തിരുവനന്തപുരം: ശബരിമല ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമപരമായ ഏക അവകാശി ബോർഡ് മാത്രമാണ്. മറ്റാർക്കും അതിൽ അവകാശമില്ല. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലർ പറയുന്നത്. കവനന്റിൽ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങൾ ആരും ഉന്നയിക്കേണ്ടെന്നും പിണറായി വ്യക്തമാക്കി. സുപ്രീംകോടതി വിധി അട്ടിമറിക്കാൻ തന്ത്രിയും പരിമകർമ്മികളും നടത്തിയ ശ്രമം അംഗീകരിക്കാനാകില്ല. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലായിരുന്നു ശബരിമല വിഷയത്തിൽ മുൻനിലപാടിൽ ഉറച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം. സുപ്രീം കോടതി ഉത്തരവാണ് ചിലർ ബഹളത്തിലൂടെ തിരുത്താൻ ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം സർക്കാരിനുണ്ട്. വിശ്വാസികളുടെ വിശ്വാസത്തെ സർക്കാർ ബഹുമാനിക്കുകയും ചെയ്യുന്നു. ആരാധന സ്ഥലത്തിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് ആവശ്യം. ശബരിമല സംഘർഷ ഭൂമിയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ശബരിമല നട തുറക്കുന്നതിന് മുൻപ് തന്നെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിയത്. സർക്കാർ ഒരു വിശ്വാസിയെ പോലും തടഞ്ഞിട്ടില്ല. പന്തലുകെട്ടി സമരം ചെയ്യുന്നതിന് സർക്കാർ എതിരല്ല. എന്നാൽ ഇവർ ഭക്തരെ അക്രമിക്കുന്ന സ്ഥിതിയുണ്ടായി. മാധ്യമപ്രവർത്തകർക്ക് നേരെ പോലും അക്രമമുണ്ടായി. തങ്ങൾ പറയുന്ന രീതിയിൽ റിപ്പോർട്ട് ചെയ്യണം എന്ന് മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. ഇത് കേരളത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. അയ്യപ്പ ഭക്തർക്ക് സുരക്ഷ ഒരുക്കുന്നത് പോലീസിന്റെ ഉത്തരവാദിത്വമായി മാറി. ദർശനത്തിന് എത്തിയ സ്ത്രീകൾക്ക് നേരെ അക്രമം നടക്കുമ്പോൾ തന്നെ അവരുടെ വീടുകളും അക്രമിക്കപ്പെട്ടു. ഇത് സംഘപരിവാർ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണ്. ശബരിമലയെ സംഘർഷഭൂമിയാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം. ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കാമെന്ന് ആരും വ്യാമോഹിക്കണ്ട. അക്രമികളെ പുറത്താക്കി വിശ്വാസികൾക്ക് കടന്നുചെല്ലാൻ കഴിയുന്ന രീതിയിലേക്ക് ശബരിമലയെ മാറ്റും. സ്ത്രീകൾക്ക് നേരെ വലിയ കയ്യേറ്റമാണ് ശബരിമലയിലുണ്ടായത്. അവലോകന യോഗത്തിന് എത്തിയ സ്ത്രീകളെ പോലും തടയുന്ന സ്ഥിതിയുണ്ടായി. ഇതിൽ ദേവസ്വം ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടി എടുക്കും. പോലീസിനെ പോലും വർഗീയമായി ആക്രമിക്കുന്ന രീതി ശബരിമലയിലുണ്ടായി. പോലീസിൽ വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാനാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രമിച്ചത്. അയ്യപ്പ വിശ്വാസിയായ ഒരു പോലീസ് ഓഫീസർ ദർശനത്തിന് എത്തിയത് ദുർവ്യാഖ്യാനം ചെയ്യുന്ന സ്ഥിതി പോലുമുണ്ടായി. ജാതിയും മതവും നോക്കി പോലീസുകാരെ നിയോഗിക്കുന്ന കീഴ്വഴക്കം കേരളത്തിൽ ഇല്ല. പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ളവർ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. ശബരിമലയിലെ തന്ത്രി ക്ഷേത്രം അടച്ചിടും എന്ന് പ്രഖ്യാപിച്ചു. പരികർമ്മികൾ സമരം ചെയ്തു. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ക്ഷേത്രത്തിന്റെ പരിപാലനാവകാശം ദേവസ്വം ബോർഡിനാണ്. വിശ്വാസികളുടെ വഴിമുടക്കലല്ല, അവർക്ക് ക്ഷേത്രത്തിലെത്താനുള്ള സൗകര്യമൊരുക്കുക എന്ന ഉത്തരവാദിത്വമാണ് തന്ത്രിക്കുള്ളത്. കഴിഞ്ഞ രണ്ട് വർഷമായി ശബരിമല തീർത്ഥാടകർക്കായി സർക്കാർ ചിലവഴിച്ചത് 302.18 കോടി രൂപയാണ്. ക്ഷേത്ര വരുമാനം സർക്കാർ എടുക്കാറില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2ECPFaX
via
IFTTT
No comments:
Post a Comment