ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരിപാടിയിൽ മുഖ്യാഥിതിയായി എത്താനുള്ള ഇന്ത്യയുടെ ക്ഷണം യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ച സാഹചര്യത്തിൽ പകരക്കാരനെ കണ്ടെത്താൻ കേന്ദ്രസർക്കാർ ശ്രമം തുടങ്ങി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഭരണത്തലവന്മാരിൽ ആരെയെങ്കിലും എത്തിച്ച് മുഖം രക്ഷിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. മുഖ്യാതിഥിയെ പ്രഖ്യാപിക്കാൻ വളരെ കുറച്ച് സമയം മാത്രമേയുള്ളുവെന്നും ഇക്കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന സമയത്ത് ഡൊണാൾഡ് ട്രംപിന് രാജ്യത്തെ നിരവധി പ്രധാനപ്പെട്ട പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടെന്നാണ് യു.എസ് കേന്ദ്രസർക്കാരിനെ അറിയിച്ചത്. ആ സമയത്താണ് യു.എസ് പ്രസിഡന്റിന്റെ രാജ്യത്തോടുള്ള വാർഷിക പ്രസംഗം നടക്കുക. ഇതുൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യയുടെ ക്ഷണം യുഎസ് നിരസിച്ചത്. അതേസമയം ട്രംപ് ക്ഷണം നിരസിച്ചാൽ വിളിക്കാൻ പാകത്തിന് മുന്ന് രാജ്യങ്ങളുടെ സാധ്യതാ പട്ടിക കേന്ദ്രം തയ്യാറാക്കിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. യു.എസ്സിന്റെ എതിർപ്പ് അവഗണിച്ച് റഷ്യയിൽ നിന്ന് എസ് 400 മിസൈൽ വേധ സംവിധാനം വാങ്ങാൻ കരാർ ഒപ്പിട്ടതും ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തണമെന്ന ആവശ്യത്തോട് മുഖം തിരിച്ചതും ഇന്ത്യാ- യു.എസ് ബന്ധത്തെ കലുഷിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം ട്രംപ് നിരസിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2yG3S1s
via
IFTTT
No comments:
Post a Comment