ന്യൂഡൽഹി: തീവണ്ടികളിൽനിന്ന് ടവലുകളും ബെഡ് ഷീറ്റും തലയിണ കവറും ബ്ലാങ്കറ്റുകളും മോഷ്ടിക്കുന്നവരുടെ എണ്ണം കൂടുന്നു. ദീർഘദൂര ട്രെയിനുകളിൽനിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം 1.95 ലക്ഷം ടവലുകളും 81,736 ബെഡ് ഷീറ്റുകളും 55,573 തലയിണ കവറുകളും 5,038 തലയിണകളും 7,043 ബ്ലാങ്കറ്റുകളും മോഷ്ടിച്ചതായി റെയിൽവേ. ഈവർഷം ഏപ്രിൽ മുതൽ സെപ്റ്റംബർവരെ ശരാശരി 62 ലക്ഷം രൂപയുടെ വസ്തുക്കൾ യാത്രക്കാർ മോഷ്ടിച്ചതായി സെൻട്രൽ റെയിൽവെ അധികൃതർ പറയുന്നു. 79,350 ടവലുകൾ, 25,545 ബെഡ്ഷീറ്റുകൾ, 21,050 തലയിണ കവറുകൾ, 2,150 തലയിണകൾ, 2,065 ബ്ലാങ്കറ്റുകൾ എന്നിവയാണ് മോഷണം പോയത്. ദീർഘദൂര ട്രെയിനുകളിലെ എസി കോച്ചുകളിൽ സൗജന്യമായി ഉപയോഗിക്കാൻ കൊടുക്കുന്ന വസ്തുക്കളാണ് യാത്രക്കാർ അടിച്ചുമാറ്റുന്നത്. ഈയാഴ്ച തുടക്കത്തിൽ, ആറ് ബെഡ്ഷീറ്റുകളും മൂന്ന് തലയിണയും മൂന്ന് ബ്ലാങ്കറ്റുകളും മോഷ്ടിച്ച രത്ലാം സ്വദേശിയായ ഷാബിർ റോത്തിവാലയെ ബാന്ദ്ര ടെർമിനലിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശീതീകരിച്ച കോച്ചിൽ യാത്രചെയ്ത ഇയാൾ മോഷണ വസ്തുക്കൾ ബാഗിൽ കുത്തിനിറച്ച് രക്ഷപ്പെടുന്നതിനിടെയാണ് പിടികൂടിയത്. മോഷണംമൂലം കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലായി റെയിൽവെയ്ക്ക് 4000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം തേജസ് എക്സ്പ്രസിലെ ശൗചാലയങ്ങളിൽനിന്ന് 1,185 യാത്രക്കാർ ജാഗ്വർ ബ്രാൻഡിലുള്ള ബാത്ത്റൂം ഫിറ്റിങുകൾ അടിച്ചുമാറ്റിയിരുന്നു. ഈ ട്രെയിനിൽനിന്നുതന്നെ ഹെഡ് ഫോണുകളും മോഷ്ടിച്ചവയിൽപ്പെടുന്നു. എൽഇഡി സ്ക്രീനുകളും കേടുവരുത്തിയതായും റെയിൽവെ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2DXlM4z
via
IFTTT
No comments:
Post a Comment