: സാലറി ചലഞ്ചിൽ ഒരുമാസത്തെ ശമ്പളം നൽകിയ ജീവനക്കാരുടെ സർവീസ് ബുക്കിൽ ഇക്കാര്യം രേഖപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം. അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സർക്കാരിന് നിവേദനംനൽകി. ഇത് അനുകൂല ശുപാർശയോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ പക്കലെത്തി. സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ നീക്കം പണം നൽകാത്തവരെ തിരിച്ചറിയാനാണെന്ന പരാതി ഉയർന്നിട്ടുണ്ട്. സ്ഥാനക്കയറ്റം, ഇൻക്രിമെന്റ് തുടങ്ങിയ സർവീസ് സംബന്ധമായ കാര്യങ്ങളാണ് സർവീസ് ബുക്കിൽ ഉൾക്കൊള്ളിക്കുന്നത്. ഗുഡ്സർവീസ് എൻട്രി പോലെ മികച്ച സേവനത്തെ പ്രകീർത്തിക്കുന്ന നടപടികളും അച്ചടക്കനടപടിയുടെ ഭാഗമായുള്ള ശിക്ഷാവിവരങ്ങളും ഇതിൽ ഉൾപ്പെടുത്തും. പണംനൽകുന്നവരും അല്ലാത്തവരും തമ്മിലുള്ള വിവേചനത്തിനും അത് കാരണമാകുമെന്നും ജീവനക്കാർ ആശങ്കപ്പെടുന്നു. സി.പി.എം. സംഘടനതന്നെ ഇതിൽ രംഗത്തുവന്നത് സർക്കാരിന്റെ ഒത്താശയോടെയാണെന്ന ചിന്തയും ജീവനക്കാരിലുണ്ട്. പ്രളയക്കെടുതിയെ തുടർന്ന് സംസ്ഥാനത്തിന്റെ പുനർനിർമാണത്തിനായി ഒരുമാസത്തെ ശമ്പളം ജീവനക്കാർ നൽകണമെന്ന സർക്കാർ ആവശ്യം 60 ശതമാനം പേരേ സ്വീകരിച്ചുള്ളൂ. എയ്ഡഡ് കോളേജ്, സ്കൂൾ മേഖലയിലേക്ക് വരുമ്പോൾ 80 ശതമാനത്തോളം അധ്യാപകരും സാലറി ചലഞ്ചിനോട് ‘നോ’ പറഞ്ഞു. സി.പി.എം. അനുകൂല സംഘടനയ്ക്കാണ് എയ്ഡഡ് കോളേജ് അധ്യാപകരിൽ ഏറെ സ്വാധീനമെങ്കിലും അവർ സാലറി ചലഞ്ചിനോട് മുഖംതിരിച്ചത് സി.പി.എം ഗൗരവമായെടുത്തിട്ടുണ്ട്. എയ്ഡഡ് മേഖലയിലെ ജീവനക്കാർ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണെന്നതാണ് പണം നൽകാതിരിക്കാൻ അവർക്ക് ധൈര്യം നൽകിയത്. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട കേസ് കോടതിയിലായതിനാൽ അതിൽ തീർപ്പുണ്ടാകാതെ സർവീസ് ബുക്കിൽ ഇക്കാര്യം ചേർക്കുന്നതിൽ സർക്കാർ തീരുമാനമെടുക്കില്ലെന്നാണ് അറിയുന്നത്. ശമ്പളം സംഭാവനചെയ്യാൻ സർക്കാരിന് നിർബന്ധിക്കാനാകില്ലെന്നും പണം നൽകാത്തവരുടെ പേരുകൾ പ്രസിദ്ധീകരിക്കരുതെന്നുമുള്ള പരാമർശങ്ങൾ കോടതിയിൽനിന്ന് വന്നിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2Eg5p3A
via
IFTTT
No comments:
Post a Comment