്നതിൽ നിന്ന് ലഭിച്ചഅയ്യായിരം രൂപ ജീവിതചെലവിനായി തികയാത്തതു കൊണ്ടാണ് ഇത്തരത്തിലൊരു സാഹസത്തിനു മുതിർന്നതെന്ന് പതിനാലുകാരൻ പോലീസിനോടു പറഞ്ഞു. അച്ഛന്റെ മരണത്തെ തുടർന്ന നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയാണ് തന്നെ വാഹനവുമായി കടക്കാൻ പ്രേരിപ്പിച്ചതെന്ന് കുട്ടി കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ എട്ടയിലേക്ക് വാഹനവുമായി എത്താനായിരുന്നു ഇവന്റെ ഉദ്ദേശം. മോഷ്ടിച്ച വാഹനങ്ങൾക്ക് പുതിയ രേഖകളുണ്ടാക്കി വിൽപന നടത്തുന്ന സ്ഥലമാണിത്. അവിടെയെത്തിയാൽ ലോറി വിറ്റ് ആ കാശുമായി കടക്കാമെന്നായിരുന്നു പയ്യൻ കണക്കു കൂട്ടിയിരുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2QTmVvX
via
IFTTT
No comments:
Post a Comment