പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം സർക്കാർ കൂടുതൽ പക്വതയോടെ കൈകാര്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിധി നടപ്പാക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്വം സർക്കാരിനാണെന്നും ചെന്നിത്തല ചൂണ്ടിക്കാണിച്ചു. സർക്കാർ സുപ്രീം കോടതിയിൽ വിശ്വാസികൾക്ക് വേണ്ടി വാദിച്ചില്ല. സ്ത്രീകൾ പോലും വിധിയെ പിന്തുണയ്ക്കുന്നില്ല. വിധി മറ്റൊരു ഭരണഘടനാ ബെഞ്ച് പുനഃപരിശോധിക്കണം. ഇപ്പോൾ വന്ന വിധി അന്തിമമല്ല. മദ്യഷോപ്പുകളുടെ വിഷയത്തിൽ കോടതി ഉത്തരവ് പുനഃപരിശോധനാ വിധേയമാക്കാമെങ്കിൽ ശബരിമലയിലെ സ്ത്രീ പ്രവേശനവും പുനഃപരിശോധിക്കാമെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളുടെ വികാരത്തെ സർക്കാർ വ്രണപ്പെടുത്തരുത്. തമിഴ്നാട് ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ സ്വീകരിച്ച നിലപാട് ഇവിടെസർക്കാർ സ്വീകരിക്കണം. വിധിയിൽ കേന്ദ്ര സർക്കാരിനെ സമീപിച്ച് ഓഡിനൻസ് പുറപ്പെടുവിക്കാൻ സർക്കാർ സമ്മർദം ചെലുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.പത്തനംതിട്ടയിൽ സുപ്രീം കോടതി വിധിക്കെതിരെ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1990ലെ ഹൈക്കോടതി വിധി മതപരമായ ആചാരങ്ങൾക്ക് സംരക്ഷണം നൽകുന്നുണ്ട്. ഇത് ഭരണഘടനാ അനുഛേദം 14ന് എതിരല്ല. സ്ത്രീ സമത്വത്തിലും ട്രാൻസ് ജെന്റേഴ്സ് വിഷയത്തിലും യുഡിഎഫ് സ്വീകരിച്ച നിലപാട് വ്യക്തവും ശക്തവുമാണ്.ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ സത്യവാങ്മൂലത്തിൽ യുഡിഎഫ് ഉറച്ചുനിൽക്കുന്നു. അമ്പലങ്ങളിലും പള്ളികളിലും പോകുന്നത് അന്ധവിശ്വാസമാണെന്ന് കോടിയേരിയേപ്പോലെ കോൺഗ്രസും യുഡിഎഫും വിശ്വസിക്കുന്നില്ല. അത് വ്യക്തി സ്വാതന്ത്ര്യമാണ്. യുഡിഎഫ് വിശ്വാസികൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി. ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കമാണ് ആർ.എസ്.എസിന്റേത്. പൊതു സമൂഹത്തിന്റെ വികാരം മാനിക്കാതെ വിധി നടപ്പാക്കാൻ സർക്കാർ നീങ്ങേണ്ടതില്ല. ദേവസ്വം ബോർഡ് സംരക്ഷിക്കുന്നത് സർക്കാരിന്റെ താൽപര്യങ്ങൾ മാത്രമാണെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ശബരിമലയെ കലാപ ഭൂമിയാക്കിമാറ്റാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2Oa35j5
via
IFTTT
No comments:
Post a Comment