ന്യൂഡൽഹി: സി.ബി.ഐ. ഡയറക്ടർ അലോക് വർമയെയും സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയെയും ചുമതലകളിൽനിന്ന് നീക്കിയത് കേന്ദ്രവിജിലൻസ് കമ്മിഷന്റെ (സി.വി.സി.) ശുപാർശപ്രകാരമെന്ന് കേന്ദ്രസർക്കാർ. മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കവേ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ഉദ്യോഗസ്ഥരും പരസ്പരം ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ച സി.വി.സി. ചൊവ്വാഴ്ച വൈകീട്ട് ശുപാർശകൾ സർക്കാരിനുനൽകി. ആരോപണവിധേയനും ആരോപണവിധേയനാകാൻ സാധ്യതയുള്ളയാൾക്കും അവർക്കെതിരേ തന്നെ നടക്കുന്ന അന്വേഷണങ്ങളുടെ മേൽനോട്ട ചുമതലയിൽ തുടരാനാവില്ലെന്ന് സി.വി.സി. വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന് യാതൊരു പങ്കുമില്ല -മന്ത്രി ജെയ്റ്റ്‌ലി പറഞ്ഞു.വർമയ്ക്കെതിരേ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് അസ്താന ഓഗസ്റ്റിൽ കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ സി.വി.സി. അന്വേഷണം നടത്തിവരുകയാണ്. ഇതുമായി ബന്ധപ്പെട്ട് സി.വി.സി. കെ.വി. ചൗധരി സർക്കാരിന് നൽകിയ ശുപാർശയിൽ രണ്ട് ഉദ്യോഗസ്ഥരോടും അവധിയിൽ പ്രവേശിക്കാൻ നിർദേശിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സി.വി.സി.യുടെ ഈ ശുപാർശയും സർക്കാർ പുറത്തുവിട്ടു. 2018 ഓഗസ്ത് 24-ന് സി.ബി.ഐ.യിലെ ഉയർന്ന ഉദ്യോഗസ്ഥരെക്കുറിച്ച് ഒട്ടേറെ ആരോപണങ്ങൾ അടങ്ങിയ പരാതി സി.വി.സി.ക്ക് ലഭിച്ചു. സി.വി.സി. നിയമത്തിലെ 11-ാം വകുപ്പുപ്രകാരം ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ഡയറക്ടർക്ക് സി.വി.സി. മൂന്നുനോട്ടീസുകൾ അയച്ചു. ഇത് ഹാജരാക്കാൻ പല അവസരങ്ങൾ നൽകിയെങ്കിലും പാലിക്കാൻ അദ്ദേഹം തയ്യാറായില്ല. ഗുരുതരമായ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ കമ്മിഷനുമായി ഡയറക്ടർ സഹകരിക്കുന്നില്ല. മാത്രമല്ല, ഭരണഘടനാസ്ഥാപനമായ കമ്മിഷന്റെ പ്രവർത്തനത്തിൽ തടസ്സം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ ഡയറക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടായി -സി.വി.സി. ശുപാർശയിലെ വിശദാംശങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി വിശദീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2O3ZaPD
via
IFTTT
No comments:
Post a Comment