തിരുവനന്തപുരം: ശബരിമല യുവതീപ്രവേശം ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട പ്രശ്നമെന്നതിൽനിന്ന് രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള ആയുധമായിമാറുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പാണ് മുന്നണികളുടെ നിലപാടുകൾക്കാധാരം. വിധി വന്നയുടൻ അത് നടപ്പാക്കുമെന്ന് പ്രഖ്യാപിക്കാൻ സംസ്ഥാനസർക്കാരിന് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. കോടതിയിലെ നിലപാടും ഇതുതന്നെയായിരുന്നതിനാൽ സർക്കാർ ആഗ്രഹിച്ച വിധിയാണിതെന്നുകാണാം. സംഘപരിവാറിനെതിരേ എത്ര തീവ്രമായ നിലപാടെടുക്കുന്നുവോ ന്യൂനപക്ഷപിന്തുണ അത്രകണ്ട് നേടിത്തരുമെന്ന രാഷ്ട്രീയ സൂത്രവാക്യം ഇടതുപക്ഷം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. എല്ലാ സ്ത്രീകൾക്കും പ്രവേശനമെന്ന നിലപാടിൽ പുരോഗമന കാഴ്ചപ്പാടുമുള്ളതിനാൽ ഇക്കാര്യത്തിൽ രണ്ടിലൊന്ന് ആലോചിക്കേണ്ട കാര്യവുമില്ല. ആദ്യമാദ്യം സർക്കാർ സ്വീകരിച്ച സമവായത്തിന്റെ സ്വരം ഉപേക്ഷിച്ച് കടന്നാക്രമണത്തിലേക്ക് മുഖ്യമന്ത്രി നീങ്ങിയതും കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ്. ആദ്യം സമരത്തിനിറങ്ങാതെ വിശ്വാസികളുടെ പ്രതിഷേധത്തിന് പിന്തുണനൽകിയ കോൺഗ്രസ് അവരുടെ പ്രതിഷേധതീവ്രതകണ്ട് അമ്പരന്നു. ഇതിനുമുന്നിൽ ബി.ജെ.പി.യുടെ കൊടി ഉറയ്ക്കാതെനോക്കേണ്ടതും കോൺഗ്രസിന്റെ ബാധ്യതയായി. പദയാത്രകളും വിശദീകരണയോഗങ്ങളും വഴി കഴിയുന്നത്ര വിശ്വാസികളുടെ വികാരത്തോടൊപ്പമാണെന്ന പ്രഖ്യാപനമാണ് കോൺഗ്രസ് നടത്തുന്നത്. ഗുരുവായൂർ, വൈക്കം ക്ഷേത്രപ്രവേശന സമരത്തിനും മറ്റും നേതൃത്വം നൽകിയ കോൺഗ്രസിന് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്ന് ഉമ്മൻചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലമാണ് പിടിവള്ളിയായത്. വിശ്വാസികളുടെ വികാരത്തോടൊപ്പം നിന്നില്ലെങ്കിൽ സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ബി.ജെ.പി.യിലേക്ക് ഒലിച്ചുപോകുമെന്ന തിരിച്ചറിവാണ് കോൺഗ്രസ് നേതൃയോഗങ്ങളിൽ പ്രകടമായത്. സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനം മറുവശത്ത് മുതൽക്കൂട്ടാക്കാനാണ് ബി.ജെ.പി. ശ്രമം. വിശ്വാസികൾ കാര്യമായ നേതൃത്വമില്ലാതെ തെരുവിലിറങ്ങിയപ്പോൾ ബി.ജെ.പി.ക്ക് കാര്യങ്ങൾ എളുപ്പമായി. ഹൈന്ദവവിഭാഗങ്ങളുടെ ഇടയിൽ സ്വാധീനം കൂട്ടാൻ ഇത് സഹായിക്കുമെന്നും മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെങ്കിലും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നുമാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടൽ. ഒരു സ്ത്രീയെയെങ്കിലും എത്തിച്ചാൽ മാസപൂജയ്ക്ക് നടതുറന്നപ്പോൾ ഒരു സ്ത്രീയെയെങ്കിലും എത്തിക്കാനായിരുന്നു സർക്കാർ ശ്രമം. അതിനായി പോലീസ് വേഷംവരെ ആക്ടിവിസ്റ്റുകളെ കെട്ടിച്ചു. മണ്ഡലകാലത്തിന് ഇനി അധികം ദിവസങ്ങളില്ല. 41 ദിവസം ഇപ്പോഴത്തെനിലയിൽ മുന്നോട്ടുപോകാനാകില്ല. അതിനുമുമ്പ് സുപ്രീംകോടതി കേസ് പരിഗണിക്കുമെന്നതു മാത്രമാണ് ഇപ്പോഴത്തെ ആശ്വാസം. തത്സ്ഥിതി തുടരാനെങ്കിലുമുള്ള നിർദേശമുണ്ടായില്ലെങ്കിൽ ശബരിമലയിലെ സ്ഥിതി പ്രവചനാതീതമാകും. ഒരു സ്ത്രീയെയെങ്കിലും എത്തിച്ച് വിധി നടപ്പാക്കാൻ സർക്കാരും അത് വിശ്വാസലംഘനമായി കാണുന്നവരും തമ്മിലുള്ള ഏറ്റുമുട്ടൽ ഏതറ്റംവരെയും പോകാം. 1936-ൽ ക്ഷേത്രപ്രവേശന വിളംബരം നടപ്പായ കേരളമല്ല 2018-ലുള്ളതെന്നും പ്രസക്തമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2AqsD2V
via
IFTTT
No comments:
Post a Comment