കോഴിക്കോട്: സ്ത്രീപ്രവേശന വിധിയിൽ ഹൈന്ദവ സംഘടനകൾ പ്രതിഷേധം കനപ്പിക്കുന്നതിനിടെ സുപ്രീംകോടതി വിധിയെ പിന്തുണച്ചും സ്വാഗതം ചെയ്തും ബിജെപി മുഖപത്രത്തിൽ ലേഖനം. സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കൽപ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. മാത്രമല്ല സ്ത്രീ തീർത്ഥാടകർ വലിയ സംഖ്യയിൽ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വർദ്ധിപ്പിക്കാനേ ഇടയാക്കൂ. ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തിൽ മാത്രം ഒതുങ്ങുന്നതാണെന്നും ജന്മഭൂമി എഡിറ്റോറിയൽ പേജിൽ ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ ആർ.സഞ്ജയൻ എഴുതിയ ലേഖനത്തിൽ പറയുന്നു. മുൻനിലപാട് മാറ്റി വിധിക്കെതിരെ നിയമമാർഗങ്ങൾ തേടണമെന്ന് ആർഎസ്എസ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ബിജെപി മുഖപത്രത്തിൽ ഇത്തരത്തിലൊരു ലേഖനം വന്നിരിക്കുന്നത്. ശബരിമലയിൽ അനാവശ്യ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്ന തലക്കെട്ടോടെയാണ് ലേഖനമുള്ളത്. സുപ്രീംകോടതി ഉത്തരവിന്റെ മറവിൽ ചിലർ ഹിന്ദു സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പരിശ്രമം നടത്തുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല.ഹിന്ദു സമൂഹത്തെ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുന്ന ഒന്നും ആ വിധി തീർപ്പിലില്ല. ഒരു കീഴ്നടപ്പിനെയാണ് സുപ്രീംകോടതി അസാധുവാക്കിയിരിക്കുന്നത്. കുട്ടികളുടെ ചോറൂണുപോലുള്ള ചടങ്ങുകൾക്കായി പണ്ടുമുതലേ ഭക്താരയ സ്ത്രീകൾ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നു എന്നാണ് അറിയുന്നത്. കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാൻ കഴിയില്ല. സന്ദർശിക്കണോ വേണ്ടയോ എപ്പോൾ സന്ദർശിക്കണമെന്നത് ഭക്താരയ സ്ത്രീകൾക്ക് തന്നെ വിട്ടുകൊടുക്കുക. പുരുഷാധിപത്യത്തിന്റെ കാലം അവസാനിച്ചുവെന്ന് എല്ലാവരും മനസ്സിലാക്കണം. ക്ഷേത്രങ്ങളുടെയും ധർമ്മസ്ഥാപനങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണം ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പക്ഷേ അവ സംരക്ഷിക്കപ്പെടേണ്ടത് കാലാനുസൃതമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടുവേണം. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിർത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തിൽ ജീർണ്ണതയും സംഘർഷവും ചൂഷണവും വർദ്ധിക്കാൻ മാത്രമേ സഹായിക്കൂ. പരിവർത്തനോന്മുഖതയാണ് ആധുനിക ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്ര. അത് സൃഷ്ടിച്ച പ്രബുദ്ധതയെയും സമാജ ഐക്യത്തേയും സ്ഥാപിത താല്പര്യക്കാർക്ക് അവരുടെ ചൂഷണോപാധിയാക്കാൻ അനുവദിക്കരുത്. വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദർഭങ്ങളിൽ ചിന്താശൂന്യമായ നിലപാടുകൾ ഗുണം ചെയ്യില്ലെന്നം ലേഖനത്തിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2yekKLx
via
IFTTT
No comments:
Post a Comment