അത്യാഹിതചികിത്സ നിഷേധിച്ചാൽ ഡോക്ടർക്ക് തടവും പിഴയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

അത്യാഹിതചികിത്സ നിഷേധിച്ചാൽ ഡോക്ടർക്ക് തടവും പിഴയും

തിരുവനന്തപുരം: അത്യാഹിത വിഭാഗത്തിലെത്തിക്കുന്ന രോഗികൾക്ക് ചികിത്സ നിഷേധിച്ചാൽ ആശുപത്രികളുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ. ന്യായീകരിക്കാനാവാത്ത കാരണങ്ങളാൽ ചികിത്സ നൽകാൻ വിസമ്മതിക്കുന്ന ഡോക്ടർക്ക് ഒരുവർഷം തടവും 25,000 രൂപവരെ പിഴയും ലഭിക്കും. അടിയന്തര ചികിത്സവേണ്ട രോഗികളെ കൊണ്ടുപോകാൻ തയ്യാറാവാത്ത ആംബുലൻസ് ഉടമകൾക്കും സമാനശിക്ഷ ശുപാർശചെയ്യുന്ന നിയമനിർമാണം സർക്കാരിന്റെ പരിഗണനയിലാണ്. നഴ്സിങ് ഹോമുകൾമുതൽ സ്വകാര്യമേഖലയിലെ മെഡിക്കൽ കോളേജുകൾക്കുവരെ നിയമം ബാധകമാക്കാനാണ് തീരുമാനം. ജസ്റ്റിസ് കെ.ടി. തോമസ് അധ്യക്ഷനായ നിയമപരിഷ്കാര കമ്മിഷനാണ് കരട് ബിൽ തയ്യാറാക്കിയത്. പൊതുജനാഭിപ്രായം സ്വരൂപിച്ചശേഷം നിയമനിർമാണത്തിലേക്ക് കടക്കും. റോഡപകടങ്ങൾമുതൽ പ്രസവസംബന്ധമായ അടിയന്തര ചികിത്സവരെ അത്യാഹിതചികിത്സയുടെ നിർവചനത്തിൽ വരും. ബിൽ നിയമമായാൽ, ചികിത്സയ്ക്ക് വിസമ്മതിക്കുന്ന ഡോക്ടർമാർക്കെതിരേ മെഡിക്കൽ കൗൺസിൽ വഴിയുള്ള അച്ചടക്കനടപടികളും സർക്കാരിന് സ്വീകരിക്കാനാവും. കഴിഞ്ഞവർഷം കൊല്ലം ചാത്തന്നൂരിൽ അപകടത്തിൽപ്പെട്ട നാഗർകോവിൽ സ്വദേശി മുരുകൻ ചികിത്സകിട്ടാതെ മരിച്ച സംഭവത്തെത്തുടർന്നാണ് നിയമനിർമാണത്തിന്റെ സാധ്യത കമ്മിഷൻ പരിശോധിച്ചത്. മുരുകന് കൊല്ലത്തെ മൂന്ന് സ്വകാര്യ ആശുപത്രികളിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ നിഷേധിച്ചെന്നായിരുന്നു ആരോപണം. ആരോഗ്യവകുപ്പും പോലീസുമൊക്കെ അന്വേഷിച്ചെങ്കിലും കാര്യമായ നടപടികളുണ്ടായില്ല. മുരുകന്റെ കുടുംബത്തിന് പിന്നീട് സർക്കാർ സഹായം അനുവദിച്ചു. സർക്കാർ അത്യാഹിതചികിത്സാ പദ്ധതി തുടങ്ങണം മെഡിക്കോ ലീഗൽ കേസുകൾ ഭയന്നും അപകടത്തിലും മറ്റും പരിക്കേറ്റ് എത്തിക്കുന്നവരുടെ ചികിത്സച്ചെലവ് വഹിക്കാൻ ആളില്ലാത്തതുമൊക്കെയാണ് മിക്കപ്പോഴും രോഗികളെ ഏറ്റെടുക്കാൻ ആശുപത്രികൾ തയ്യാറാകാത്തതിന് കാരണം. ഈ പ്രശ്നം നേരിടാൻ, നിയമം പ്രാബല്യത്തിൽ വന്നാൽ, ഒരുമാസത്തിനകം സർക്കാർ പ്രത്യേക അത്യാഹിത ചികിത്സാസഹായ പദ്ധതി തുടങ്ങണമെന്ന് കരടിൽ നിർദേശിക്കുന്നു. ആശുപത്രികൾക്കും ആംബുലൻസിനും ചെലവായ തുക ഈ പദ്ധതിവഴി നൽകണം. ഇതോടെ അത്യാഹിതചികിത്സ ആശുപത്രികളുടെ മാത്രമല്ല സർക്കാരിന്റെകൂടി ഉത്തരവാദിത്വമാകും. രോഗിയുടെ സമ്മതപത്രം വേണം അടിയന്തരചികിത്സ നൽകാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ രോഗിയെ മറ്റൊരിടത്തേക്ക് ചികിത്സയ്ക്കോ പരിശോധനയ്ക്കോ അയക്കുന്നത് അതാതിടത്തെ ഡോക്ടറുടെ ചുമതലയായിരിക്കും. മറ്റേതെങ്കിലും ആശുപത്രികളിലേക്ക് രോഗിയെ അയക്കുന്നതിന് മതിയായ കാരണവും രോഗിയുടെ സമ്മതപത്രവും വാങ്ങണം. മറ്റ് ആശുപത്രികളിലേക്ക് അയക്കുന്നതിനെ രോഗി എതിർത്താൽ അക്കാര്യം രോഗിയോട് എഴുതിവാങ്ങണം. അത്യാഹിത വിഭാഗത്തിലെത്തിച്ച രോഗിക്കും ഗർഭിണിയാണെങ്കിൽ അവർക്കും ഗർഭസ്ഥ ശിശുവിനും അപകടമില്ലെന്ന് ഉറപ്പാക്കിവേണം മറ്റ് ആശുപത്രികളിലേക്ക് മാറ്റാൻ. ജീവൻ നിലനിർത്താൻ സാധ്യമായത് ചെയ്തുവെന്ന് ഉറപ്പുവരുത്തിയായിരിക്കണം മാറ്റം. പരിശോധന, നൽകിയ ചികിത്സ തുടങ്ങി എല്ലാ രേഖകളും പ്രത്യേക റിപ്പോർട്ടും സഹിതമാകണം രോഗിയെ കൊണ്ടുപോകേണ്ടത്. ആശുപത്രിക്ക് സ്വന്തം ആംബുലൻസ് ഇല്ലെങ്കിൽ സ്വകാര്യ ആംബുലൻസുകളുടെയോ എജൻസികളുടെയോ പോലീസിന്റെയോ സഹായം തേടാം. അങ്ങനെ ആവശ്യപ്പെട്ടാൽ ആംബുലൻസുകൾക്ക് വിസമ്മതം പറയാനാവില്ല. അത്യാഹിത ചികിത്സയ്ക്കായി ആശുപത്രികൾ പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. നൽകിയ ചികിത്സ, പരിശോധന, ഈടാക്കിയ ഫീസ് തുടങ്ങിയ എല്ലാ വിവരങ്ങളും ഈ രജിസ്റ്ററിൽ ഉണ്ടാകണമെന്നും കരട് ബില്ലിൽ പറയുന്നു. ചർച്ചകൾക്കുശേഷം നിയമനിർമാണം എന്തു കാരണത്താലായാലും ചികിത്സ നിഷേധിക്കുന്നത് ഭരണഘടനാവകാശങ്ങളുടെ ലംഘനമാണ്. ഇതുസംബന്ധിച്ച സുപ്രീംകോടതിവിധികൾകൂടി കണക്കിലെടുത്ത് കേന്ദ്ര നിയമകമ്മിഷനും ഈ രംഗത്ത് നിയമനിർമാണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയെല്ലാം പരിഗണിച്ചാണ് കരട് ബിൽ തയ്യാറാക്കിയത്. തുടർചർച്ചകൾക്ക് ശേഷമാകും അന്തിമ നിയമനിർമാണ നടപടികളിലേക്ക് കടക്കുക.-ഡോ. എൻ.കെ. ജയകുമാർ, നിയമപരിഷ്കാര കമ്മിഷൻ അംഗം


from mathrubhumi.latestnews.rssfeed https://ift.tt/2ITEyc8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages