തിരുവനന്തപുരം: അറബിക്കടലിൽ ലക്ഷദ്വീപിനടുത്തായി രൂപപ്പെട്ട ന്യൂനമർദം ശനിയാഴ്ച വൈകുന്നേരമോ ഞായറാഴ്ച പുലർച്ചെയോ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. കാറ്റ് ലക്ഷദ്വീപിൽ നിന്നകന്ന് ഒമാൻ തീരത്തേക്ക് നീങ്ങുന്നതിനാൽ കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാൽ, ന്യൂനമർദം കാരണം കേരളതീരത്ത് ശക്തമായ കാറ്റുണ്ടാവാം. ശനിയാഴ്ചമുതൽ ചൊവ്വാഴ്ചവരെ അതിശക്തമായ മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച 24 മണിക്കൂറിൽ 21 സെന്റീമീറ്റർവരെ പെയ്യാം. ഇത് കണക്കിലെടുത്ത് ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും നേരത്തേതന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, വയനാട് ജില്ലകളിൽ ഞായറാഴ്ച വരെയും പാലക്കാട്ട് തിങ്കളാഴ്ചവരെയും ഓറഞ്ച് അലർട്ട് ബാധകമാണ്. ഇടുക്കിയിലും മലപ്പുറത്തും തിങ്കളാഴ്ച ഓറഞ്ച് അലർട്ടുണ്ട്. റെഡ് അലർട്ടുള്ളയിടങ്ങളിൽ അതിതീവ്ര മഴയും ഓറഞ്ച് അലർട്ടുള്ളിടങ്ങളിൽ അതിശക്ത മഴയുമാണ് പ്രതീക്ഷിക്കുന്നത്. * മത്സ്യത്തൊഴിലാളികൾ ശനിയാഴ്ചമുതൽ കടലിൽപ്പോകരുതെന്ന് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. * അതിശക്തമായ മഴകാരണം ശനി, ഞായർ ദിവസങ്ങളിൽ കേരളത്തിൽ ഉരുൾപൊട്ടലിനും താഴ്ന്ന സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റ് വിലയിരുത്തുന്നു. ദുരന്തനിവാരണ സേന എത്തി അതിതീവ്രമഴയുടെയും ചുഴലിക്കാറ്റിന്റെയും മുന്നറിയിപ്പിനെത്തുടർന്ന് ദേശീയ ദുരന്ത നിവാരണസേനയുടെ 45 പേരടങ്ങുന്ന അഞ്ച് സംഘങ്ങൾ സംസ്ഥാനത്തെത്തി. ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ നാല് സംഘങ്ങളെ വിന്യസിക്കും. ഒരു സംഘം തൃശ്ശൂരിൽ ക്യാമ്പുചെയ്യും. കടലിൽപോയ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുനൽകാനും തിരിച്ചുവിളിക്കാനുമായി നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും രണ്ട് ഡോണിയർ വിമാനങ്ങളും മൂന്നു കപ്പലുകളും രംഗത്തുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PdPx2h
via
IFTTT
No comments:
Post a Comment