ഹൈദരാബാദ്: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹൈദരാബാദ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എ.ബി.വി.പിക്ക് വിജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, സ്പോർട്സ് സെക്രട്ടറി, കൾച്ചറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് എബിവിപി സഖ്യത്തിന്റെ സ്ഥാനാർഥികൾ വിജയിച്ചു. ശനിയാഴ്ച വൈകിട്ടാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. 2013 ന് ശേഷം ആദ്യമായി ഒരു വനിത പ്രസിഡന്റാകുന്നു എന്ന സവിശേഷതയുമുണ്ട്. സൈക്കോളജി പിഎച്ച്ഡി ഗവേഷക വിദ്യാർഥിയായ ആരതി നാഗ്പാലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എസ്.എഫ്.ഐയുടെ എറാം നവീൻ കുമാറിനെതിരെ 334 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആരതി നാഗ്പാൽ വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അമിത് കുമാർ, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ധീരജ് സംഗോജി, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പ്രവീണ് ചൗഹാൻ, സ്പോർട്സ് സെക്രട്ടറി സ്ഥാനത്തേക്ക് അരവിന്ദ് എസ്. കുമാർ, കൾച്ചറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിഖിൽ രാജ് കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എബിവിപി, ഒബിസി ഫെഡറേഷൻ, സേവ്ലാൽ വിദ്യാർഥി ദൾ എന്നി സംഘടനകൾ സഖ്യമായാണ് മത്സരിച്ചത്. പ്രധാന വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ ഒറ്റക്കാണ് മത്സരിച്ചത്. അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മറ്റ് വിദ്യാർഥി സംഘടനകൾ സഖ്യമായി മത്സരിച്ചത്. ക്യാമ്പസിലെ അടിസ്ഥാന പ്രശ്നങ്ങൾ മുൻനിർത്തിയാണ് എബിവിപി പ്രചാരണം നടത്തിയത്. എന്നാൽ എബിവിപിക്ക് ഭരണം ലഭിച്ചാൽ കേന്ദ്രസർക്കാരിന്റെ വിദ്യാർഥി വിരുദ്ധ മനോഭാവം ശക്തിപ്പെടുമെന്നാണ് മറ്റ് സംഘടനകൾ പ്രചാരണം നടത്തിയത്. ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ ഭരണം പിടിച്ചതിന് പിന്നാലെ എബിവിപി നിയന്ത്രണം നേടുന്ന രാജ്യത്തെ പ്രധാന യൂണിവേഴ്സിറ്റികളിലൊന്നാണ് ഹൈദരാബാദ് യൂണിവേഴ്സിറ്റി
from mathrubhumi.latestnews.rssfeed https://ift.tt/2E1rRNp
via
IFTTT
No comments:
Post a Comment